കന്യാസ്ത്രീകൾക്കെതിരായ അതിക്രമം: ഹിയറിങ്ങിന് തൊട്ടുമുമ്പ് ബജ്റംഗ്ദള്‍ നേതാവ് ജ്യോതി ശർമ മുങ്ങി
text_fieldsന്യൂഡൽഹി: ദുർഗ് റെയിൽവേ സ്റ്റേഷനിൽ കന്യാസ്ത്രീകളെയും ആദിവാസി യുവതികളെയും തീവ്ര ഹിന്ദുത്വ സംഘടനകൾ തടഞ്ഞുവെച്ച് കള്ളക്കേസ് ചുമത്തി ജയിലിലടച്ച സംഭവത്തിൽ നടപടികൾ നീട്ടിക്കൊണ്ടുപോകാൻ ശ്രമം. ആദിവാസി യുവതികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ വനിത കമീഷൻ കഴിഞ്ഞ ദിവസം നാരായൺപൂരിലെ ദുർഗിൽ നടത്തിയ ഹിയറിങ്ങിൽനിന്ന് അക്രമത്തിന് നേതൃത്വം നൽകിയ ബജ്റംഗ്ദള്‍ നേതാവ് ജ്യോതി ശര്‍മ മുങ്ങി.
ഹിന്ദുത്വ സംഘടനാ നേതാക്കളായ ജ്യോതി ശർമ്മ, രത്തൻ യാദവ്, രവി നിഗം ഉൾപ്പെടെയുള്ളവരോടാണ് കമീഷൻ ഹാജരാകാൻ നിർദേശം നൽകിയത്. രാവിലെ 11 മണിയോടെയാണ് ജ്യോതി ശർമ്മ കമ്മീഷനിൽ എത്തിയത്. എന്നാൽ വാദം തുടങ്ങുന്നതിന് മുൻപ് തന്നെ അവർ പോയി. ഔപചാരിക വാദം ആരംഭിക്കുമ്പോൾ ജ്യോതി ശർമ ഹാജരായിരുന്നില്ല.
സി.പി.ഐ നേതാക്കൾക്കും കുടുംബാംഗങ്ങൾക്കും ഒപ്പം ആദിവാസി യുവതികൾ തങ്ങളുടെ പരാതിയില്‍ തെളിവ് നല്‍കാന്‍ കമീഷന് മുന്നിലെത്തിയപ്പോൾ ബജ്റംഗ്ദൾ നേതാവായ ജ്യോതി ശർമയും അവിടെയുണ്ടായിരുന്നുവെങ്കിലും നടപടിക്ക് നിൽക്കാതെ മുങ്ങുകയായിരുന്നു. ജ്യോതി ശർമയുടെ ഈ നിലപാടിനോട് വിയോജിപ്പ് രേഖപ്പെടുത്തില കമീഷൻ അടുത്ത സിറ്റിംഗിൽ അവർ ഉൾപ്പെടെ എല്ലാ കക്ഷികളും നിർബന്ധമായും ഹാജരാകണമെന്ന് ഉത്തരവിട്ടു. ഇത്തരത്തിലുള്ള ഗുരുതരമായ വിഷയത്തിൽ ആർക്കും ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും എല്ലാ വസ്തുതകളും ഹാജരാക്കണമെന്നും കമീഷൻ വ്യക്തമാക്കി.
സെപ്റ്റംബർ രണ്ടിന് ജ്യോതി ശർമയുൾപ്പെടെ എല്ലാവരും ഹാജരാകാനാണ് കമ്മിഷൻ ഉത്തരവിട്ടിരിക്കുന്നത്. അന്ന് ഉചിതമായ തീരുമാനം ഉണ്ടാകുന്നില്ലെങ്കിൽ അനിശ്ചിതകാല നിരാഹാര സമരം ഉൾപ്പെടെ ശക്തമായ പ്രക്ഷോഭങ്ങളിലേക്ക് നീങ്ങുമെന്ന് സി.പി.ഐ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.