ഹിന്ദുത്വ സംഘടനകൾ കടന്നുകയറി കൊടിനാട്ടിയ ഫത്ഹ്പുർ കുടീരത്തിൽ സുരക്ഷ കർശനമാക്കി
text_fieldsകാൺപുർ: ഉത്തർപ്രദേശിലെ ഫത്ഹ്പുരിൽ ഹിന്ദുത്വ സംഘടനകൾ കടന്നുകയറി കൊടിനാട്ടുകയും പൂജ നടത്തുകയും ചെയ്ത നവാബ് അബ്ദുസ്സമദ് കുടീരത്തിലും പരിസരത്തും കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തി. ക്ഷേത്രം നിലനിന്ന സ്ഥലത്താണ് കുടീരം നിർമിച്ചതെന്നും ഇവിടെ ആരാധനക്ക് അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് തിങ്കളാഴ്ചയാണ് 2000ത്തോളം പേരടങ്ങുന്ന ഹിന്ദുത്വ പ്രവർത്തകർ കുടീരത്തിലേക്ക് ഇരച്ചുകയറി അതിക്രമം നടത്തിയത്.
രേഖകളിൽ മഖ്ബറ മംഗി എന്ന പേരിലുള്ള കുടീരത്തിലേക്ക് മഠ് മന്ദിർ സംരക്ഷൺ സംഘർഷ് സമിതി, ബജ്റങ്ദൾ, ഹിന്ദു മഹാസഭ എന്നിവയാണ് മാർച്ച് സംഘടിപ്പിച്ചത്.
ബി.ജെ.പി ജില്ല പ്രസിഡന്റ് മുഖ്ലാൽ പാൽ ആണ് ക്ഷേത്ര അവകാശവാദം ശക്തമാക്കി ജനങ്ങളെ സംഘടിപ്പിക്കാൻ മുന്നിൽനിന്നത്. കുടീരത്തിൽ താമരചിഹ്നങ്ങളും തൃശൂലങ്ങളും കൊത്തിവെച്ചിട്ടുണ്ടെന്നും ക്ഷേത്രം മസ്ജിദാക്കി മാറ്റിയതിന് ഇത് തെളിവാണെന്നുമായിരുന്നു മുഖ്ലാലിന്റെ വാദം. ജന്മാഷ്ടമി നാളായ ആഗസ്റ്റ് 16ന് ഇവിടെ ഒഴിപ്പിക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് വീരേന്ദ്ര പാണ്ഡെ പറഞ്ഞു.
ജയ് ശ്രീറാം വിളികളുമായി എത്തിയ സംഘം കമാനങ്ങൾക്ക് മുകളിൽ കയറി കാവിക്കൊടി നാട്ടി. 300ഓളം പേരടങ്ങുന്ന സംഘം അകത്തുകയറി പൂജ നടത്തിയതായും റിപ്പോർട്ടുണ്ട്. സംഭവമറിഞ്ഞ് പ്രദേശത്തെ 1500ഓളം ന്യൂനപക്ഷ സമുദായാംഗങ്ങളും തടിച്ചുകൂടിയത് സംഘർഷസാധ്യത വർധിപ്പിച്ചു.
ധർമേന്ദ്ര സിങ് (ബജ്റങ്ദൾ), അഭിഷേക് ശുക്ല (ബി.ജെ.പി), അജയ് സിങ് (ജില്ല പഞ്ചായത്ത് അംഗം), ദേവ്നാഥ് ധകഡ് (ബി.ജെ.പി), വിനയ് തിവാരി (മുനിസിപ്പൽ കൗൺസിലർ), പുഷ്പ രാജ്, ഋതിക് പാൽ (ബി.ജെ.പി), ആശിഷ് ത്രിവേദി, പപ്പു ചൗഹാൻ (സമാജ് വാദി പാർട്ടി) എന്നിവരടക്കം 160 പേർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. കേസെടുത്തതിന് പിന്നാലെ പപ്പു ചൗഹാനെ സമാജ്വാദി പാർട്ടി പുറത്താക്കി. പ്രതികൾക്കെതിരെ കർശന നടപടി വേണമെന്ന് ബി.എസ്.പി നേതാവ് മായാവതി ആവശ്യപ്പെട്ടു.
തിങ്കളാഴ്ച പൂജ നടത്തുമെന്ന് അറിയിച്ചിരുന്നതിനാൽ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ഇരുവിഭാഗത്തെയും അനുനയിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ പിരിച്ചുവിടാൻ പൊലീസ് ശക്തി പ്രയോഗിച്ചു. സമീപത്തെ 10 പൊലീസ് സ്റ്റേഷൻ പരിധികളിലെ പൊലീസുകാർ സ്ഥലത്തെത്തി. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കുടീരത്തിന് ചുറ്റും ബാരിക്കേഡുകൾ ഉയർത്തിയിട്ടുണ്ട്. ഡ്രോൺ നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.