അമർത്യ സെന്നിന് പ്രവേശനം നിഷേധിച്ച് വിശ്വ ഭാരതി സർവകലാശാല
text_fieldsന്യൂഡൽഹി: നോബേൽ ജേതാവായ ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞൻ അമർത്യ സെന്നിന് പ്രവേശനം നിഷേധിച്ച് ബംഗാളിലെ വിഖ്യാതമായ വിശ്വ ഭാരതി സർവകലാശാല. ബംഗാളി മാഗസിൻ ആയ ‘അനുസ്തൂപ്’ ആഗസ്റ്റ് 14ന് ലൈബ്രറി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിക്കും അനുമതി നിഷേധിച്ചു. പരിപാടിയിൽ വിഖ്യാത സാമ്പത്തിക ശാസ്ത്രജ്ഞൻ ജീൻ ഡ്രെസാണ് പ്രഭാഷണം നടത്തേണ്ടിയിരുന്നതെന്ന് ‘ദി ഹിന്ദു’ റിപ്പോർട്ട് ചെയ്തു. സർവകലാശാല തടഞ്ഞതിനെ തുടർന്ന് നിശ്ചയിച്ച തീയതിയിൽ തന്നെ മറ്റൊരു സ്വകാര്യ ഓഡിറ്റോറിയത്തിൽ പ്രഭാഷണം നടന്നതായി റിപ്പോർട്ടിൽ പറയുന്നു.
സർവകലാശാലയുടെ സാമ്പത്തിക-ശാസ്ത്ര-രാഷ്ട്രീയ വകുപ്പുമായും എ.കെ. ദാസ് ഗുപ്ത സെന്റർ ഫോർ പ്ലാനിങ് ആൻഡ് ഡെവലപ്‌മെന്റുമായും സഹകരിച്ച് സെന്നിനെക്കുറിച്ച് മാഗസിൻ അടുത്തിടെ ഒരു പ്രത്യേക പതിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. ‘അമർത്യ സെൻ ശാന്തി നികേതൻ ലൈബ്രറിയുടെയും ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ പണ്ഡിതൻമാരുടെയും കുട്ടിയാണ്. അദ്ദേഹത്തിന്റെ കൃതികളെ ആഘോഷിക്കുന്ന ഒരു പരിപാടി ലൈബ്രറിയിൽ നിന്ന് ബോൾപൂരിലെ ഒരു പ്രാദേശിക ഹാളിലേക്ക് മാറ്റേണ്ടിവന്നത് അമ്പരപ്പിക്കുന്നതാണ്. ആവിഷ്കാര സ്വാതന്ത്ര്യത്തിന് ഇവിടെ ഇത്രയധികം പ്രാധാന്യമുണ്ട്!’ -സംഭവത്തിൽ ജീൻ ഡ്രെസ് പ്രതികരിച്ചു.
സർവകലാശാലയിൽ നടക്കുന്ന മറ്റൊരു പൈതൃക പരിപാടിയുമായി ഓവർലാപ്പ് ചെയ്തതിനാലാണ് പ്രഭാഷണം റദ്ദാക്കിയതെന്നാണ് വിശ്വഭാരതി പി.ആർ.ഒ അതിഗ് ഘോഷിന്റെ വാദം. എന്നാൽ, അത്തരമൊരു ഓവർലാപ്പ് ഇല്ലെന്ന് വിശ്വഭാരതി പ്രഫസർമാർ പറഞ്ഞു. കേന്ദ്രത്തിലെ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സർക്കാർ അമർത്യ സെന്നിനെയും ജീൻ ഡ്രീസിനെയും അവരുടെ കണ്ണിലെ കരടായി കരുതുന്നതാണ് ഓഡിറ്റോറിയം അനുവദിക്കാതിരുന്നതിന്റെ യഥാർഥ കാരണമെന്ന് പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു പ്രഫസർ പറഞ്ഞു.
സ്വകാര്യ വേദിയിലെ ഡ്രീസിന്റെ പ്രഭാഷണത്തിന് തൊട്ടുപിന്നാലെ സംഘാടകരിൽ ഉൾപ്പെട്ടിരുന്ന എ.കെ. ദാസ്ഗുപ്ത സെന്ററിന്റെ ചെയർപേഴ്‌സൺ പ്രഫസർ അപുർബ കുമാർ ചതോപാധ്യായയെ നീക്കം ചെയ്തുകൊണ്ട് സർവകലാശാല വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു.
2023ൽ, സർവകലാശാലയുടെ ഭൂമിയുടെ ഒരു ഭാഗം സെൻ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്നതായി ആരോപിച്ച് അത് തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് യൂനിവേഴ്സിറ്റി അദ്ദേഹത്തിന് നിരവധി നോട്ടീസുകൾ അയച്ചിരുന്നു. യൂനിവേഴ്സിറ്റി 2020ലെ അതിന്റെ ഭൂമിയിലുള്ള അനധികൃത പ്ലോട്ട് ഉടമകളുടെ പട്ടികയിലും അദ്ദേഹത്തിന്റെ പേര് ഉൾപ്പെടുത്തിയിരുന്നു. ഒരു തെറ്റും ചെയ്തിട്ടില്ലെന്നും 1940കളിൽ ഭൂമി തന്റെ കുടുംബത്തിന് 100 വർഷത്തേക്ക് പാട്ടത്തിന് നൽകിയതാണെന്നും അതിൽ ഏതാനും ഭാഗം എല്ലാ നിയമങ്ങളും ചട്ടങ്ങളും പാലിച്ചുകൊണ്ട് തന്റെ പിതാവ് വിപണിയിൽ നിന്ന് വാങ്ങിയതാണെന്നും സെൻ വ്യക്തമാക്കുകയും ചെയ്തിരുന്നു.
‘1940കളിൽ വിശ്വഭാരതിയിൽ നിന്ന് പാട്ടത്തിനെടുത്ത ഭൂമിയിൽ നിർമിച്ച എന്റെ വസതിയാണിത്’- മറിച്ചുള്ള ആരോപണം സെൻ നിഷേധിക്കുകയുണ്ടായി. അധികാരികളുടെ സമീപനത്തിൽ തനിക്ക് ഒരു ജാഗ്രതയും കാണാൻ കഴിയുന്നില്ലെന്നും വിശ്വഭാരതി യൂനിവേഴ്സിറ്റിയുടെ ഈ മനോഭാവത്തിന് പിന്നിലെ രാഷ്ട്രീയം മനസ്സിലാകുന്നില്ലെന്നും സെൻ പറയുകയുണ്ടായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.