ചരിത്രമായി മാറിയ യാത്രക്ക് നാളെ പരിസമാപ്തി
text_fieldsബിഹാറിലെ സാരണിൽ വോട്ടർ അധികാർ യാത്രയിൽ രാഹുൽ ഗാന്ധിക്ക് പിന്നിൽ അണിനിരന്ന് അഖിലേഷ് യാദവും
തേജസ്വി യാദവും
ആര(ബിഹാർ): വോട്ടുകൊള്ളക്കും വോട്ടുബന്ദിക്കുമെതിരായ ബിഹാറിലെ ‘വോട്ടർ അധികാർ യാത്ര’ക്ക് തിങ്കളാഴ്ച പട്നയിൽ പരിസമാപ്തി കുറിക്കാനിരിക്കേ ബിഹാറിനെ ഇളക്കി മറിച്ച ആവേശത്തിൽ പങ്കുപകർന്ന് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും ബിഹാറിലെത്തി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവും ചേർന്ന് നയിക്കുന്ന യാത്ര സമാപിക്കുന്നതിന്റെ രണ്ടുനാൾ മുമ്പ് ബിഹാറിലെ സാരണിലാണ് അഖിലേഷ് യാത്രയിൽ പങ്കുചേർന്നത്.
ബിഹാറിലെ 25 ജില്ലകളിലായി കിടക്കുന്ന 110 നിയമസഭാ മണ്ഡലങ്ങളിലൂടെ 1300 കിലോമീറ്റർ താണ്ടി ബിഹാറിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഒരു നാഴിക്കല്ലായി മാറിയ വോട്ടർ അധികാർ യാത്രക്ക് നാളെ പട്നയിൽ പരിസമാപ്തി കുറിക്കാനിരിക്കേയാണ് അഖിലേഷിന്റെ വരവ്. പട്ന ഗാന്ധി മൈതാനിയിൽ നിന്നും ഭീം റാവു അബേദ്കർ പ്രതിമയിലേക്കുള്ള യാത്രയോടെയാണ് ബിഹാറിലെ യാത്ര ഞായറാഴ്ച സമാപിക്കുക.
അഖിലേഷ് കരുത്തനായ സഹയോഗിയെന്ന്
ബി.ജെ.പിയുടെ നിർദേശ പ്രകാരം ജനാധിപത്യത്തിന്റെ വിനാശത്തിനായി നടത്തുന്ന വോട്ടുകൊള്ളക്കെതിരായ പോരാട്ടത്തിന് കിട്ടിയ കരുത്തനായ സഹയോഗിയാണ് അഖിലേഷ് എന്ന് അഖിലേഷിനെ സ്വാഗതം ചെയ്ത സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.
തമിഴ്നാട്, കർണാടക, തെലങ്കാന, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിപക്ഷ നേതാക്കൾ യാത്രയുടെ ഭാഗമാകാൻ എത്തിയിരുന്നുവെന്ന് വേണുഗോപാൽ പറഞ്ഞു. മുമ്പൊരിക്കലും കാണാത്ത ആവേശത്തിലാണ് ബിഹാർ, ‘വോട്ടർ അധികാർ യാത്ര’യെ സ്വീകരിച്ചതെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.