ഗുജറാത്തിലും വോട്ടുകൊള്ള; കേന്ദ്രമന്ത്രിയുടെ മണ്ഡലത്തിൽ 30,000 വ്യാജ വോട്ടുകൾ
text_fieldsഗുജറാത്ത് കോൺഗ്രസ്
ന്യൂഡൽഹി: ഗുജറാത്തിലും വ്യാപക വോട്ടുകൊള്ള നടന്നെന്ന ആരോപണവുമായി കോൺഗ്രസ്. ബി.ജെ.പി സംസ്ഥാന അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ സി.ആർ. പാട്ടീലിന്റെ മണ്ഡലമായ നവ്സാരിയിൽ നടത്തിയ പരിശോധനയിൽ ഗുരുതരമായ പൊരുത്തക്കേടുകൾ കണ്ടെത്തിയതായി കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അമിത് ചാവ്ഡ ആരോപിച്ചു. വോട്ടർ പട്ടികയിൽ പുതുതായി രജിസ്റ്റർ ചെയ്ത 6,09,592 വോട്ടർമാരിൽ 40 ശതമാനം പേരുകൾ പരിശോധിച്ചപ്പോൾ ഏകദേശം 30,000 വോട്ടർമാരുടെ പേരുകൾ വ്യാജവും സംശയാസ്പദവുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പേരിൽ ഒന്നോ രണ്ടോ അക്ഷര മാറ്റങ്ങളോടെ വോട്ടർപട്ടികയിൽ ഒരു വോട്ടർ തന്നെ ഒന്നിലധികം തവണ ഉൾപ്പെട്ടിട്ടുണ്ട്.
വിവരങ്ങൾ തിരിച്ചറിയാതിരിക്കാൻ ഒരാളുടെ പേര് തന്നെ വ്യത്യസ്ത ഭാഷകളിൽ നൽകിയെന്നും ഗുജറാത്ത് കോൺഗ്രസ് ചൂണ്ടിക്കാട്ടി.
കർണാടകയിലെ ഒരു നിയമസഭ മണ്ഡലത്തിൽ മാത്രം ലക്ഷത്തിന് മുകളിൽ വോട്ടുകൊള്ള തുറന്നുകാട്ടി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ വാർത്തസമ്മേളനത്തിന് പിന്നാലെയാണ് കോൺഗ്രസ് കൂടുതൽ സംസ്ഥാനങ്ങളിൽ പരിശോധന ആരംഭിച്ചത്. സംസ്ഥാനത്തെ വോട്ടുകൊള്ള പഠിക്കുകയാണെന്നും ഉടൻ പുറത്തുവിടുമെന്നും ഒഡിഷ സംസ്ഥാന അധ്യക്ഷൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഗുജറാത്ത് സംസ്ഥാന അധ്യക്ഷൻ വോട്ടുകൊള്ള ചൂണ്ടിക്കാട്ടി വാർത്തസമ്മേളനം നടത്തിയത്.
വളരെ വ്യവസ്ഥാപിതമായ വോട്ടുമോഷണമാണ് നടന്നിട്ടുള്ളതെന്ന് അമിത് ചാവ്ഡ പറഞ്ഞു. ഒരു മണ്ഡലത്തിൽ ഇത്രയും വലിയ വഞ്ചന കാണിച്ചാൽ, സംസ്ഥാനത്തുടനീളം ജനാധിപത്യം എങ്ങനെ തകർക്കപ്പെടുന്നെന്ന് സങ്കൽപിക്കാവുന്നതാണ്. മുൻ തെരഞ്ഞെടുപ്പുകളിൽ സി.ആർ. പാട്ടീലിന്റെ റെക്കോഡ് വിജയങ്ങളെക്കുറിച്ച് ഇപ്പോൾ ചോദ്യം ഉയരുന്നുണ്ട്. ജനാധിപത്യത്തെ അവസാനിപ്പിക്കാനുള്ള ബി.ജെ.പിയുടെ ഗൂഢാലോചനയാണ് വോട്ടുമോഷണമെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങൾക്ക് ബി.ജെ.പി മറുപടി നൽകിയിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.