ബിഹാറിലെ വോട്ടർപട്ടിക പരിശോധന; ലക്ഷ്യം എൻ.ആർ.സി ?
text_fieldsബിഹാറിൽ വോട്ടർപട്ടികയിൽ തീവ്ര പുനഃപരിശോധന നടത്താനുള്ള ഫോറം വോട്ടർക്ക് കൈമാറുന്ന ബൂത്ത് ലെവൽ ഓഫിസർ
ന്യൂഡൽഹി: ഈ വർഷം നടക്കുന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിനു മുമ്പായി വോട്ടർപട്ടികയിൽ തീവ്ര പുനഃപരിശോധ നടത്താനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനം, കേന്ദ്ര സർക്കാറിന്റെ വിവാദ ദേശീയ പൗരത്വ രജിസ്റ്റർ (എൻ.ആർ.സി) പിൻവാതിൽ വഴി നടപ്പാക്കാനുള്ള രഹസ്യ നീക്കമാണെന്ന ആക്ഷേപം ശക്തമാകുന്നു.
പരിശോധനയുടെ സുതാര്യതയിൽ ആശങ്ക പ്രകടിപ്പിച്ചും കമീഷന്റേത് വഞ്ചനപരായ നീക്കമാണെന്നും ആരോപിച്ച് കൂടുതൽ പ്രതിപക്ഷ പാർട്ടികൾ രംഗത്തുവന്നു.
നിലവിലെ വോട്ടർപട്ടികയിൽ അംഗമാകാൻ 11 രേഖകളിൽ എതെങ്കിലും ഒന്നു സമർപ്പിച്ചാൽ മതിയാകും. എന്നാൽ, ബിഹാറിലെ വീടുകയറിയുള്ള വോട്ടർപട്ടിക പുനഃപരിശോധനയിൽ 1987നു ശേഷം ജനിച്ചവർ സ്വന്തം ജനന വിവരത്തിനൊപ്പം മാതാപിതാക്കളുടെ ജനന വിവരങ്ങൾ ഉൾപ്പെടെ നൽകേണ്ടതുണ്ട്.
ഇത് എൻ.ആർ.സിയിൽ കേന്ദ്ര സർക്കാർ ആവശ്യപ്പെടുന്ന രേഖകളാണെന്നും കമീഷൻ നടപടി സുതാര്യമില്ലാത്തതും വഞ്ചനപരമാണെന്നുമാണ് ഇൻഡ്യ സഖ്യം പറയുന്നത്.
കമീഷന്റെ തീരുമാനം വളരെയധികം അസ്വസ്ഥത ഉളവാക്കുന്നതാണെന്നും ജനാധിപത്യത്തെയും ഭരണഘടനയെയും പരിഹസിക്കലാണെന്നും പട്നയിൽ ഇൻഡ്യ സഖ്യം നടത്തിയ വാർത്തസമ്മേളനത്തിൽ ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് പറഞ്ഞു.
അരികുവത്കരിക്കപ്പെട്ട സമൂഹങ്ങൾ, ദലിതർ, ആദിവാസികൾ, ന്യൂനപക്ഷങ്ങൾ എന്നിവരുൾപ്പെടെ ദുർബല ജനവിഭാഗങ്ങളുടെ വോട്ടവകാശം നിഷേധിക്കാനുള്ള ബോധപൂർവമായ ശ്രമമാണെന്ന സംശയത്തിന് ആക്കം കൂട്ടുന്നെന്നും തേജസ്വി പറഞ്ഞു.
നാസി ഭരണത്തിനു കീഴിൽ പാരമ്പര്യം വ്യക്തമാക്കുന്ന പാസ് നൽകേണ്ടി വന്നതിന്റെ വകഭേദമാണോയെന്ന് ഡൽഹിയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ തൃണമൂൽ കോൺഗ്രസ് എം.പി ഡെറിക് ഒബ്രിയൻ ചോദിച്ചു.
എൻ.ആർ.സി രഹസ്യമായി നടപ്പാക്കാനുള്ള നീക്കമാണെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയും കുറ്റപ്പെടുത്തി എൻ.ആർ.സിക്ക് സമാനമായ പ്രക്രിയ ഒരു പ്രത്യേക വിഭാഗം ജനങ്ങളുടെ വോട്ടവകാശം ഇല്ലാതാക്കുമെന്ന ആശങ്കയുണ്ടെന്നും രാഷ്ട്രീയ പാർട്ടികളുടെയൊന്നും സമ്മതം കൂടാതെയുള്ള നീക്കത്തിൽനിന്ന് പിൻവാങ്ങണമെന്നും ആവശ്യപ്പെട്ട് സി.പി.എം കമീഷന് കത്തയച്ചിരുന്നു.
പരിഹാരത്തിന്റെ മറവിൽ വഞ്ചനപരവും സംശയാസ്പദവുമായ നടപടിയാണ് കമീഷിന്റേതെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.
പരിശോധന തുടങ്ങി; ഇന്ത്യക്കാർക്ക് മാത്രം വോട്ടെന്ന് കമീഷൻ
ന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധത്തിനിടെ ബിഹാറിൽ വോട്ടർപട്ടികയുടെ പ്രത്യേക തീവ്രപരിശോധന ആരംഭിച്ച് തെരഞ്ഞെടുപ്പ് കമീഷൻ.
പരിശോധനയുടെ സുതാര്യതയിൽ വലിയ ആക്ഷേപം നില നിൽക്കെയാണ്, എല്ലാ രാഷ്ട്രീയ കക്ഷികളുടെയും പൂർണ പങ്കാളിത്തത്തോടെ ഓരോ വോട്ടറുടെയും യോഗ്യത പരിശോധിക്കുന്നതിനായി ബിഹാറിൽ പ്രത്യേക തീവ്ര പുനഃപരിശോധന നടപടി ആരംഭിച്ചെന്ന് വ്യക്തമാക്കി കമീഷൻ ശനിയാഴ്ച പത്രക്കുറിപ്പ് പുറത്തിറക്കി.
ഭരണഘടന പ്രകാരം അതത് പ്രദേശങ്ങളിലുള്ള 18 വയസ്സായ ഇന്ത്യക്കാർക്ക് മാത്രമേ വോട്ട്ചെയ്യാനാകൂവെന്ന് കമീഷൻ വ്യക്തമാക്കി. അര്‍ഹരായ എല്ലാ പൗരന്മാരുടെയും പേര് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്താനും അര്‍ഹതയില്ലാത്തവരെ പുറത്താക്കാനുമാണ് നടപടിയെന്നാണ് കമീഷൻ പറയുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.