വോട്ടർ പട്ടിക തീവ്ര പരിശോധന; ശക്തമായ വാദമുഖങ്ങൾക്കും വഴങ്ങാതെ സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ബിഹാറിൽ അരങ്ങേറുന്നത് വോട്ടർപട്ടിക പരിഷ്കരണമല്ലെന്നും കൂട്ടത്തോടെയുള്ള വോട്ട് വെട്ടിമാറ്റലാണെന്നും ഹരജിക്കാരുടെ ഭാഗത്ത് നിന്നുയർന്ന ശക്തമായ വാദമുഖങ്ങൾക്ക് വഴങ്ങാത്ത നിലപാടാണ് അന്തിമ വാദത്തിൽ ചൊവ്വാഴ്ച സുപ്രീംകോടതി സ്വീകരിച്ചത്. വാദം ഇന്നും തുടരുമെന്ന് വ്യക്തമാക്കിയ ബെഞ്ച്, ആവലാതി പറയാൻ കോടതി അവസരം നൽകിയില്ലെന്ന് ഒരാളും പറയേണ്ടിവരില്ലെന്നും കൂട്ടിച്ചേർത്തു.
വോട്ടർ പട്ടിക തീവ്ര പരിശോധനയുടെ (എസ്.ഐ.ആർ) പ്രശ്നം അതിന്റെ രൂപകൽപനയിലാണെന്നും പ്രായോഗികതയിലല്ലെന്നും പ്രമുഖ സെഫോളജിസ്റ്റ് യോഗേന്ദ്ര യാദവ് ഡേറ്റകളുടെ പിൻബലത്തിൽ സമർഥിച്ചു. ഒരു ജനാധിപത്യ രാജ്യത്തെ വോട്ടർപട്ടികയിലും സംഭവിക്കാത്ത ലോകത്തെ ഏറ്റവും വലിയ വെട്ടിമാറ്റലാണിത്. വോട്ടു കൂട്ടിച്ചേർക്കലില്ലാത്ത കുട്ടത്തോടെ വെട്ടിക്കളഞ്ഞുള്ള പട്ടികയും ചരിത്രത്തിലാദ്യം.
എസ്.ഐ.ആറുമായി മുന്നോട്ടുപോയാൽ വോട്ടർ പട്ടികയിൽനിന്ന് പുറത്താകുന്നവരുടെ എണ്ണം ചുരുങ്ങിയത് ഒരു കോടി കവിയും. വോട്ടർപട്ടികക്ക് അടിസ്ഥാനമാക്കേണ്ടത് പ്രായപൂർത്തിയായ ജനങ്ങളുടെ എണ്ണമാണ്. അല്ലാതെ 2003ലെ വോട്ടർപട്ടികയല്ല. ഇന്ത്യയുടെ ചരിത്രത്തിൽ ഒരു വോട്ടർപട്ടിക പരിഷ്കരണത്തിലും അപേക്ഷ സമർപ്പിക്കാനോ സർട്ടിഫിക്കറ്റ് സമർപ്പിക്കാനോ ആവശ്യപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വോട്ടർപട്ടികയിൽ നിന്ന് വെട്ടിമാറ്റിയവരുടെ പട്ടിക കാണാൻ ബിഹാറിലെ സാധാരണ പൗരന് അവകാശമില്ലെന്ന് കമീഷൻ പറയുന്നതെങ്ങനെയാണെന്ന് പ്രമുഖ അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ ചോദിച്ചു. 1950ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ 28ാം വകുപ്പിന്റെ ലംഘനമായ ഈ പ്രക്രിയ തന്നെ ഭരണഘടന വിരുദ്ധമാണെന്ന് പ്രമുഖ അഭിഭാഷക വൃന്ദാ ഗ്രോവർ സമർഥിച്ചു. ഭരണഘടനയുടെ 10ാം അനുഛേദം അനുസരിച്ച് ഇന്ത്യൻ പൗരനായ ഒരാളുടെ പൗരത്വം സ്വമേധയ റദ്ദാകില്ലെന്ന് കപിൽ സിബൽ ബോധിപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.