കർഷകറാലി മുംബൈയിൽ; കർശന സുരക്ഷയിൽ നഗരം
text_fieldsമുംബൈ: 180 കിലോ മീറ്റർ പിന്നിട്ട് ആൾ ഇന്ത്യ കിസാൻ സഭ നടത്തുന്ന കർഷക റാലി മുംബൈയിലെത്തി. റാലി നഗരത്തിലെത്തുന്നതിന് മുന്നോടിയായി കർശന സുരക്ഷയാണ് മുംബൈയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. രണ്ട് ഡെപ്യൂട്ടി കമീഷണർമാരുടെയും ആറ് അസിസ്റ്റൻറ് കമീഷണർമാരുടെ നേതൃത്വത്തിലാണ് നഗരത്തിൽ പൊലീസിനെ വിന്യസിച്ചിട്ടുളളത്. റാലി നഗരത്തിലെത്തിയതിനെ തുടർന്നുള്ള ഗതാഗത കുരുക്ക് ഒഴിവാക്കാൻ പൊലീസ് പല സ്ഥലത്തും വാഹനങ്ങളെ വഴിതിരിച്ച് വിടുന്നുണ്ട്. നാളെയും ഇത് തുടരുമെന്നാണ് വിവരം. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ നിന്ന് ആരംഭിച്ച കർഷകറാലിയിൽ ഏകദേശം 35,000 പേരാണ് അണിനിരക്കുന്നത്. ആദിവാസികളും റാലിയുടെ ഭാഗമാവുന്നുണ്ട്.
കാർഷിക കടം എഴുതിത്തള്ളുക, വനഭൂമി കർഷകർക്ക് കൈമാറുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കിസാൻ സഭയുടെ റാലി. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ തിങ്കളാഴ്ച നിയമസഭ വളയാനാണ് സംഘടനയുടെ തീരുമാനം. കർഷകരുമായി ചർച്ച നടത്താൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് മന്ത്രി ഗിരീഷ് മഹാജനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
25,000 കർഷകരുമായാണ് തങ്ങൾ റാലി തുടങ്ങിയതെന്ന് കിസാൻ സഭ പ്രസിഡൻറ് അശോക് ധ്വാല പറഞ്ഞു. തിങ്കളാഴ്ച പ്രക്ഷോഭകരുടെ എണ്ണം ഇനിയും വർധിക്കും. 11 മണിക്കാണ് നാളെ റാലി ആരംഭിക്കുക. അതുകൊണ്ട് തന്നെ പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് റാലി പ്രശ്നം സൃഷ്ടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.