Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആരാധനാലയങ്ങളിൽ പക്ഷികൾക്ക് തീറ്റ നൽകുന്നതും ഭക്ഷണ വിതരണവും വിലക്കി ജമ്മു കശ്മീർ വഖഫ് ബോർഡ്

text_fields
bookmark_border
https://www.madhyamam.com/tags/kashmir
cancel

ശ്രീനഗർ: ആരാധനാലയങ്ങളിൽ പക്ഷികൾക്ക് തീറ്റ നൽകുന്നതിനും സന്ദർശകർക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിനും വിലക്ക് ഏർപ്പെടുത്തി ജമ്മു-കശ്മീർ വഖഫ് ബോർഡ്. ബി.ജെ.പി നേതാവ് ഡോ. സെയ്ദ് ദറക്ഷൻ അന്ദ്രാബി അധ്യക്ഷയായ വഖഫ് ബോർഡാണ്, ബോർഡിന് കീഴിലുള്ള ആരാധനാലയങ്ങളിൽ വിലക്ക് ഏർപ്പെടുത്തി ഉത്തരവിറക്കിയത്.

അതേസമയം, നിരോധനം ഏർപ്പെടുത്തുകയല്ല, മറിച്ച് ചിട്ടയായതും മാന്യവുമായ രീതികൾ പ്രോത്സാഹിപ്പിക്കുക മാത്രമാണ് ഉത്തരവ് കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ദറക്ഷൻ അന്ദ്രാബി വ്യക്തമാക്കി. പുണ്യസ്ഥലങ്ങളുടെ പവിത്രത നിലനിർത്തുന്നതിനെക്കുറിച്ച് അവബോധം വളർത്താനാണിതെന്നും അവർ കൂട്ടിച്ചേർത്തു.

തഹരി കൊണ്ടുവന്ന് വിതരണം ചെയ്യുന്നത് സംരക്ഷിക്കപ്പെടേണ്ട ഒരു സാംസ്കാരിക ആചാരമാണ്. എന്നാൽ, അത് ആരാധനാലയങ്ങളുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്ന രീതിയിൽ നടത്തണം. തഹരി വിതരണത്തിനായി പ്രത്യേക ഷെഡുകൾ നിർമിച്ചിട്ടുണ്ട്. പൊതുജനങ്ങൾ ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തണമെന്നും അവർ അഭ്യർഥിച്ചു.

ആരാധനാലയങ്ങൾ സന്ദർശിക്കുന്നവർ അധികൃതരുമായി സഹകരിക്കണമെന്നും ശുചിത്വവും അച്ചടക്കവും പാലിക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. അതേസമയം, കശ്മീരിലെ ആരാധനാലയ സംസ്കാരം മാറ്റിമറിക്കുന്ന ഉത്തരവിനെതിരെ വിമർശനം ഉയരുന്നുണ്ട്.

സന്ദർശകർ ആരാധനാലയ മുറ്റത്തും പരിസരത്തുമായി പക്ഷികൾക്കായി ധാന്യങ്ങൾ വിതറുന്നത് പതിവാണ്. ഇത് കശ്മീരിലെ ആരാധനാലയ സംസ്കാരത്തിന്റെ പതിവ് കാഴ്ചയാണ്.

ഭക്ഷണം വിതരണം ചെയ്യുന്നതും കശ്മീരിന്റെ മതപരവും സാമൂഹികവുമായ പാരമ്പര്യങ്ങളുടെ ഭാഗമാണ്. മഞ്ഞൾപ്പൊടി ചേർത്ത് തയാറാക്കുന്ന തഹരി എന്ന വിഭവം, കുടുംബങ്ങൾ വിശേഷാവസരങ്ങളിലും മറ്റും പാകം ചെയ്ത് മറ്റുള്ളവരുമായി പങ്കിടാറുണ്ട്.

അതേസമയം, നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യമാണ് ‘തഹരി’യുടെയും മാംസത്തിന്റെയും വിതരണവും പക്ഷികൾക്ക് തീറ്റ നൽകുന്നതുമെന്നും സാമൂഹിക -രാഷ്ട്രീയ പ്രവർത്തകൻ താഹിർ പീർസാദ ‘എക്സി’ൽ കുറിച്ചു. വഖഫ് ബോർഡ് ഉത്തരവ് വളരെ സങ്കടകരമാണെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story