വഖഫ് സ്വത്ത്: ഇടക്കാല വിധി നിർണായകം
text_fieldsന്യൂഡൽഹി: ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ച് തിങ്കളാഴ്ച പുറപ്പെടുവിക്കുന്ന ഇടക്കാല വിധി ഇന്ത്യയിലെ വഖഫ് സ്വത്തുക്കളുടെ സംരക്ഷണത്തിൽ നിർണായകമാകും. പുതിയ ബില്ലിന് സ്റ്റേയില്ലാത്തതിനാൽ രാജ്യവ്യാപകമായി വഖഫ് സ്വത്തുക്കൾ കൈയേറുകയും ഇടിച്ചുനിരത്തുകയും ചെയ്യുമ്പോഴാണ് ഇന്ന് ഇക്കാര്യത്തിൽ സുപ്രീംകോടതി വിധി പറയുക. വിവാദ വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യണമെന്ന മുസ്ലിം മത സംഘടനകളുടെ ആവശ്യത്തിലാണ് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസുമാരായ വിനോദ് ചന്ദ്രൻ, അതുൽ എസ്. ചന്ദൂർകർ എന്നിവരടങ്ങുന്ന ബെഞ്ച് തിങ്കളാഴ്ച ഉത്തരവിടുക.
രജിസ്ട്രേഷൻ മൂലമോ കോടതി ഉത്തരവാലോ ഉപയോഗത്തിലൂടെയോ വഖഫായി കണക്കാക്കുന്ന സ്വത്തുക്കളിൽ മാറ്റംവരുത്തില്ലെന്ന് സുപ്രീംകോടതിയിൽ കേന്ദ്ര സർക്കാർ നേരത്തേ ഉറപ്പ് നൽകിയിരുന്നു. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് ആ ഉറപ്പുകൾ പാലിക്കണമെന്ന് നിർദേശിക്കാതിരുന്നതിനാൽ ആസൂത്രിതമായി രാജ്യമൊട്ടുക്കും വ്യാപകമായ വഖഫ് കൈയേറ്റമാണ് നടക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.