ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗം: ജാഗ്രത മുന്നറിയിപ്പ് -ഐ.എം.എഫ്
text_fieldsവാഷിങ്ടൺ: ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗം ഇതിലും വലുത് വരാനിരിക്കുന്നതിെൻറ സൂചനയായി കാണണമെന്ന് അന്താരാഷ്ട്ര നാണ്യ നിധി (ഐ.എം.എഫ്). ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥ ലോകത്തെ താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങൾക്കുള്ള മുന്നറിയിപ്പാണെന്നും വെള്ളിയാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ ഐ.എം.എഫ് വ്യക്തമാക്കുന്നു. പ്രമുഖ സാമ്പത്തിക വിദഗ്ധയും ഐ.എം.എഫ് ചീഫ് ഇക്കണോമിസ്റ്റുമായ ഗീത ഗോപിനാഥും സാമ്പത്തിക ശാസ്ത്രജ്ഞൻ രുചിർ അഗർവാളും ചേർന്നാണ് റിപ്പോർട്ട് തയാറാക്കിയത്.
ബ്രസീലിന് പിന്നാലെ ഇന്ത്യയിൽ പ്രകടമായ രണ്ടാം തരംഗം വികസ്വര രാജ്യങ്ങൾക്കുള്ള മുന്നറിയിപ്പാണെന്ന് വ്യക്തമാക്കിയ റിപ്പോർട്ട്, ഒന്നാം തരംഗം നേരിടുന്നതിൽ ഇന്ത്യയിലെ ആരോഗ്യ സംവിധാനങ്ങൾ മികവ് കാട്ടിയെങ്കിലും രണ്ടാം തരംഗത്തിന് മുന്നിൽ പരാജയമാണെന്നും കുറ്റപ്പെടുത്തുന്നു. ഓക്സിജൻ, ആശുപത്രി കിടക്കകൾ, വൈദ്യ സഹായം എന്നിവയുടെ അഭാവം മൂലം ഇന്ത്യയിൽ കോവിഡ് രോഗികൾ മരിച്ചുകൊണ്ടിരിക്കുകയാണ്.
2021 അവസാനത്തോടെ രാജ്യത്തെ വാക്സിൻ ലഭിക്കുന്നവർ ജനസംഖ്യയുടെ 35 ശതമാനത്തിൽ താഴെയായിരിക്കുമെന്ന് ഗീത ഗോപിനാഥ് പറഞ്ഞു. നിലവിൽ വിദേശത്തുനിന്ന് കോവിഡ് പ്രതിരോധ വാക്സിനുകൾ ഇറക്കുമതി ചെയ്താലും 2022െൻറ ആദ്യ പകുതിയിൽ ജനസംഖ്യയുടെ 25 ശതമാനം പേർക്ക് മാത്രമേ ലഭ്യമാക്കാനാവൂ. ഇത് 60 ശതമാനത്തിലെത്തണമെങ്കിൽ അടിയന്തരമായി 100 കോടി ഡോസ് വാക്സിൻ വാങ്ങാനുള്ള സാമ്പത്തിക നടപടികൾ ത്വരിതപ്പെടുത്തണമെന്നും റിപ്പോർട്ട് പറയുന്നു. വാക്സിൻ നിർമാണം ത്വരിതപ്പെടുത്തുന്നതിനായി സെറം ഇൻസ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക് പോലുള്ള കമ്പനികൾക്ക് 600 ദശലക്ഷം ഡോളറിെൻറ ധനസഹായം പ്രഖ്യാപിച്ചത് സ്വാഗതാർഹമാണ്. എങ്കിലും കാലതാമസം വരാതെ ഇവ ഇറക്കുമതി ചെയ്യാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് റിപ്പോർട്ട് ആവശ്യപ്പെടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.