വെള്ളം തന്നെ പ്രശ്നം: ആരോപണങ്ങളുമായി പഞ്ചാബും ഹരിയാനയും
text_fieldsന്യൂഡൽഹി: പഞ്ചാബുമായി ‘വെള്ളത്തിൽ’ പോര് മുറുകുന്നതിനിടെ വിഷയം ചർച്ചചെയ്യാൻ സർവകക്ഷിയോഗം വിളിച്ച് ഹരിയാന മുഖ്യമന്ത്രി നയാബ് സൈനി. മുമ്പും ഹരിയാനക്ക് ഇതേ സമയത്ത് സമാന അളവിൽ വെളളം വിട്ടുനൽകിയിരുന്നെന്നും പഞ്ചാബിലെ എ.എ.പി സർക്കാർ വെള്ളത്തിൽ രാഷ്ട്രീയം കളിക്കുകയാണെന്നും സൈനി പറഞ്ഞു.
ബി.ജെ.പിയും കോൺഗ്രസുമടക്കം കക്ഷികൾ ശനിയാഴ്ച നടന്ന സർവകക്ഷി യോഗത്തിൽ പങ്കെടുത്തു. സംസ്ഥാനത്തിന് അവകാശപ്പെട്ട പങ്ക് വെള്ളം വിട്ടുനൽകാൻ പഞ്ചാബ് സർക്കാർ തയാറാവണമെന്ന് യോഗം പ്രമേയവും പാസാക്കി. കഴിഞ്ഞ ദിവസം പഞ്ചാബും സർവകക്ഷി യോഗം വിളിച്ചുചേർത്തിരുന്നു. ബി.ജെ.പി ഭരിക്കുന്ന ഹരിയാന കേന്ദ്രസർക്കാറിന്റെ സഹായത്തോടെ തങ്ങളുടെ അവകാശം കവരുകയാണെന്ന് ഭഗവന്ത് മൻ ആരോപിച്ചിരുന്നു. യോഗത്തിൽ പഞ്ചാബ് ബി.ജെ.പി അധ്യക്ഷനും പങ്കെടുത്തിരുന്നു. ഇരുസംസ്ഥാനങ്ങളിലെയും പാർട്ടിയിൽ വിഷയത്തിൽ നിലനിൽക്കുന്ന പ്രശ്നം വെളിവാക്കുന്നതായിരുന്നു യോഗത്തിലെ ബി.ജെ.പി അധ്യക്ഷൻ അടക്കമുള്ളവരുടെ സാന്നിധ്യം.
പഞ്ചാബ് സർക്കാർ വിഷയം ചർച്ചചെയ്യാൻ തിങ്കളാഴ്ച നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേർത്തിട്ടുണ്ട്. നിലവിൽ, ഭക്ര അണക്കെട്ടിന് താഴെയായി സ്ഥിതി ചെയ്യുന്ന നംഗൽ അണക്കെട്ട് പഞ്ചാബ് പൊലീസിന്റെ സുരക്ഷാവലയത്തിലാണ്. നംഗൽ അണക്കെട്ടിന്റെ നിയന്ത്രണം ഏറ്റെടുത്തതായും ജലവിതരണം നിയന്ത്രിക്കുന്ന മുറി പൂട്ടിയതായും അധികൃതർ അറിയിച്ചു.
ഭക്ര ബിയാസ് മാനേജ്മെന്റ് ബോർഡിന് കീഴിലുള്ള ഭക്ര, പോങ് അണക്കെട്ടുകളിലെ വെള്ളം പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾ ഓഹരി നിശ്ചയിച്ച് പങ്കുവെക്കുന്നതാണ് പതിവ്.
ഇക്കുറി ഹരിയാനക്ക് അനുവദനീയമായതിന്റെ ഇരട്ടിയിലധികം വെള്ളം അനുവദിച്ച ബോർഡ് നടപടി രാഷ്ട്രീയപ്രേരിതമാണെന്നാണ് പഞ്ചാബിന്റെ ആരോപണം. ഇനി നൽകിയാൽ തങ്ങളുടെ കൃഷിയെ ബാധിക്കുമെന്നും പഞ്ചാബ് വാദിക്കുന്നു. എന്നാൽ, തങ്ങളുടെ അവകാശമാണ് ചോദിക്കുന്നതെന്നാണ് ഹരിയാന ആവർത്തിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.