മദ്റസകൾ പൂട്ടാൻ ഉത്തരവിട്ട് ബംഗാൾ സർക്കാർ; 252 എണ്ണത്തിന് അനുമതി നിഷേധിച്ചു, 100 മദ്റസകൾ പൂട്ടാതിരിക്കാൻ കാരണം ബോധിപ്പിക്കണം
text_fieldsകൊൽക്കത്ത: മതിയായ അനുമതിയും അടിസ്ഥാന സൗകര്യവും ഇല്ലെന്ന് ആരോപിച്ച് പശ്ചിമ ബംഗാളിൽ മദ്റസകൾക്ക് പൂട്ടിടുന്നു. സംസ്ഥാനത്തെ 252 മദ്റസകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ട സർക്കാർ, 100-ലധികം മദ്റസകൾക്ക് കാരണം കാണിക്കൽ നോട്ടീസും അയച്ചു. സംസ്ഥാന വ്യാപകമായി നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് നടപടി.
മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നിർദേശപ്രകാരമാണ് നടപടിയെന്ന് ന്യൂനപക്ഷ കാര്യ-മദ്റസ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ക്ഷുദിറാം തുഡു പറഞ്ഞു. മതിയായ അനുമതിയുള്ള മദ്റസകൾ തുടർന്നും പ്രവർത്തിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കാരണം കാണിക്കൽ നോട്ടീസ് നൽകിയ സ്ഥാപനങ്ങളുടെ മറുപടികൾ പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കും.
അതേസമയം, മദ്റസകളെച്ചൊല്ലി നിരവധി വിവാദങ്ങൾ നിലവിലുണ്ടെന്നും തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കുണ്ടെന്ന് ആരോപണവിധേയരായി അറസ്റ്റിലായ പലരും ഇത്തരം സ്ഥാപനങ്ങളിൽ അധ്യാപകരായി ജോലി ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് സംസ്ഥാന പഞ്ചായത്ത് രാജ് മന്ത്രി ദിലീപ് ഘോഷ് പറഞ്ഞു.
‘മദ്റസകൾക്കെതിരെ നിരന്തരം പരാതികൾ ലഭിക്കുന്നുണ്ട്. മദ്റസകളിൽ നിന്ന് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. നിയമപ്രകാരവും സർക്കാർ അനുമതിയോടെയും പ്രവർത്തിക്കുന്ന മദ്റസകൾ തുടർന്നും പ്രവർത്തിക്കും. എന്നാൽ, തോന്നിയ പോലെ മദ്റസകൾ തുറന്ന് കുഴപ്പങ്ങൾ സൃഷ്ടിക്കാൻ സർക്കാർ അനുവദിക്കില്ല’ -മന്ത്രി കൂട്ടിച്ചേർത്തു.
ബംഗാളിലെ സർക്കാർ, സ്വകാര്യ മദ്റസകളുടെ അടിസ്ഥാന സൗകര്യങ്ങൾ, മാനേജ്മെന്റ് സംവിധാനങ്ങൾ തുടങ്ങിയവ വിലയിരുത്തുനനതിന് ജൂൺ ആദ്യം മുതൽ എല്ലാ ജില്ലകളിലും വകുപ്പ് ഫീൽഡ് തല സർവേ നടത്തിയിരുന്നു. നിലവിലുള്ള ചട്ടങ്ങൾ പാലിച്ചാണോ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതെന്നും ആവശ്യമായ രേഖകൾ കൈവശമുണ്ടോ എന്നും പരിശോധിച്ചു.
സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്ന് ഒരു മാസത്തിന് ശേഷമായിരുന്നു ഈ നടപടി. ന്യൂനപക്ഷ മന്ത്രാലയവും മദ്റസ വിദ്യാഭ്യാസ വകുപ്പും പുറപ്പെടുവിച്ച വിജ്ഞാപനമനുസരിച്ച് മദ്റസകളുടെ സ്ഥാനം, സ്ഥാപിതമായ വർഷം, രജിസ്ട്രേഷൻ വിവരങ്ങൾ, വിദ്യാർഥികളുടെയും അധ്യാപകരുടെയും അധ്യാപകേതര ജീവനക്കാരുടെയും എണ്ണം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ തുടങ്ങിയ ശേഖരിക്കാനാണ് ജില്ല ഭരണകൂടങ്ങൾക്ക് നിർദേശം നൽകിയത്.
പഠിപ്പിക്കുന്ന കോഴ്സുകളുടെ വിശദാംശങ്ങളും റിപ്പോർട്ടിൽ വ്യക്തമാക്കണം. മദ്റസ വിദ്യാഭ്യാസ മേഖലയിലെ ഭാവി ആസൂത്രണം സുഗമമാക്കുന്നതിന് കൃത്യമായ വിവരശേഖരം നടത്തുകയാണ് സർവേയിലൂടെ ലക്ഷ്യമിടുന്നതെന്നായിരുന്നു സർക്കാർ വാദം.
മദ്രസകൾ പിന്തുടരുന്ന നിലവിലെ അക്കാദമിക് ഘടനയിലോ സിലബസിലോ മാറ്റം വരുത്താൻ നിർദേശമില്ല. അതേസമയം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കൊപ്പം മദ്റസകളിലും രാവിലെ പ്രാർഥനക്കിടെ ‘വന്ദേമാതരം’ ആലപിക്കുന്നത് സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

