ബംഗാളിൽ സ്വകാര്യ ബസ് നിരക്ക് വർധിപ്പിക്കാന്‍ നീക്കം; നിർണായക തീരുമാനം ദുർഗാപൂജക്ക് ശേഷമെന്ന് ഗതാഗതമന്ത്രി
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിൽ സ്വകാര്യ ബസുകളുടെ യാത്രാനിരക്ക് വർധിപ്പിച്ചേക്കും. ദുർഗാപൂജക്ക് ശേഷം നിരക്ക് വർധന സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് ഗതാഗത മന്ത്രി അർജുൻ സിങ് അറിയിച്ചു. നിലവിലെ നിരക്ക് ഘടന എട്ടുവർഷമായി മാറ്റമില്ലാതെ തുടരുകയാണെന്നും ഇന്ധനവിലയും അറ്റകുറ്റപ്പണി ചെലവും ഉയർന്നതോടെ സർവിസ് നടത്തുന്നത് സാമ്പത്തികമായി പ്രയാസകരമാണെന്നും സ്വകാര്യ ബസ് ഉടമകൾ ചൂണ്ടിക്കാട്ടിയതോടെയാണ് നിരക്ക് വർധന വീണ്ടും സജീവ ചർച്ചയായത്. യാത്രക്കാർക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന നിബന്ധനയോടെയായിരിക്കും നിരക്ക് പരിഷ്കരിക്കുകയെന്നും മന്ത്രി വ്യക്തമാക്കി. `ബസ് നിരക്ക് വർധന ഏറെ വൈകിയതാണ്. ദുർഗാപൂജക്ക് ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. നിരക്ക് വർധിപ്പിച്ചാൽ യാത്രക്കാർക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ നൽകാൻ ബസ് ഉടമകൾ തയാറാകണം. എ.സി സൗകര്യമുള്ളവ ഉൾപ്പെടെ മികച്ച രീതിയിൽ പരിപാലിക്കുന്ന ബസുകൾ നിരത്തിലുണ്ടാകണം' എന്ന് മന്ത്രി കൂട്ടി ചേർത്തു.
രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പശ്ചിമ ബംഗാളിലെ റോഡ് ടോൾ നിരക്കിലുള്ള വ്യത്യാസം, പിഴ തുടങ്ങിയ വിഷയങ്ങളും വെസ്റ്റ് ബംഗാൾ ബസ് ആൻഡ് മിനിബസ് ഓണേഴ്സ് അസോസിയേഷൻ പ്രതിനിധികൾ മന്ത്രിയുമായി നടത്തിയ യോഗത്തിൽ ചർച്ച ചെയ്തു. ബസ് ഉടമകൾക്ക് ഒറ്റത്തവണ ആശ്വാസ പാക്കേജ് അനുവദിക്കുന്നതും ചർച്ചയായി. എന്നാൽ ഇക്കാര്യത്തിൽ സർക്കാർ ഉടൻ ഉറപ്പ് നൽകിയിട്ടില്ല. നിലവിൽ സംസ്ഥാന സർക്കാർ നിശ്ചയിച്ച നിരക്ക് ഏഴ് രൂപയാണ്. എന്നാൽ സ്വകാര്യ ബസുകൾ 10 രൂപ ഈടാക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
നിലവിലെ നിരക്ക് ഘടന എട്ട് വർഷമായി മാറ്റമില്ലാതെ തുടരുന്നതിനാൽ ചിലവുകൾ താങ്ങാനാകാത്ത സ്ഥിതിയാണെന്ന് ബോസ് പറഞ്ഞു. 2018ലെ നിരക്കിൽ 2026ൽ സർവിസ് നടത്താനാകില്ലെന്നും ഒന്നാം സ്റ്റേജിന് 20 രൂപയായി നിരക്ക് ഉയർത്തണമെന്നുമാണ് സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം. ഡീസൽ വില ലിറ്ററിന് 100 രൂപയ്ക്ക് മുകളിലായതും അറ്റകുറ്റപ്പണി ചെലവ് വർധിച്ചതുമാണ് ബസ് ഉടമകൾ നേരിടുന്ന പ്രധാന പ്രതിസന്ധി. സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതിനെ തുടർന്ന് യാത്രക്കാരുടെ എണ്ണത്തിലുണ്ടായ കുറവും സ്വകാര്യ ബസ് മേഖലയെ ബാധിച്ചിട്ടുണ്ട്. ഉയർന്ന ഡീസൽ വിലയും യാത്രക്കാരുടെ കുറവും കാരണം ചിലയിടങ്ങളിൽ അനൗദ്യോഗികമായി നിരക്ക് വർധിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. കോവിഡിന് മുമ്പ് കൊൽക്കത്തയിൽ ഏകദേശം 6,000 സ്റ്റേജ് കാരിയേജുകൾ സർവിസ് നടത്തിയിരുന്നെങ്കിൽ നിലവിൽ ഏകദേശം 3,500 ബസുകളാണ് സർവിസ് നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

