പശ്ചിമ ബംഗാൾ: എസ്.ഐ.ആർ ഹരജി അടിയന്തരമായി കേൾക്കില്ലെന്ന് സുപ്രീംകോടതി
text_fieldsമുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജയ്പൂരിൽ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിക്കുന്നു
ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ ഒക്ടോബർ ആറിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി, തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി (എസ്.ഐ.ആർ) ബന്ധപ്പെട്ട് ലക്ഷക്കണക്കിന് അപ്പീലുകൾ കെട്ടിക്കിടക്കുന്ന കേസ് അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി.
ഉപതെരഞ്ഞെടുപ്പുകൾ മാത്രമാണെന്ന് നടക്കുന്നതെന്ന് നിരീക്ഷിച്ചാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ചത്. സെപ്റ്റംബർ 29-ന് പരിഗണിക്കാനിരുന്ന കേസ് ഒക്ടോബർ അഞ്ചിലേക്ക് മാറ്റിയ സാഹചര്യത്തിലാണ് അടിയന്തരമായി വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് വിഷയം കോടതിയിൽ ഉന്നയിച്ചത്.
ഒക്ടോബർ ആറിന് നന്ദിഗ്രാം, റെജിനഗർ നിയമസഭ മണ്ഡലങ്ങളിലാണ് ഉപതതെരഞ്ഞെടുപ്പ് നടക്കുന്നത്.വോട്ടർ പട്ടികയിൽനിന്ന് പേരുകൾ ഒഴിവാക്കപ്പെട്ടതിനെതിരെ നൽകിയ 18,000ത്തിലധികം അപ്പീലുകൾ സുപ്രീം കോടതി നിർദേശപ്രകാരം രൂപവത്കരിച്ച അപ്പലറ്റ് ട്രൈബ്യൂണലുകളുടെ മുമ്പാകെ ഇപ്പോഴും തീർപ്പാകാതെ കിടക്കുകയാണെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ആദ്യഘട്ട തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ കഴിയാത്ത വോട്ടർമാർക്ക് രണ്ടാംതവണയും വോട്ടവകാശം വിനിയോഗിക്കാൻ സാധിക്കാതെ വരുമെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടിയെങ്കിലും കോടതി പരിഗണിച്ചില്ല.
നന്ദിഗ്രാം, ഭബാനിപൂർ മണ്ഡലങ്ങളിൽ രണ്ട് സീറ്റിൽ മത്സരിച്ച് വിജയിച്ച മുഖ്യമന്ത്രി സുവേന്ദു അധികാരി നന്ദിഗ്രാം ഒഴിഞ്ഞതിനെ തുടർന്നാണ് ഇവിടെ ഉപതരഞ്ഞെടുപ്പ് വേണ്ടിവന്നത്. നന്ദിഗ്രാമിൽനിന്നും 10,000 വോട്ടുകൾക്ക് താഴെയായിരുന്നു സുവേന്ദു അധികാരിയുടെ ഭൂരിപക്ഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

