Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ബംഗാൾ എവിടെ?’; പശ്ചിമ ബംഗാൾ ടൂറിസം പരസ്യത്തിന് വിമർശനം, കേരളത്തെ മാതൃകയാക്കണമെന്ന് നിർദേശം

text_fields
bookmark_border
‘ബംഗാൾ എവിടെ?’; പശ്ചിമ ബംഗാൾ ടൂറിസം പരസ്യത്തിന് വിമർശനം, കേരളത്തെ മാതൃകയാക്കണമെന്ന് നിർദേശം
cancel

കൊൽക്കത്ത: വിനോദസഞ്ചാര പ്രചാരണത്തിൽ കേരളം സൃഷ്ടിച്ച ബ്രാൻഡ് മാതൃക ചൂണ്ടിക്കാട്ടി പശ്ചിമ ബംഗാൾ ടൂറിസത്തിന്റെ പുതിയ പരസ്യത്തിനെതിരെ വിമർശനം. സംസ്ഥാനത്തിന്റെ വിനോദസഞ്ചാര കേന്ദ്രങ്ങളെ പരിചയപ്പെടുത്തേണ്ട പരസ്യത്തിൽ വിദേശ രാജ്യങ്ങളിലെ പ്രശസ്ത ഇടങ്ങളുടെ ദൃശ്യങ്ങൾ നിറഞ്ഞതോടെയാണ് സമൂഹമാധ്യമങ്ങളിൽ വിമർശനം ശക്തമായത്.

പശ്ചിമ ബംഗാൾ ടൂറിസത്തിന്റെ പുതിയ ലോഗോയും ബ്രാൻഡ് ഐഡന്റിറ്റിയും മുഖ്യമന്ത്രി സുവേന്ദു അധികാരി വെള്ളിയാഴ്ച നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പരസ്യചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.

ഈഫൽ ടവർ, റഷ്യയിലെ സെന്റ് ബേസിൽസ് കത്തീഡ്രൽ, ഈജിപ്തിലെ പിരമിഡുകൾ, റിയോ ഡി ജനീറോയിലെ ക്രൈസ്റ്റ് ദി റെഡീമർ തുടങ്ങിയ അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ദൃശ്യങ്ങളാണ് പരസ്യത്തിൽ പ്രധാനമായും പ്രത്യക്ഷപ്പെടുന്നത്. പശ്ചിമ ബംഗാളിനെ പ്രതിനിധീകരിച്ച് ഹൗറ പാലത്തിന്റെ വളരെ ചെറിയൊരു ദൃശ്യം മാത്രമാണ് ശ്രദ്ധേയമായി ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇതോടെയാണ് “ഇതിൽ ബംഗാൾ എവിടെ?” എന്ന ചോദ്യം സോഷ്യൽ മീഡിയയിൽ ഉയർന്നത്. പശ്ചിമ ബംഗാൾ ടൂറിസത്തിന്റെ പുതിയ പ്രചാരണത്തെ വിമർശിച്ച സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ പലരും കേരള ടൂറിസത്തിന്റെ വിജയകരമായ ബ്രാൻഡിങ് മാതൃക ചൂണ്ടിക്കാട്ടി.

കേരള ടൂറിസത്തിന്റെ ‘God’s Own Country’ (ദൈവത്തിന്റെ സ്വന്തം നാട്) എന്ന ടാഗ്‌ലൈൻ സംസ്ഥാനത്തിന്റെ സ്വതസിദ്ധമായ വിനോദസഞ്ചാര സവിശേഷതകളെയും വ്യക്തമായ ഒരു ബ്രാൻഡ് ഐഡന്റിറ്റിയെയും അവതരിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബംഗാൾ ടൂറിസത്തിന്റെ പുതിയ ടാഗ്‌ലൈനുമായി താരതമ്യം നടത്തിയത്.

പശ്ചിമ ബംഗാൾ ടൂറിസത്തിന്റെ പുതിയ ടാഗ്‌ലൈൻ ‘Where India Feels Different’ എന്നത് വളരെ പൊതുവായതാണെന്നും അതിന് പ്രത്യേകമായ വൈകാരിക ബന്ധം സൃഷ്ടിക്കാൻ കഴിയുന്നില്ലെന്നും വിമർശനം ഉയർന്നു. ഒരു അമ്യൂസ്മെന്റ് പാർക്കിനോ റസിഡൻഷ്യൽ പ്രോജക്ടിനോ പോലും ഉപയോഗിക്കാവുന്ന തരത്തിലുള്ള സാധാരണ വാചകമാണിതെന്നും സോഷ്യൽ മീഡിയകളിൽ അഭിപ്രായം ഉയർന്നു.

കേരള ടൂറിസത്തിന്റെ ആശയവിനിമയവും ദൃശ്യാവിഷ്കാരവും പഠിക്കണമെന്നും വിമർശകർ നിർദേശിച്ചു. കേരളം സ്വന്തം ദൃശ്യങ്ങളിലൂടെ അവതരിപ്പിക്കുന്നതാണ് കേരള ടൂറിസത്തിന്റെ ബ്രാൻഡിങ്ങിന്റെ പ്രത്യേകതയെന്നും അവർ ചൂണ്ടിക്കാട്ടി. കേരളത്തിന് പുറമെ ഒഡിഷ, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളുടെ ടൂറിസം പ്രചാരണങ്ങളും കൂടുതൽ ഫലപ്രദമായ ആശയവിനിമയത്തിന്റെ ഉദാഹരണങ്ങളായി വിമർശകർ ചൂണ്ടിക്കാട്ടുന്നുണ്ട്.

അതേസമയം, പശ്ചിമ ബംഗാളിലെ ടൂറിസം അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 500 കോടി രൂപയുടെ നിക്ഷേപം സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഡാർജിലിങ്, കലിംപോങ് ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി പറഞ്ഞു.

ബംഗാളിന്റെ ടൂറിസം സാധ്യതകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള ശ്രമത്തിനിടെയാണ് പുതിയ പരസ്യചിത്രം തന്നെ വിവാദത്തിന് വഴിവെച്ചിരിക്കുന്നത്. സ്വന്തം വിനോദസഞ്ചാര കേന്ദ്രങ്ങളെ മുന്നിലെത്തിക്കാതെ വിദേശ നഗരങ്ങളെയും സ്മാരകങ്ങളെയും പരസ്യത്തിന്റെ പ്രധാന ദൃശ്യങ്ങളാക്കിയതിനെതിരെയാണ് ഇപ്പോൾ വിമർശനം ശക്തമായിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - West Bengal tourism ad criticized; urged to follow Kerala model
Next Story