Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിമാനത്തിലെ ഇന്ധന...

വിമാനത്തിലെ ഇന്ധന സ്വിച്ച് എന്താണ്? കൈ തട്ടിയും മറ്റും അറിയാതെ ഓഫാകുമോ?...

text_fields
bookmark_border
വിമാനത്തിലെ ഇന്ധന സ്വിച്ച് എന്താണ്? കൈ തട്ടിയും മറ്റും അറിയാതെ ഓഫാകുമോ?...
cancel

അഹ്മദാബാദ് വിമാനാപകടത്തിന് കാരണമായത് പറന്നുയർന്ന ഉടനെ രണ്ട് എൻജിനുകളിലെയും ഇന്ധന സ്വിച്ചുകള്‍ റൺ മോഡിൽനിന്ന് കട്ട് ഓഫിലേക്ക് മാറിയതാണെന്ന് വ്യക്തമാക്കുന്നതാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. വിമാനത്തിലെ കോക്പിറ്റ് വോയ്സ് റെക്കോഡിങ്ങിൽ പതിഞ്ഞ പൈലറ്റുമാരുടെ സംഭാഷണവും ഇന്ധന സ്വിച്ചുകള്‍ ഓഫ് ആയതാണെന്ന് ഉറപ്പിക്കുന്നു.

എന്നാൽ, പൈലറ്റുമാരുടെ പിഴവുമൂലം സംഭവിച്ചതാണോ സാങ്കേതിക തകരാറാണോ എന്ന് വ്യക്തമാകാൻ അന്തിമ അന്വേഷണ റിപ്പോർട്ട് വരെ കാത്തിരിക്കേണ്ടിവരും. വിമാന എൻജിനുകളിലേക്കുള്ള ഇന്ധനത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുന്ന സ്വിച്ചുകളാണിത്. രണ്ട് പൊസിഷനുകളാണ് ഇതിനുള്ളത്. വിമാനം പ്രവർത്തിക്കുമ്പോഴുള്ള ‘റൺ’ മോഡും നിർത്തുമ്പോഴുള്ള ‘കട്ട് ഓഫ്’ മോഡും. വിമാനത്തിന്റെ ഇന്ധന സ്വിച്ച് ഓണാക്കാനും ഓഫാക്കാനും പാലിക്കേണ്ട കാര്യങ്ങളുണ്ട്. സ്വിച്ചുകൾക്ക് സുരക്ഷയായി ബ്രാക്കറ്റുകളുള്ളതിനാൽ കൈ തട്ടിയും മറ്റും അറിയാതെ ഓൺ ആകാനോ ഓഫാകാനോ സാധ്യതയില്ല. ബോയിങ് 787 ഡ്രീംലൈനറിൽ ത്രസ്റ്റ് ലിവറുകൾക്ക് (കാറിന്റെ ആക്സിലറേറ്റർ പോലെ വേഗത കൂട്ടാനും കുറക്കാനുമുള്ള ലിവർ) താഴെയാണ് ഇന്ധന സ്വിച്ചുകൾ. അപകടത്തിൽപെട്ട എ.ഐ 171 വിമാനത്തിന്റെ ഈ സ്വിച്ചുകൾ രണ്ടും ഒരു സെക്കൻഡിന്റെ വ്യത്യാസത്തിലാണ് ഓഫ് ചെയ്തത്. പിന്നാലെ അത് ഓണാക്കിയിട്ടുണ്ട്.

വിമാന എൻജിൻ ഓൺ ആകുന്നത് രണ്ടുഘട്ട നടപടികളിലൂടെയാണ്. സ്റ്റാർട്ട് ബട്ടൻ ഓൺ ചെയ്ത് ഇന്ധന സ്വിച്ച് റൺ മോഡിലേക്ക് മാറ്റുന്നു. അതിനുപിന്നാലെ ഒരുപാട് കാര്യങ്ങൾ സ്വാഭാവികമായി എൻജിനുള്ളിൽ നടക്കും. എൻജിൻ പ്രവർത്തിക്കുന്നുവെന്നാൽ ഇന്ധനം എൻജിനുള്ളിലെത്തുന്നു എന്നുറപ്പാണ്. ബോധപൂർവം മാത്രമേ സ്വിച്ച് ഓണാക്കാനും ഓഫാക്കാനും സാധിക്കൂ.

പൈലറ്റുമാരുടെ മെഡിക്കൽ ചരിത്രം പരിശോധിക്കണമെന്ന്

അപകടമുണ്ടായ എയർ ഇന്ത്യ വിമാനത്തിന്റെ ക്രൂ അംഗങ്ങളിലൊരാൾ ചികിത്സയിലായിരുന്നുവെന്നും അപകടത്തിനുമുമ്പ് ഇയാൾ മെഡിക്കൽ ലീവിലായിരുന്നെന്നും പല എയർ ഇന്ത്യ പൈലറ്റുമാരും തന്നോട് പറഞ്ഞതായി വ്യോമ മേഖലയിലെ സുരക്ഷാ വിദഗ്ധൻ ക്യാപ്റ്റൻ മോഹൻ രംഗനാഥൻ. ഇത് മുതിർന്ന മാനേജ്മെന്റിന് അറിയില്ലെങ്കിൽ അത് അത്ഭുതകരമാണ്.

പൈലറ്റുമാരുടെ മെഡിക്കൽ ചരിത്രം പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പൈലറ്റുമാരുടെ മാനസികാരോഗ്യം ഉറപ്പാക്കുന്ന കാര്യങ്ങൾ സ്വീകരിക്കാൻ പല ഇന്ത്യൻ വിമാനക്കമ്പനികളും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻസും (ഡി.ജി.സി.എ) പോലും തയാറായിട്ടില്ലെന്ന് രംഗനാഥൻ ആരോപിച്ചു.

വിമാനത്തിന്റെ ക്യാപ്റ്റൻ ‘പൈലറ്റ് മോണിറ്ററിങ്’ (പി.എം) ആയിരുന്ന ക്യാപ്റ്റൻ സുമീത് സബർവാൾ ആയിരുന്നു എന്ന് റിപ്പോർട്ടിൽ വ്യക്തമാണ്. സഹപൈലറ്റായ ഫസ്റ്റ് ഓഫിസർ ക്ലീവ് കുന്ദർ ആയിരുന്നു പൈലറ്റ് ൈഫ്ലയിങ് (പി.എഫ്). കുന്ദറിന്റെ രണ്ടു കൈകളും വിമാനത്തിന്റെ കൺട്രോൾ കോളമിൽ ആയിരുന്നു. പൈലറ്റ് മോണിറ്ററിങ്ങായ സബർവാളിന്റെ രണ്ടു കൈകൾ സ്വതന്ത്രവുമായിരുന്നുവെന്നും രംഗനാഥൻ കൂട്ടിച്ചേർത്തു. പൈലറ്റുമാർ ബോധപൂർവമുണ്ടാക്കുന്ന അപകടങ്ങൾ അപൂർവമായി നടന്നിട്ടുണ്ട്. 2015ൽ ജർമൻ വിങ്സ് വിമാനം സഹപൈലറ്റ് ബോധപൂർവം ഫ്രഞ്ച് ആൽപ്സിലേക്ക് ഇടിച്ചിറക്കി വിമാനത്തിലുണ്ടായിരുന്ന 150 പേരും കൊല്ലപ്പെട്ടിരുന്നു.

ദുരൂഹതയിൽ അപ്രത്യക്ഷമായ മലേഷ്യൻ എയർലൈൻസ് വിമാനം എം.എച്ച് 370 ഇതുപോലെയുള്ള പ്രവൃത്തിയിലാണ് മറഞ്ഞതെന്ന് അഭിപ്രായമുണ്ട്. 1999ൽ ഈജിപ്ത് എയർ വിമാനം (990), 1997ൽ സിൽക്ക് എയർ വിമാനം (185), 2022ൽ ചൈന ഈസ്റ്റേൺ എയർലൈൻസ് വിമാനം (5735) എന്നിവ അപകടത്തിൽപെട്ടതും ബോധപൂർവമുള്ള പ്രവൃത്തി വഴിയാണോ എന്ന സംശയം നീങ്ങിയിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Air IndiaAhmedabad Plane Crash
News Summary - What are fuel switches in Plane‍?
Next Story