എന്താണ് ഷിംല കരാർ? പ്രധാന വ്യവസ്ഥകൾ ഇവയാണ്...
text_fieldsഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയും പാക് പ്രസിഡന്റ് സുൽഫിക്കർ അലി ഭൂട്ടോയും ഷിംല കരാറിൽ ഒപ്പിടുന്നു
പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് സിന്ധു നദീജല കരാറിൽ നിന്നുള്ള ഇന്ത്യയുടെ പിൻമാറ്റത്തിന് തിരിച്ചടിയായി പാകിസ്ഥാൻ റദ്ദാക്കിയ, ചരിത്രപ്രധാനമായ ഷിംല കരാറിന്റെ വ്യവസ്ഥകൾ ഇവയാണ്. 1971ലെ ഇന്ത്യ- പാക് യുദ്ധാനന്തരം ഇരു രാജ്യങ്ങൾക്കുമിടയിൽ സമാധാനം പുനഃസ്ഥാപിക്കാനും ബന്ധങ്ങൾ സാധാരണഗതിയിലാക്കാനും ലക്ഷ്യമിട്ട് 1972 ജൂലൈ രണ്ടിന് നിലവിൽ വന്നതാണ് ഷിംല കരാർ.
യുദ്ധത്തിലെ ഇന്ത്യൻ ഇടപെടലിനെ തുടർന്ന് കിഴക്കൻ പാകിസ്താൻ വേർപെട്ട് ബംഗ്ലാദേശ് സ്വതന്ത്ര രാജ്യമായി മാറിയിരുന്നു. കിഴക്കൻ പാകിസ്താനിലെ 93,000 പാക് സൈനികർ കീഴടങ്ങിയതോടെയായിരുന്നു ബംഗ്ലദേശ് സ്വാതന്ത്ര്യപ്രഖ്യാപനം. തൊട്ടുപിറകെ ഇന്ത്യ വെടിനിർത്തൽ പ്രഖ്യാപിക്കുകയും ചെയ്തു.
ഹിമാചൽ പ്രദേശിലെ ഷിംലയിൽ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയും പാക് പ്രസിഡന്റ് സുൽഫിക്കർ അലി ഭൂട്ടോയും ഒപ്പുവെച്ച കരാർപ്രകാരം അതുവരെയും ബന്ധങ്ങളെ തടസ്സപ്പെടുത്തിയ സംഘട്ടനത്തിന്റെയും സംഘർഷത്തിന്റെയും മാർഗം അവസാനിപ്പിക്കണം.
കരാറിലെ പ്രധാന വ്യവസ്ഥകൾ
ഇന്ത്യൻ, പാക് സേനകൾ അന്താരാഷ്ട്ര അതിർത്തികളിലേക്ക് പിൻവാങ്ങണം.
ജമ്മു കശ്മീരിൽ 1971 ഡിസംബർ 17ലെ വെടിനിർത്തലിനെ തുടർന്നുള്ള നിയന്ത്രണ രേഖ മുൻവിധികളില്ലാതെ ഇരുരാജ്യങ്ങളും മാനിക്കും. ഈ രേഖ ലംഘിക്കാൻ ശക്തി പ്രയോഗിക്കുമെന്ന ഭീഷണിയിൽനിന്ന് വിട്ടുനിൽക്കും.
കരാർ പ്രകാരം യുദ്ധത്തിനിടെ പിടിച്ചടക്കിയ 13,000 ചതുരശ്ര കിലോമീറ്റർ ഭൂമി ഇന്ത്യ തിരികെ നൽകിയിരുന്നു. തന്ത്രപ്രധാനമായ തുർതുക, ചാലുങ്ക, ചോർബത് താഴ്വര തുടങ്ങിയ പ്രദേശങ്ങൾ നിലനിർത്തുകയും ചെയ്തു.
കശ്മീരിൽ നിയന്ത്രണ രേഖ നിലവിൽവന്നത് ഷിംല കരാർ പ്രകാരമായിരുന്നു. ഈ രേഖ ഏകപക്ഷീയമായി മാറ്റാൻ ശ്രമിക്കില്ലെന്നും കരാർ പറയുന്നു. ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധങ്ങളെ മാറ്റി നിർവചിച്ച സുപ്രധാന നയതന്ത്ര നാഴികക്കല്ലായാണ് ഷിംല കരാർ കണക്കാക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.