വധഭീഷണി: ജനപ്രീതി കുറയുമ്പോൾ മോദി പുറത്തെടുക്കുന്ന പഴയ തന്ത്രമെന്ന് കോൺഗ്രസ്
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി മോദിക്ക് മാവോയിസ്റ്റുകളുടെ വധഭീഷണിയുണ്ടെന്ന വാർത്തയെ പരിഹസിച്ച് കോൺഗ്രസ്. ഇത്തരം കഥകൾ മെനയുന്നത് മോദിയുടെ പഴയ തന്ത്രമാണെന്നാണ് കോൺഗ്രസിന്‍റെ വിമർശനം.
ഈ വാർത്ത പൂർണമായും കള്ളമാണെന്ന് താൻ പറയില്ല. പക്ഷെ ഇത്തരം കഥകൾ ഉണ്ടാക്കുന്നത് മുഖ്യമന്ത്രിയായപ്പോൾ മുതൽ മോദി പയറ്റുന്ന തന്ത്രമാണ്. ജനപ്രീതി ഇടിയുന്ന സമയത്താണ് ഇത്തരം കൊലപതകം പദ്ധതികളെപ്പറ്റിയുള്ള വാർത്തകൾ വരിക. അതുകൊണ്ട് വാർത്തയിൽ എത്രത്തോളം സത്യമുണ്ടെന്ന കാര്യം പരിശോധനക്ക് വിധേയമാക്കണമെന്നും കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം പറഞ്ഞു.
മോദിക്കെതിരെ വധ ഗൂഢാലോചന നടത്തിയതിന് അഞ്ച് പേരെയാണ് ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവർക്കെല്ലാം മാവോയിസ്റ്റ് ബന്ധമുണ്ടെന്നും രാജീവ് ഗാന്ധിയെ വധിച്ച രീതിയിൽ മോദിയെ കൊലപ്പെടുത്താനാണ് ഇവർ പദ്ധതിയിട്ടതെന്നും പൊലീസ് പറഞ്ഞു. ഇതുസംബന്ധിച്ച ഒരു കത്ത് പിടിയിലായ ഒരു മാവോയിസ്റ്റ് നേതാവിൽ നിന്ന് കണ്ടെടുത്തുവെന്നും പൊലീസ് അവകാശപ്പെടുന്നു.
ദളിത് ആക്ടിവിസ്റ്റ് സുധീർ ധ്വാല, അഭിഭാഷകൻ സുരേന്ദ്ര ഗാണ്ഡിലിങ്, മഹേഷ് റൗട്ട്, സോമ സെൻ, റോന വിൽസൺ തുടങ്ങിയവരാണ് പൊലീസ് പിടിയിലായത്. അറസ്റ്റിലായവർ മാവോയിസ്റ്റുകളുടെ പ്രചാരണത്തിെൻറ മുഖ്യചുമതലക്കാരാണെന്നാണ് പൊലീസ് കണ്ടെത്തൽ.
എം.4 വിഭാഗത്തിലുൾപ്പെടുന്ന തോക്ക് ഉപയോഗിച്ച് മോദിയെ വധിക്കാൻ ഇവർ പദ്ധതി തയാറാക്കുന്നുവെന്നും എൽ.ടി.ടി.ഇയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധിയെ വധിച്ചതിന് സമാനമായി മോദിയെ വധിക്കാനാണ് ഇവരുടെ പദ്ധതിയെന്നും പൊലീസ് പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.