മുൻ ആപ് നേതാവ് താഹിർ ഹുസൈന് ജാമ്യം നൽകാത്തതെന്ത്? -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: അസദുദ്ദീൻ ഉവൈസിയുടെ അഖിലേന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമൂൻ സ്ഥാനാർഥിയായി ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മുൻ ആം ആദ്മി പാർട്ടി കൗൺസിലർ താഹിർ ഹുസൈന് സ്ഥിരം ജാമ്യം നൽകാത്തത് എന്തുകൊണ്ടെന്ന് ഡൽഹി പൊലീസിനോട് സുപ്രീംകോടതി. പൗരത്വ സമരത്തെ തുടർന്നുണ്ടായ ഡൽഹി കലാപ കേസുകളിൽ ഒമ്പതെണ്ണത്തിലും ജാമ്യം നൽകിയ ശേഷം സമാനമായ ഒന്നിൽ മാത്രം ജാമ്യം നൽകാതിരുന്ന നടപടിയാണ് സുപ്രീംകോടതി ചോദ്യം ചെയ്തത്. ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കാൻ ഡൽഹി പൊലീസിന് സമയം നൽകി ഹരജി ബുധനാഴ്ചത്തേക്ക് മാറ്റി.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങാൻ താഹിർ ഹുസൈൻ സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ പങ്കജ് മിത്തൽ, അഹ്സനുദ്ദീൻ അമാനുല്ല എന്നിവരടങ്ങുന്ന ബെഞ്ച്. താഹിർ ഹുസൈന് എന്തിനാണ് ജാമ്യമെന്നും ജയിലിൽനിന്ന് മത്സരിച്ചും ജയിക്കാമല്ലോ എന്നും തിങ്കളാഴ്ച പ്രാഥമികമായി നിരീക്ഷിച്ച ജസ്റ്റിസ് പങ്കജ് മിത്തലാണ് ചൊവ്വാഴ്ച മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് അഗർവാളിന്റെ വാദത്തിനുശേഷം വിപരീത നിരീക്ഷണം നടത്തിയത്. താഹിറിന് സ്ഥിരം ജാമ്യമോ ഇടക്കാല ജാമ്യമോ എന്തുകൊണ്ട് നൽകിക്കൂടെന്ന തോന്നൽ തങ്ങൾക്കുണ്ടെന്ന് ജസ്റ്റിസ് മിത്തൽ പറഞ്ഞു.
2020 മാർച്ചിൽ ഡൽഹി കലാപ കേസ് എടുക്കുന്നതു വരെ താഹിറിനെതിരെ ഒരു കേസ് പോലുമില്ലായിരുന്നുവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ബോധിപ്പിച്ചു. നാല് വർഷവും 10 മാസവുമായി താഹിർ ജയിലിലാണ്. ജനത്തെ ആക്രമണത്തിന് പ്രേരിപ്പിച്ചുവെന്നാണ് എല്ലാ കേസുകളിലും കുറ്റം. ഇന്റലിജൻസ് ഓഫിസർ അങ്കിത് ശർമയുടെ കൊലപാതകത്തിലും ഇതേ കുറ്റാരോപണമാണ്. ഈ കേസിൽ അന്വേഷണം കഴിഞ്ഞു കുറ്റം ചുമത്തി പ്രധാന പ്രതികൾക്കെല്ലാം ജാമ്യം നൽകിയിട്ടും 11ാം പ്രതിയായ താഹിറിന് മാത്രം നൽകിയില്ലെന് അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
ജനുവരി 14 മുതൽ ഫെബ്രുവരി ഒമ്പതു വരെയാണ് താഹിർ ഹുസൈൻ പ്രചാരണത്തിനായി ജാമ്യം ചോദിച്ചത്. എന്നാൽ, നാമനിർദേശ പത്രിക സമർപ്പണത്തിനും സത്യപ്രതിജ്ഞക്കും കസ്റ്റഡി പരോൾ നൽകാമെന്ന നിലപാടായിരുന്നു ഡൽഹി ഹൈകോടതിയുടേത്. തുടർന്നാണ് താഹിർ സുപ്രീംകോടതിയിലെത്തിയത്. കസ്റ്റഡി പരോളിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കാമെന്ന് ഡൽഹി പൊലീസിനു വേണ്ടി രജത് നായർ ബോധിപ്പിച്ചപ്പോൾ ജാമ്യം നൽകുന്ന കാര്യത്തിൽ അഭിപ്രായമറിയിക്കാൻ സുപ്രീംകോടതി നിർദേശിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.