പറക്കാൻ അനുമതി ചോദിക്കേണ്ട; ആകാശം ആരുടേതുമല്ല -തരൂർ
text_fieldsശശി തരൂർ
ന്യൂഡൽഹി: തന്റെ മോദി വാഴ്ത്തലിനെ രൂക്ഷഭാഷയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പരിഹസിച്ചതിന് പിന്നാലെ ശശി തരൂർ പ്രതീകാത്മകമായ പ്രതികരണവുമായി രംഗത്ത്. ‘പറക്കാൻ അനുമതി ചോദിക്കേണ്ട, ചിറകുകൾ നിന്റേതാണ്, ആകാശം ആരുടേതുമല്ല’ എന്ന അടിക്കുറിപ്പോടെ പറന്നുപോകാനിരിക്കുന്ന പക്ഷിയുടെ ചിത്രം പങ്കുവെച്ചായിരുന്നു തരൂരിന്റെ സമൂഹമാധ്യമ പോസ്റ്റ്. പാർട്ടി നിലപാടിന് വിരുദ്ധമായി നിരന്തരം മോദിയെ വാഴ്ത്തി ശശി തരൂർ ബി.ജെ.പിയുമായി അടുക്കുന്നെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ‘എക്സി’ൽ തരൂരിന്റെ പോസ്റ്റ്.
നിരന്തരം പാർട്ടി നിലപാട് തള്ളി മോദിയെ പുകഴ്ത്തുന്ന തരൂർ ഏറ്റവുമൊടുവിൽ കഴിഞ്ഞദിവസം ‘ദ ഹിന്ദു’ പത്രത്തിലെഴുതിയ ലേഖനത്തില്‍ മോദിയെ പ്രശംസിച്ചതിനെ കുറിച്ചായിരുന്നു ബുധനാഴ്ച രാവിലെ ഇന്ദിര ഭവനില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തിനിടെ ഖാര്‍ഗെ വിമര്‍ശനം ഉന്നയിച്ചത്. തരൂരിന്റെ ഈ ലേഖനം പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ട് പങ്കുവെക്കുകയും ചെയ്തിരുന്നു.
ഇതോടെ തരൂര്‍ ബി.ജെ.പിയിലേക്കെന്ന് വാർത്തകൾ വന്നു. എന്നാൽ, ബി.ജെ.പിയിലേക്കില്ലെന്ന് മോസ്കോയിലുള്ള തരൂർ പ്രതികരിച്ചു. തന്‍റെ ലേഖനത്തെ ബി.ജെ.പിയിലേക്കുള്ള ചാട്ടമായി ചിലർ വ്യാഖ്യാനിക്കുന്നുവെന്നും അവർക്ക് ഗൂഢലക്ഷ്യങ്ങളുണ്ടെന്നും ദേശീയതക്കും രാജ്യത്തിനും വേണ്ടിയാണ് താൻ നിലകൊള്ളുന്നതെന്നും തന്‍റെ ശബ്‍ദം രാജ്യത്തിന് വേണ്ടിയാണ് ഉയരുന്നതെന്നും തരൂർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.