സി.ജെ.പി പ്രതിഷേധത്തിനിടെ യുവതിയുടെ ചിത്രം എ.ഐ ഉപയോഗിച്ച് മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; ഡൽഹിയിൽ കേസ്
text_fieldsന്യൂഡൽഹി: ജന്തർ മന്തറിൽ കോക്രോച്ച് ജനത പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിനിടെ യുവതിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി. തന്റെ ചിത്രം ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഫേസ് സ്വാപ്പ് സാങ്കേതികവിദ്യയും ഉപയോഗിച്ച് മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ഡൽഹി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തിനൊപ്പം തന്റെ മുഖം ചേർത്തുള്ള വ്യാജ ചിത്രം തയാറാക്കി പ്രതിഷേധത്തിനിടെ ബാനറുകളിലും പോസ്റ്ററുകളിലും പ്രദർശിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം.
സി.ജെ.പിയുമായോ ജന്തർ മന്തറിലെ പ്രതിഷേധവുമായോ തനിക്ക് യാതൊരു ബന്ധവുമില്ലെന്നും തന്റെ അനുമതിയില്ലാതെയാണ് സ്വകാര്യ ചിത്രം ഉപയോഗിച്ചതെന്നും യുവതി പരാതിയിൽ പറയുന്നു. മോർഫ് ചെയ്ത ചിത്രം ഉപയോഗിച്ച് തന്റെ പ്രതിച്ഛായ തകർക്കാൻ ശ്രമിച്ചെന്നും പരാതിയിൽ ആരോപിക്കുന്നു.
യുവതിയുടെ ചിത്രം എ.ഐ, ഫേസ് സ്വാപ്പ് ടൂളുകൾ ഉപയോഗിച്ച് മാറ്റം വരുത്തിയ ശേഷം വലിയ ബാനറുകളിലും പോസ്റ്ററുകളിലും അച്ചടിച്ചെന്നാണ് പരാതി. പ്രതിഷേധത്തിനിടെ ഇവ ജനങ്ങൾക്കിടയിൽ പ്രദർശിപ്പിക്കുകയും ചെയ്തതായി യുവതി ആരോപിച്ചു. ചിത്രവുമായി ബന്ധപ്പെട്ട് അപകീർത്തികരവും അശ്ലീല സ്വഭാവമുള്ളതുമായ മുദ്രാവാക്യങ്ങളും പരാമർശങ്ങളും നടത്തിയെന്നും അതിന്റെ ദൃശ്യങ്ങൾ പകർത്തി ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നും പരാതിയിൽ പറയുന്നു.
സി.ജെ.പി നേതാക്കളായ സൗരവ് ദാസ്, അഭിജീത് ദീപ്കെ എന്നിവരുടെ പേരുകൾ പരാതിയിൽ പരാമർശിച്ചിട്ടുണ്ട്. എന്നാൽ, പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ അജ്ഞാതരായ വ്യക്തികൾക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

