ജാതിവെറിയിൽ കൊലപ്പെടുത്തിയ കാമുകന്റെ മൃതദേഹത്തെ ‘വിവാഹം ചെയ്ത്’ യുവതി
text_fieldsകൊല്ലപ്പെട്ട സാക്ഷാം ടേറ്റ്, കാമുകി ആഞ്ചൽ മാമിധ്വാർ
മുംബൈ: മഹാരാഷ്ട്രയിലെ നന്ദേഡിൽ ജാതിവെറിയന്മാരായ പിതാവും സഹോദരങ്ങളും അതിക്രൂരമായി വെടിവെച്ചും കല്ലുകൊണ്ട് തല തകർത്തും കൊലപ്പെടുത്തിയ കാമുകന്റെ മൃതദേഹത്തെ ‘വിവാഹം ചെയ്ത്’ യുവതി.
ആഞ്ചൽ മാമിധ്വാർ എന്ന യുവതിയാണ് സാക്ഷാം ടേറ്റ് എന്ന തന്റെ കാമുകന്റെ മൃതദേഹത്തെ വിവാഹം ചെയ്ത്, നെറ്റിയിൽ സിന്ദൂരമണിഞ്ഞ് മരുമകളായി സാക്ഷാമിന്റെ വീട്ടിൽ താമസിക്കുമെന്ന് പ്രതിജ്ഞയെടുത്തത്. സഹോദരന്മാർ വഴിയാണ് സാക്ഷാമിനെ ആഞ്ചൽ പരിചയപ്പെടുന്നത്. പരിചയം പ്രണയമായി വളർന്നു. എന്നാൽ, രണ്ടു പേരും വ്യത്യസ്ത ജാതിയായതിനാൽ ആഞ്ചലിന്റെ പിതാവും സഹോദരന്മാരും ഈ ബന്ധത്തെ ശക്തമായി എതിർത്തു. ഭീഷണികൾക്കിടയിലും ആഞ്ചൽ ബന്ധം തുടർന്നു. ഇരുവരും വിവാഹം കഴിക്കാനുള്ള നീക്കം അറിഞ്ഞപ്പോൾ സാക്ഷാമിനെ ആഞ്ചലിന്റെ പിതാവും സഹോദരന്മാരും കൊലപ്പെടുത്തുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. ആഞ്ചലിന്റെ സഹോദരൻ ഹിമേഷ് ആദ്യം വാരിയെല്ലിന് വെടിവെച്ചു. പിന്നീട്, ഇഷ്ടിക കൊണ്ട് തലതകർത്ത് കൊല്ലുകയായിരുന്നു.
വെള്ളിയാഴ്ച അന്ത്യകർമങ്ങൾ നടക്കുന്നതിനിടെ, ആഞ്ചൽ കാമുകന്റെ വീട്ടിലെത്തി. ശരീരത്തിൽ മഞ്ഞളും നെറ്റിയിൽ കുങ്കുമവും പുരട്ടി, മരിച്ചുപോയ കാമുകന്റെ ശരീരത്തെ ‘വിവാഹം കഴിച്ചു’. ഭാര്യയായി ആ വീട്ടിൽ താമസിക്കുമെന്നും അവൾ പ്രഖ്യാപിച്ചു. സാക്ഷാമിന്റെ മരണത്തിലും തങ്ങളുടെ പ്രണയം ജയിച്ചെന്നും അച്ഛനും സഹോദരന്മാരും തോറ്റുപോയെന്നും ആഞ്ചൽ പറഞ്ഞു. സാക്ഷാമിന്റെ കൊലയാളികൾക്ക് വധശിക്ഷ നൽകണമെന്ന് ആഞ്ചൽ ആവശ്യപ്പെട്ടു. കാമുകൻ മരിച്ചെങ്കിലും പ്രണയം നിലനിൽക്കുന്നതിനാലാണ് വിവാഹം കഴിച്ചതെന്ന് ആഞ്ചൽ പറഞ്ഞു. കൊലപ്പെടുത്തിയ സംഭവത്തിൽ പിതാവും സഹോദരങ്ങളുമടക്കം ആറുപേർ അറസ്റ്റിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

