നീറ്റ് പാസ്, കണ്ണീരോടെ മടക്കം, നിർമാണത്തൊഴിലാളി ശുഭം സബർ ഇനി ഡോക്ടർ
text_fieldsശുഭം സബർ
ബാംഗളൂർ: ജൂണ് 14ന് ബംഗളൂരുവിലെ നിർമാണ സ്ഥലത്തെ തിരക്കിട്ട ജോലിക്കിടെയാണ് ഒഡീഷയിൽ നിന്നുള്ള അതിഥി തൊഴിലാളിയായ ശുഭം സബറിൻറെ ഫോൺ ബെല്ലടിക്കുന്നത്. രണ്ടുമിനിറ്റ് നീണ്ടുനിന്ന കോൾ, മണിക്കൂറുകൾ നീണ്ട കഠിനാധ്വാനത്തിന്റെ ക്ഷീണം ആവിയായത് പോലെ, ശുഭം നാഷണൽ എലിജിബിലിറ്റി എൻട്രൻസ് ടെസ്റ്റ്-യുജി (നീറ്റ്) പാസായതായി അറിയിച്ച് വിളിച്ചത് പരിചയത്തിലുള്ള അധ്യാപകനായിരുന്നു. ഒരു സ്വപ്നം പോലെ, ജീവിതം വഴിത്തിരിവിലെത്തുന്ന കഥ.
‘എനിക്ക് കരച്ചിൽ പിടിച്ചുനിർത്താൻ കഴിഞ്ഞില്ല, ഞാൻ ഒരു ഡോക്ടറാവാൻ പോവുന്നുവെന്ന് മാതാപിതാക്കളെ വിളിച്ചറിയിച്ചു. പണിയെടുക്കുന്ന സ്ഥലത്തെ കരാറുകാരനോട് എനിക്ക് നൽകാനുള്ള കൂലി കുടിശ്ശിക നൽകണമെന്ന് ആവശ്യപ്പെട്ടു.’-സബർ പറഞ്ഞു.
ഓഗസ്റ്റ് അവസാനവാരമാണ് ഒഡീഷയിലെ ബെർഹാംപൂരിലെ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിൽ 19 കാരനായ ശുഭം സബർ വിദ്യാർഥിയായി ചേർന്നത്. ആദ്യ ശ്രമത്തിൽ പട്ടികവർഗ വിഭാഗത്തിൽ 18,212-ആം റാങ്കുമായായിരുന്നു നേട്ടം.
കോഴ്സ് പൂർത്തിയാക്കിയാൽ നാലുവർഷത്തിനിടെ തന്റെ പഞ്ചായത്തിൽ നിന്നുള്ള ആദ്യ ഡോക്ടറാവും ശുഭം സബർ.
ഒഡീഷയിലെ ഖുർദ ജില്ലയിലെ മുദുലിദിയ്യ ഗ്രാമത്തിൽ ചെറുകിട ആദിവാസി കർഷക കുടുംബത്തിലെ അംഗമാണ് ശുഭം സബർ. നാല് സഹോദരങ്ങളിൽ മൂത്തയാൾ. ദാരിദ്രം കുടുംബത്തെ ഞെരുക്കുമ്പോൾ ഭക്ഷണത്തിനായി കഠിനാധ്വാനം ചെയ്യുന്ന മാതാപിതാക്കളെ കണ്ടിരിക്കാനാവാതെ ചെറുപ്പം മുതൽ ശുഭം സബർ തൊഴിലിനിറങ്ങിയിരുന്നു. അപ്പോഴും, ഊർജ്ജമായത് ജീവിതം മാറ്റിയെടുക്കാനുള്ള അതിയായ ആഗ്രഹമായിരുന്നുവെന്ന് ശുഭം പറയുന്നു.
പത്താം ക്ലാസിൽ 84 ശതമാനം മാർക്ക് നേടിയപ്പോൾ ഭുവനേശ്വറിലെ ബി.ജെ.ബി കോളേജിൽ 11, 12 ക്ലാസുകൾ പൂർത്തിയാക്കാൻ അധ്യാപകർ നിർദ്ദേശിച്ചു. 64 ശതമാനം മാർക്കുമായി 12-ആം ക്ളാസ് വിജയം. തുടർന്ന്, നീറ്റിനായി ബെർഹാംപൂരിലെ ഒരു കേന്ദ്രത്തിൽ പരിശീലനത്തിന് ചേർന്നു. നീറ്റ് പരീക്ഷ എഴുതിയ ശേഷമായിരുന്നു ബംഗളൂരുവിലേക്ക് നിർമാണത്തൊഴിലാളിയായി ശുഭം സർക്കാർ എത്തിയത്. നിർമാണത്തൊഴിലാളിയായി സമ്പാദിച്ച പണം എൻട്രൻസ് പരിശീലന കേന്ദ്രത്തിലെ ഫീസ് അടച്ചുതീർക്കാനും എം.ബി.ബി.എസ് പ്രവേശനത്തിനുള്ള ചെലവുകൾക്കായും ഉപയോഗിച്ചു. ഇനി പഠനം കഴിഞ്ഞ് തിരിച്ചെത്തി നാടിനും തന്നെപ്പോലെ കഷ്ടപ്പെടുന്ന യുവാക്കൾക്കും തുണയാവണമെന്നാണ് ശുഭം സബറിന്റെ ആഗ്രഹം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.