മൊത്തവില പണപ്പെരുപ്പം 9.92 ശതമാനമായി; ചില്ലറവില പണപ്പെരുപ്പം 4.82 ശതമാനമായി വർധിച്ചു
text_fieldsന്യൂഡൽഹി: ഭക്ഷ്യവസ്തുക്കൾ, ഇന്ധനം എന്നിവയുടെ വില ഉയർന്നതോടെ രാജ്യത്തെ മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ആഗസ്റ്റിൽ 9.92 ശതമാനമായി.
ജൂലൈയിൽ ഇത് 9.78 ശതമാനമായിരുന്നു. 2022-23 അടിസ്ഥാനവർഷമായുള്ള പുതിയ മൊത്തവില സൂചിക പരമ്പരയിലെ രണ്ടാമത്തെ ഉയർന്ന നിരക്കാണിത്. അതേസമയം, രാജ്യത്തെ ചില്ലറവില പണപ്പെരുപ്പം ആഗസ്റ്റിൽ 4.82 ശതമാനമായി വർധിച്ചു. ജൂലൈയിൽ ഇത് 4.45 ശതമാനമായിരുന്നെന്ന് ദേശീയ സ്ഥിതിവിവര ഓഫിസ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള ഭക്ഷ്യവിലക്കയറ്റം ജൂലൈയിലെ 5.52 ശതമാനത്തിൽനിന്ന് ആഗസ്റ്റിൽ 5.95 ശതമാനമായി. 2026-27 സാമ്പത്തിക വർഷത്തെ ശരാശരി ചില്ലറ പണപ്പെരുപ്പം അഞ്ചുശതമാനമായിരിക്കുമെന്നാണ് റിസർവ് ബാങ്കിന്റെ വിലയിരുത്തൽ.
അതേസമയം, കണക്കുകൾ പുറത്തുവന്നതിന് പിന്നാലെ കേന്ദ്ര സർക്കാറിനെതിരെ കോൺഗ്രസ് രൂക്ഷ വിമർശനമുന്നയിച്ചു. അവശ്യവസ്തുക്കളുടെ വിലവർധന കോടിക്കണക്കിന് കുടുംബങ്ങളെ ദുരിതത്തിലാക്കുകയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

