ബ്രിക്സ്; നരേന്ദ്ര മോദി ഒരുക്കിയ അത്താഴവിരുന്നിൽനിന്ന് വിട്ടുനിന്ന് ഷി ജിൻപിങ്
text_fieldsന്യൂഡൽഹി: ന്യൂഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ഒരുക്കിയ പ്രത്യേക അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്. ഭാരത് മണ്ഡപത്തിൽ നടന്ന ഉച്ചകോടിയിലും പ്രധാനമന്ത്രിയുമായുള്ള ഉഭയകക്ഷി ചർച്ചയിലും പങ്കെടുത്ത ശേഷമാണ് വിരുന്നിന് നിൽക്കാതെ അദ്ദേഹം താമസിക്കുന്ന ഹോട്ടലിലേക്ക് മടങ്ങിയത്.
വിരുന്നിൽനിന്ന് വിട്ടുനിന്നതിന്റെ ഔദ്യോഗിക കാരണം ഇതുവരെ വ്യക്തമല്ല. ശനിയാഴ്ച രാവിലെ ചൈനയിൽനിന്ന് യാത്രതിരിച്ച അദ്ദേഹം ഉച്ചയോടെയാണ് ഡൽഹിയിലെത്തിയതെന്നും, വിശ്രമമില്ലാതെ ഉച്ചകോടിയിൽ പങ്കെടുത്തതിലെ ക്ഷീണം കാരണമാണ് ഹോട്ടലിലേക്ക് മടങ്ങിയതെന്നുമാണ് വാർത്താ ഏജൻസിയായ പിടിഐ നൽകുന്ന സൂചന. ഷി ജിൻപിങ്ങിന് പുറമെ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദും അത്താഴവിരുന്നിൽ പങ്കെടുത്തില്ല. ഉച്ചകോടി പൂർത്തിയാക്കിയതിന് പിന്നാലെ അദ്ദേഹം യു.എ.ഇയിലേക്ക് മടങ്ങിയിരുന്നു.
റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ അടക്കമുള്ള മറ്റ് ബ്രിക്സ് രാജ്യങ്ങളിലെ നേതാക്കൾ വിരുന്നിൽ സന്നിഹിതരായിരുന്നു. ഇതിന് പുറമെ കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിർമല സീതാരാമൻ, പീയുഷ് ഗോയൽ, അശ്വിനി വൈഷ്ണവ്, ശിവരാജ് സിങ് ചൗഹാൻ, ലോക്സഭാ സ്പീക്കർ ഓം ബിർള എന്നിവരും വിരുന്നിനെത്തി. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായ യോഗി ആദിത്യനാഥ്, ദേവേന്ദ്ര ഫഡ്നാവിസ്, സുവേന്ദു അധികാരി, ഹിമന്ത ബിശ്വ ശർമ തുടങ്ങിയവരും ഭാരത് മണ്ഡപത്തിൽ എത്തിയിരുന്നു. പാർലമെന്റ് മന്ദിരത്തിൽനിന്ന് രണ്ട് പ്രത്യേക ബസുകളിലായാണ് മന്ത്രിമാരും മുഖ്യമന്ത്രിമാരും വിരുന്നുവേദിയിലേക്ക് പോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

