‘ബാനു മുഷ്താഖ് ചാമുണ്ഡേശ്വരി ദേവിയെ വിശ്വസിക്കുന്നുണ്ടോ?’ -മൈസൂരു ദസറ ഉദ്ഘാടനത്തെ ചൊല്ലി ബി.ജെ.പിയിൽ ഭിന്നത; എതിർത്ത് കേന്ദ്ര മന്ത്രി ശോഭ, അനുകൂലിച്ച് മൈസൂരു രാജാവായ ബി.ജെ.പി എം.പി
text_fieldsബംഗളൂരു: അടുത്ത മാസം 22ന് ആരംഭിക്കുന്ന മൈസൂരു ദസറ ആഘോഷം ബുക്കർ സമ്മാന ജേതാവായ എഴുത്തുകാരി ബാനു മുഷ്താഖ് ഉദ്ഘാടനം ചെയ്യുന്നതിനെ ചൊല്ലി ബി.ജെ.പിയിൽ ഭിന്നത. മുസ്‍ലിം ഉദ്ഘാടനം ചെയ്യുന്നതിനെതിരെ കേന്ദ്ര സഹമന്ത്രി ശോഭ കരന്ത് ലാജെ രംഗത്ത് വന്നു. അതേസമയം മൈസൂരു രാജാവും കുടക്-മൈസൂരു ബി.ജെ.പി എം.പിയുമായ യദുവീർ കൃഷ്ണദത്ത വാഡിയാർ മതേതര സ്വഭാവമുള്ള സംസ്ഥാന സർക്കാർ ആഘോഷമായ ദസറ മുഷ്താഖ് ഉദ്ഘാടനം ചെയ്യുന്നതിന് അനുകൂല നിലപാട് പ്രഖ്യാപിച്ചു.
ജെ.ഡി.എസ് എം.എൽ.എ എച്ച്.ഡി. രേവണ്ണയും ഇതേ അഭിപ്രായം പ്രകടിപ്പിച്ചു. മൈസൂറു ദിവാനായിരുന്ന മിർസാ ഇസ്മയിൽ ചെയർമാനായി ദസറ ആഘോഷിച്ച ചരിത്രവും പ്രമുഖ കവിയും സാഹിത്യകാരനും മായിരുന്ന കെ.എസ്.നിസാർ അഹമ്മദ് ദസറ ഉദ്ഘാടനം ചെയ്തതും ഓർമ്മിപ്പിച്ച്, ആഭ്യന്തര മന്ത്രി ഡോ.ജി. പരമേശ്വര ദസറ മതപരമല്ലെന്ന് പറഞ്ഞു.
ബാനു മുഷ്താഖ് മാന്യയായ വ്യക്തിത്വമാണെന്നും ദസറ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യാൻ യോഗ്യയായ അതിഥി ആണെന്നും മൈസൂരു കൊട്ടാരം പൈതൃക രാജാവായി വാഴിച്ച യദുവീർ കൃഷ്ണ വാഡിയാർ എം.പി പറഞ്ഞു. ‘ഉത്സവത്തെ മതപരമായി കണക്കാക്കുന്നതും അതേ മതവികാരമുള്ള ആളുകളെ ക്ഷണിക്കാൻ സൂചന നൽകുന്നതുമാണ് പ്രശ്നം. ആക്ടിവിസ്റ്റ് എന്ന നിലയിൽ മുഷ്താഖ് സാമൂഹികമായി വളരെയധികം നന്മ ചെയ്തിട്ടുണ്ട്. മുസ്‌ലിം സ്ത്രീകൾക്ക് പള്ളികളിൽ പ്രവേശനം നൽകുന്നതിൽ അവർ പ്രത്യേക ശ്രദ്ധ ചെലുത്തി. 2000-ൽ അവർ സാമൂഹിക ബഹിഷ്കരണം പോലും നേരിടേണ്ടി വന്നു. ജീവിതത്തിലുടനീളം മുസ്‌ലിം സ്ത്രീകളുടെ ഉന്നമനത്തിനായി അവർ ശ്രമിച്ചു. അതിന്റെ പേരിൽ വധഭീഷണി പോലും നേരിടേണ്ടി വന്നിട്ടുണ്ട്. ഇവയെല്ലാം വളരെ മാന്യമായ കാര്യങ്ങളാണ്, ആ കാഴ്ചപ്പാടിൽ ദസറ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യാൻ ഇവിടെ വരാൻ അവർ വളരെ യോഗ്യയായ അതിഥിയാണ്’ -അദ്ദേഹം പറഞ്ഞു. ദസറക്ക് ഔദ്യോഗികമായി മതപരമായ അർത്ഥമില്ല. കാരണം അത് നടത്തുന്നത് സംസ്ഥാനമാണ്. മുഷ്താഖിനെ ക്ഷണിച്ച് പിന്നീട് തള്ളുന്നത് അപമാനമായിരിക്കുമെന്നും വാഡിയാർ പറഞ്ഞു.
ദസറ സംസ്ഥാന ഉത്സവമാണെന്നും എല്ലാവരെയും ക്ഷണിക്കുമെന്നും അതിൽ മതം ചേർക്കരുതെന്നും കർണാടക ആഭ്യന്തര മന്ത്രി ഡോ. ജി പരമേശ്വര വ്യക്തമാക്കി. ‘2017ൽ മൈസൂരുവിൽ കവി നിസ്സാർ അഹമ്മദ് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തിരുന്നു. മിർസ ഇസ്മായിൽ മൈസൂരുവിലെ ദിവാൻ ആയിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ദസറ ആഘോഷം നടന്നിട്ടുണ്ട്. ഇതൊരു സംസ്ഥാന ഉത്സവമാണ്. ഇതിലേക്ക് മതം കൊണ്ടുവരേണ്ടതില്ല. പലരും ഇത് ഒരു മതപരമായ പരിപാടിയാണെന്ന് കരുതുന്നു, പക്ഷേ ഇതൊരു സംസ്ഥാന ഉത്സവമാണ്. എന്തിനാണ് നിങ്ങൾ ഇതിൽ മതം കലർത്തുന്നത്. ഒരു സമുദായത്തെ ഒഴിവാക്കിയാണോ ഇത് നടത്തേണ്ടത്? അവർ എന്തെങ്കിലും വിശ്വസിക്കുന്നുണ്ടോ ഇല്ലയോ എന്നത് പരിഗണിക്കാതെ തന്നെ, ഇത് ഒരു സംസ്ഥാന ഉത്സവമാണ്, ഞങ്ങൾ എല്ലാവരെയും ക്ഷണിക്കും. ചാമുണ്ഡേശ്വരി ദേവിയിൽ വിശ്വസിക്കണോ വേണ്ടയോ എന്നത് മുഷ്താഖിന്റെ ഇഷ്ടമാണ്’ -പരമേശ്വര പറഞ്ഞു.
ദസറ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുന്നതിൽ നിന്ന് ബാനു മുഷ്താഖിനോട് വിട്ടുനിൽക്കാൻ കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ ,തൊഴിൽ, തൊഴിൽ വകുപ്പുകളുടെ സഹമന്ത്രി ശോഭ കരന്ത്ലാജെ അഭ്യർത്ഥിച്ചു. ‘ഹിന്ദു മതത്തിൽ വിശ്വസിക്കാത്തവരും വിഗ്രഹാരാധനയുടെ ആചാരം പിന്തുടരാത്തവരും ദസറ ഉദ്ഘാടനത്തിൽ പങ്കെടുത്ത് എന്തു ചെയ്യും? കോൺഗ്രസ് സർക്കാർ ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുകയാണ്. എഴുത്തുകാരി ബാനു മുഷ്താഖ് ചാമുണ്ഡി കുന്നുകളിലേക്ക് പോകരുത്. ചാമുണ്ഡേശ്വരി ദേവിക്ക് അവർ പുഷ്പാർച്ചന നടത്തില്ലെന്ന് താൻ കരുതുന്നു. പരിപാടിയിൽ നിന്ന് വിട്ടുനിൽക്കാൻ ഞാൻ അവരോട് അഭ്യർത്ഥിക്കുന്നു. അവർ (ബാനു മുഷ്താഖ്) ചാമുണ്ഡേശ്വരി ദേവിയിൽ വിശ്വസിക്കുന്നുവെങ്കിൽ, അവർ അത് അറിയിക്കട്ടെ. അങ്ങനെ ചെയ്താൽ, പുഷ്പാർച്ചന നടത്തുന്നതിൽ തങ്ങൾ എതിർപ്പ് പ്രകടിപ്പിക്കില്ല’ -ശോഭ പറഞ്ഞു.
‘ഈ നാടിന്റെ ദേവതയായി കണക്കാക്കപ്പെടുന്ന ഭുവനേശ്വരിയെ എഴുത്തുകാരിയായ ബാനു മുഷ്താഖ് അംഗീകരിക്കുന്നില്ല. പിന്നെ എങ്ങനെയാണ് അവർക്ക് ചാമുണ്ഡേശ്വരി ദേവിയെ സ്വീകരിക്കാൻ കഴിയുക? ദസറ വെറുമൊരു സാംസ്കാരിക ആഘോഷമല്ല, അതൊരു മതപരമായ ആഘോഷമാണ്.
മൈസൂർ രാജ്യത്തിന്റെ മുൻ ഭരണാധികാരികളായ ടിപ്പു സുൽത്താനും പിതാവ് ഹൈദർ അലിയും ദസറ ആഘോഷിച്ചിരിക്കാമെങ്കിലും അവർ ഒരിക്കലും ദേവിയുടെ മുമ്പാകെ പ്രാർത്ഥന നടത്തിയിട്ടില്ല’ -ബാനു മുഷ്താഖിന്റെ വിഡിയോ പ്രദർശിപ്പിച്ചുകൊണ്ട് കേന്ദ്രമന്ത്രി പറഞ്ഞു.
എഴുത്തുകാരിയായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്യാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ മുൻ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡയുടെ മകനും കേന്ദ്ര മന്ത്രി എച്ച്‌ഡി കുമാര സ്വാമിയുടെ സഹോദരനുമായ ഹാസൻ മണ്ഡലം ജെഡിഎസ് എംഎൽഎ എച്ച്‌ഡി രേവണ്ണ ന്യായീകരിച്ചു. വർഗീയതയുടെ പേരിൽ മുംതാസിനെ എതിർക്കരുതെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.
എഴുത്തുകാരി ബാനു മുഷ്താഖ് പതിറ്റാണ്ടുകളായി നിരവധി പോരാട്ടങ്ങളിൽ പങ്കാളിയാണ്. അവരെ തിരഞ്ഞെടുത്ത് ദസറ ഉത്സവം ഉദ്ഘാടനം ചെയ്യാൻ അവസരം നൽകുന്നതിൽ എന്താണ് തെറ്റ്? -ഹാസനിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ രേവണ്ണ ചോദിച്ചു. അവരുടെ വിശ്വാസം കാരണം എതിർക്കുന്നവരെ അദ്ദേഹം വിമർശിച്ചു. ‘മുസ്‌ലിം സമുദായത്തിൽപെട്ടതിനാൽ അവരെ തെരഞ്ഞെടുത്തതിന് ചിലർ സർക്കാരിനെ എതിർക്കുന്നു. ഹിന്ദു-മുസ് ലിം എന്നിങ്ങനെ രണ്ട് മതങ്ങളെ വിഭജിക്കുന്നത് ശരിയല്ല. നമ്മൾ ഇന്ത്യക്കാരാണെന്ന് നമ്മൾ മനസ്സിലാക്കണം’ -അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.