ജഡ്ജിയുടെ വീട്ടിലെ പണക്കൂമ്പാരം; ഹരജി അടിയന്തരമായി പരിഗണിക്കാൻ സുപ്രീംകോടതിക്ക് വിസമ്മതം
text_fieldsന്യൂഡൽഹി: ഡൽഹി ഹൈകോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിൽനിന്ന് നോട്ടുകൂമ്പാരം കണ്ടെത്തിയ സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ നിർദേശം നൽകണമെന്ന ഹരജി അടിയന്തരമായി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി.
ഹരജി പട്ടികയിൽപ്പെടുത്തിയെന്നും പരസ്യ പ്രസ്താവന നടത്തരുതെന്നും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു. കാലതാമസം കേസിൽ അട്ടിമറി സാധ്യത സംശയിക്കാൻ കാരണമാവുന്നതായി ചൂണ്ടിക്കാട്ടി മലയാളി അഭിഭാഷകൻ മാത്യൂസ് ജെ. നെടുമ്പാറയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹൈകോടതി ജഡ്ജിക്കോ സുപ്രീം കോടതി ജഡ്ജിക്കോ എതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്യണമെങ്കിൽ ചീഫ് ജസ്റ്റിസുമായി കൂടിയാലോചിക്കണമെന്ന് സുപ്രീംകോടതി മുമ്പ് നിർദേശിച്ചിരുന്നു.
ഇത് രാജ്യത്തെ ശിക്ഷാനിയമങ്ങൾക്ക് മുകളിൽ സവിശേഷാധികാരമുള്ള വിഭാഗത്തെ സൃഷ്ടിക്കുമെന്ന് മാത്യൂസ് നെടുമ്പാറ ഹരജിയിൽ പറയുന്നു. പോക്സോ കേസിലും കൈക്കൂലി കേസിലും ജഡ്ജിമാർ കൈയോടെ പിടിക്കപ്പെടുന്ന സാഹചര്യങ്ങളിൽ പോലും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനാവുന്നില്ല.
അന്വേഷണം നടത്താനുള്ള അധികാരം മൂന്നംഗ സമിതിക്ക് നൽകിയ കൊളീജിയം തീരുമാനം അസാധുവാക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.