ആപ്പിൾ ജീവനക്കാരെൻറ കുടുംബം ആദിത്യനാഥിനെ സന്ദർശിച്ചു: 25 ലക്ഷം നഷ്ടപരിഹാരം
text_fields ലഖ്നോ: ഉത്തര്‍പ്രദേശില്‍ ആപ്പിൾ സ്റ്റോർ മാനേജറെ വെടിവെച്ചുകൊന്ന സംഭവത്തില്‍ യു.പി സര്‍ക്കാരിനും പൊലീസിനുമെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിവേക് തിവാരിയുടെ കുടുംബം സന്ദര്‍ശിച്ചു. തിവാരിയുടെ കുടുംബവുമായി യോഗി ആദിത്യനാഥ് 25 മിനിറ്റോളം ആശയ വിനിമയം നടത്തി. ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ്മക്കൊപ്പമാണ് തിവാരിയുടെ കുടുംബവുമായി കൂടിക്കാഴ്ച നടത്തിയത്. കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി അഞ്ചു ലക്ഷവും മാതാവിന് അഞ്ചു ലക്ഷവും നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം, തിവാരിയെ വെടിവെച്ചതിനെ ന്യായീകരിച്ചുള്ള പൊലീസിെൻറ വാദം തെറ്റെന്ന് തെളിയിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവ സ്ഥലത്തുനിന്ന് കണ്ടെടുത്ത ദൃശ്യങ്ങളിൽ വിവേക് തിവാരി സാധാരണ രീതിയിലാണ് വണ്ടിയോടിച്ചതെന്നും ഒരു പ്രകോപനവും അയാളില്‍ നിന്നുണ്ടായിട്ടില്ലെന്നും വ്യക്തമാണ്.
വിവേക് തിവാരി സഞ്ചരിച്ച കാര്‍ പൊലീസ് ബൈക്കിൽ ഇടിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വെടിവെച്ചതാണെന്നാണ് പൊലീസുകാരെൻറ അവകാശവാദം. എന്നാൽ പൊലീസുകാർക്ക് നേരെ വിവേക് വാഹനം ഒാടിച്ചിട്ടില്ലെന്ന് ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. സംഭവത്തിൽ കോണ്‍സ്റ്റബിള്‍ പ്രശാന്ത് കുമാർ ചൗധരിക്ക് ഒപ്പമുള്ള സന്ദീപ് കുമാറിനുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.