`നിങ്ങൾക്ക് ഒരു വ്യക്തിയെ കൊല്ലാം, എന്നാൽ അയാളുടെ ആത്മവീര്യത്തെ നശിപ്പിക്കാന്‍ കഴിയില്ല' -ഖാംനഈയെ പിന്തുണച്ച് യോഗാഗുരു ബാബ രാംദേവ്
text_fieldsന്യൂഡൽഹി: സമൂഹമാധ്യമത്തിൽ വൈറലായി യോഗാഗുരു ബാബാ രാംദേവിന്റെ ഇറാനെ അനുകൂലിച്ചുള്ള പരാമർശങ്ങൾ. ഇസ്രായേൽ-ഇറാന് യുദ്ധത്തിൽ അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെയുള്ള രാംദേവിന്റെ പ്രസ്താവനയാണ് ചർച്ചയായികൊണ്ടിരിക്കുന്നത്. ഒരു വാർത്താ ചാനലിന്റെ അഭിമുഖത്തിനിടെ, കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയെ പിന്തുണയ്ക്കണോ അതോ ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിനൊപ്പം നിൽക്കണോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു രാംദേവ്.
`നിങ്ങൾക്ക് ഒരു വ്യക്തിയെ കൊല്ലാം, എന്നാൽ അദ്ദേഹത്തിന്റെ ആശയങ്ങളെയോ ദർശനത്തെയോ മാനസികാവസ്ഥയെയോ ആത്മവീര്യത്തെയോ വീര്യത്തെയോ നശിപ്പിക്കാൻ കഴിയില്ല' രാംദേവ് കൂട്ടി ചേർത്തു. വർഷങ്ങളായി രാംദേവ് പിന്തുണക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേലിനൊപ്പമാണെന്ന വിമർശനം നിലനിൽക്കെയാണ് ഈ പരാമർശം എന്നത് ശ്രദ്ധേയമാണ്. `ഇറാനെക്കുറിച്ച് എനിക്ക് വലിയ അറിവില്ലായിരിക്കാം പക്ഷേ എനിക്ക് ഇത്രയറിയാം, പ്രവാചകൻ മുഹമ്മദ് നബിയുടെ നേരിട്ടുള്ള വംശപരമ്പരയിൽപ്പെട്ടവരാണ് ഷിയാ വിഭാഗക്കാർ. അവരെ ആർക്കും കീഴ്പ്പെടുത്താനോ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കാനോ പരാജയപ്പെടുത്താനോ കഴിയില്ല'. ഇറാന്റെ ഒന്‍പത് കോടി ജനസംഖ്യയിൽ ഒരു കോടിയിലധികം പേർ ഖാംനഈയുടെ പ്രത്യയശാസ്ത്രത്തെ നെഞ്ചേറ്റുന്നവരാണെന്നും അത് ഇല്ലാതാക്കുക അസാധ്യമാണെന്നും അദ്ദേഹം വാദിച്ചു.
അതേ സമയം അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപും നെതന്യാഹുവും ഒരേ തൂവൽപക്ഷികളാണെന്ന് അദ്ദേഹം പരിഹസിച്ചു. അമേരിക്കയും ഇസ്രായേലും രാഷ്ട്രീയ അവിശ്വാസത്തിന്റെ വലിയൊരു ഹിമാലയ പർവ്വതം തന്നെ സൃഷ്ടിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത 100 വർഷങ്ങളോളം അമേരിക്കയ്ക്കും ഇസ്രായേലിനും ഇതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരുമെന്നും ഈ യുദ്ധത്തിൽ അവർക്ക് വിജയിക്കാനാവില്ലെന്നും ഇറാൻ പരാജയപ്പെടില്ലെന്നുമാണ് രാംദേവ് അഭിമുഖത്തിൽ വ്യക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

