പോസിറ്റിവ് സർട്ടിഫിക്കറ്റ് ഇല്ലെങ്കിലും ചികിത്സ തേടാം –കേന്ദ്രം
text_fieldsന്യൂഡൽഹി: കോവിഡ് സംശയിക്കുന്നവരേയും ചികിത്സ കേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിെൻറ പുതുക്കിയ മാർഗ നിർദേശം. രോഗമുണ്ടെന്ന് സംശയിക്കപ്പെടുന്നവർക്ക് പോസിറ്റിവ് പരിശോധനാഫലം ഇല്ലെങ്കിലും കോവിഡ് കെയർ സെൻറർ, കോവിഡ് ഹെൽത്ത് സെൻറർ, കോവിഡ് ആശുപത്രികൾ തുടങ്ങിയ ഇടങ്ങളിൽ പ്രവേശനം അനുവദിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് അയച്ച മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു.
പരിശോധനാഫലം ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഒരു രോഗിക്കും ഓക്സിജൻ, മറ്റ് അടിയന്തര മരുന്ന് തുടങ്ങിയ സേവനം നിഷേധിക്കരുത്. രോഗി മറ്റു നഗരത്തിൽ നിന്നുള്ള ആളാണെങ്കിൽ കൂടി സേവനങ്ങൾ ലഭ്യമാക്കണം. ആശുപത്രി സ്ഥിതിചെയ്യുന്നിടത്തെ താമസക്കാരനെന്ന് തെളിയിക്കുന്ന തിരിച്ചറിയൽ രേഖയില്ലെന്ന കാരണത്താലും പ്രവേശനം നിഷേധിക്കരുത്. ആശുപത്രി പ്രവേശനം ആവശ്യകത മുൻനിർത്തിയാകണം. ആശുപത്രി ചികിത്സ ആവശ്യമില്ലാത്തവർ കിടക്ക കൈയടക്കുന്ന സ്ഥിതിയുണ്ടാകരുത്.
കേന്ദ്രം നേരത്തെ പുറത്തുവിട്ട പുതുക്കിയ ഡിസ്ചാർജ് നയത്തിന് അനുസൃതമായിട്ടായിരിക്കണം രോഗികളെ വിട്ടയക്കുന്നത്. നേരിയ രോഗമുള്ളവർക്ക് കോവിഡ് കെയർ സെൻററിലും അത്രഗുരുതരമല്ലാത്ത അവസ്ഥയിലുള്ളവർക്ക് കോവിഡ് ഹെൽത്ത് സെൻററിലും ചികിത്സ നൽകണം. കോവിഡ് കെയർ സെൻറർ, കോവിഡ് ഹെൽത്ത് സെൻറർ, കോവിഡ് ചികിത്സക്ക് മാത്രമായുള്ള ആശുപത്രി എന്നിങ്ങനെ ത്രിതല ചികിത്സ സംവിധാനം തുടരണം. ആശുപത്രി പ്രവേശനം സംബന്ധിച്ച പുതുക്കിയ മാർഗനിർദേശം മൂന്നു ദിവസങ്ങൾക്കകം നടപ്പാക്കുന്നതിന് ചീഫ് സെക്രട്ടറിമാർ ആവശ്യമായ ഉത്തരവുകൾ പുറപ്പെടുവിക്കണമെന്നും കേന്ദ്രം നിർദേശം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.