ആഭ്യന്തര മന്ത്രിയായപ്പോൾ അറസ്റ്റിലായ അമിത് ഷാ ധാർമികത പഠിപ്പിക്കേണ്ട -കെ.സി. വേണുഗോപാൽ
text_fieldsന്യൂഡൽഹി: ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരിക്കെ, ക്രിമിനൽ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ കിടന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് രാഷ്ട്രീയത്തിലെ ധാർമികതയെ കുറിച്ച് പറയാൻ എന്താണ് അവകാശമെന്ന് ആലപ്പുഴ എം.പിയും സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ കെ.സി. വേണുഗോപാൽ ചോദിച്ചു. പ്രതിപക്ഷ ബെഞ്ച് ഡെസ്കിലടിച്ച് വേണുഗോപാലിനെ പ്രോത്സാഹിപ്പിച്ചു. പ്രകോപിതനായ അമിത് ഷാ എഴുന്നേറ്റ് താൻ സ്വയം രാജിവെച്ചിട്ടുണ്ടെന്നും കോടതി കുറ്റക്കാരനല്ലെന്ന് പറയുന്നതു വരെ ഒരു ഭരണഘടന പദവിയും വഹിച്ചിട്ടില്ലെന്നും മറുപടി നൽകി.
കേസിൽ കുടുങ്ങി ഒരു മാസം തടവിലായാൽ മന്ത്രിസ്ഥാനം പോകാൻ വ്യവസ്ഥ ചെയ്യുന്ന 130ാം ഭരണഘടന ഭേദഗതി ബിൽ രാഷ്ട്രീയത്തിൽ ധാർമികതയും നൈതികതയും കൊണ്ടുവരാനാണെന്ന് അമിത് ഷാ അവതരണ വേളയിൽ പറഞ്ഞതിനെയാണ് അമിത് ഷായുടെ ഭൂതകാലം ചൂണ്ടിക്കാട്ടി വേണുഗോപാൽ പരിഹസിച്ചത്. ഭരണഘടനവിരുദ്ധമായ ഈ ബിൽ പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സർക്കാറുകളെ വീഴ്ത്താനും ബിഹാറിലെ നിതീഷ് കുമാറിനെയും ആന്ധ്രപ്രദേശിലെ ചന്ദ്രബാബു നായിഡുവിനെയും പേടിപ്പിച്ച് കൂടെ നിർത്താനുമാണെന്ന് വേണുഗോപാൽ പറഞ്ഞപ്പോഴേക്കും സംസാരം തുടരാൻ അനുവദിക്കാതെ മൈക്ക് ഓഫ് ചെയ്തു.
അമിത് ഷാ പാർലമെന്ററി ചട്ടം ലംഘിച്ചു -എൻ.കെ. പ്രേമചന്ദ്രൻ
ന്യൂഡൽഹി: ഭരണഘടന ഭേദഗതി ബില്ലിന്റെ പകര്‍പ്പ് രണ്ടു ദിവസം മുമ്പെങ്കിലും എം.പിമാർക്ക് വിതരണം ചെയ്യണമെന്ന ചട്ടം പോലും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലംഘിച്ചെന്ന് എൻ.കെ. പ്രേമചന്ദ്രൻ ലോക്സഭയിൽ കുറ്റപ്പെടുത്തി. ബില്ലിന്റെ അവതരണാനുമതിയെ എതിര്‍ത്ത് സംസാരിക്കുകയായിരുന്നു എം.പി. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ പോലും ഭേദഗതി ചെയ്യുന്ന ബില്ലാണ് ചട്ടങ്ങള്‍ ലംഘിച്ച് ധിറുതിയിൽ ലോക്സഭയില്‍ അവതരിപ്പിച്ചത്. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ തകര്‍ക്കുന്ന ഭേദഗതി ബില്‍ സഭയില്‍ അവതരിപ്പിക്കാനുള്ള അധികാരമോ അവകാശമോ ഇല്ലെന്നിരിക്കെ അത്തരമൊരു ബില്‍ സഭ പരിഗണിച്ച് സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിടാൻ അവകാശമില്ലെന്ന നിയമപ്രശ്നം എം.പി ഉന്നയിച്ചു.
രാഷ്ട്രീയം ശുദ്ധീകരിക്കാനെന്ന് പറഞ്ഞ് ജനാധിപത്യം തകർക്കുന്നു -കെ. രാധാകൃഷ്ണൻ എം.പി
ന്യൂഡൽഹി: രാഷ്ട്രീയം ശുദ്ധീകരിക്കാനെന്ന് പറഞ്ഞ് ബിൽ കൊണ്ടുവന്നത് യഥാർഥത്തിൽ ജനാധിപത്യം തകർക്കാനാണെന്ന് കെ. രാധാകൃഷ്ണൻ എം.പി കുറ്റപ്പെടുത്തി. ‘കുറ്റവാളിയെന്ന് തെളിയിക്കും വരെ നിരപരാധിയാണെന്ന’ അടിസ്ഥാന നിയമ തത്വം ലംഘിക്കുന്ന ഭരണഘടന ഭേദഗതിയാണിതെന്നും ബില്ലിന് അവതരണാനുമതി നൽകരുതെന്നാവശ്യപ്പെട്ട് സ്പീക്കർക്ക് നൽകിയ വിസമ്മത കുറിപ്പിൽ രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി.
ഇത് ഉത്തരവാദിത്ത നിർവഹണമല്ല, മറിച്ച് രാഷ്ട്രീയ പ്രതികാരമാണ്. സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കാതെ ബിൽ കൊണ്ടുവരാൻ കേന്ദ്രത്തിന് നിയമപരമായി അവകാശമില്ലെന്നും രാധാകൃഷ്ണൻ കുറിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.