ആൾക്കൂട്ട ആക്രമണങ്ങൾക്ക് അറുതിവേണം; പ്രത്യേക നിയമനിർമാണം ആവശ്യപ്പെട്ട് യൂത്ത് ലീഗ്, ഡിസംബർ 10ന് ഡൽഹിയിൽ ഇരകളുടെ സംഗമം
text_fieldsന്യൂഡൽഹി: വിദ്വേഷ ആക്രമണങ്ങൾക്കും ആൾക്കൂട്ട കൊലപാതകങ്ങൾക്കുമെതിരെ പ്രത്യേക നിയമ നിർമാണം ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് പ്രക്ഷോഭത്തിന്. ലോക മനുഷ്യാവകാശ ദിനമായ ഡിസംബർ 10ന് ദേശവ്യാപക കാമ്പയിന് തുടക്കമിടാൻ ദേശീയ കമ്മിറ്റി തീരുമാനിച്ചു.
‘അബോലിഷൻ ഓഫ് ഹേറ്റ് ക്രൈംസ്, മോബ് ലിഞ്ചിങ് ആൻഡ് സെക്ടേറിയൻ വയലൻസ് ആക്ട് (എ.എച്ച്.എം.എസ്.എ) അഹിംസ’ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന കാമ്പയിനിന്റെ ഭാഗമായാണ് സംഗമം. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ ആൾക്കൂട്ട ഭീകരതക്കിരയായി കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ പങ്കെടുക്കും.
പാർലമെന്റ് അംഗങ്ങൾ, മാധ്യമ പ്രവർത്തകർ, ആക്ടിവിസ്റ്റുകൾ, അഭിഭാഷകർ തുടങ്ങിയ മേഖലകളിലെ പ്രമുഖരും പങ്കെടുക്കുന്നുണ്ട്. രാഷ്ട്രീയ സാമൂഹിക പ്രവർത്തകരിൽ നിന്നും നിയമപണ്ഡിതരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും സ്വീകരിക്കുന്ന നിർദേശങ്ങൾ ഉൾക്കൊള്ളിച്ചു തയാറാക്കുന്ന കരട് രൂപരേഖ പ്രതിപക്ഷ എം.പിമാർക്ക് നേരിൽ സമർപ്പിക്കാനും യൂത്ത് ലീഗ് ദേശീയ ഭാരവാഹികളുടെ ഓൺലൈൻ യോഗത്തിൽ തീരുമാനിച്ചു.
ന്യൂനപക്ഷങ്ങൾക്കും ദലിത് ആദിവാസി വിഭാഗങ്ങൾക്കും ആരാധനാലയങ്ങൾക്കും നേരെ വിദ്വേഷപ്രചാരണവും ആക്രമണങ്ങളും നിത്യസംഭവമായി മാറുന്ന സാഹചര്യത്തിലാണ് വിപുലമായ രാഷ്ട്രീയ കാമ്പയിനിന് നേതൃത്വം നൽകാൻ സംഘടന തീരുമാനിച്ചത്. ദേശീയ കമ്മിറ്റിയുടെ പുതിയ പ്രവർത്തന പദ്ധതികൾക്ക് രൂപം നൽകുന്നതിനായി ഒക്ടോബർ 27, 28 തീയതികളിൽ തിരുവനന്തപുരത്ത് ദേശീയ എക്സിക്യൂട്ടിവ് യോഗം ചേരും.
ദേശീയ പ്രസിഡന്റ് അഡ്വ. സർഫറാസ് അഹമ്മദ് അധ്യക്ഷത വഹിച്ചു. ടി.പി. അഷ്റഫലി എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അഡ്വ. ഷിബു മീരാൻ സ്വാഗതവും ട്രഷറർ അൻസാരി മതാർ നന്ദിയും പറഞ്ഞു.
വൈസ് പ്രസിഡന്റുമാരായ പാണക്കാട് മുഈനലി ശിഹാബ് തങ്ങൾ, സജ്ജാദ് ഹുസൈൻ അക്തർ, സുബൈർ ഖാൻ നാഗ്പുർ, പി.പി. അൻവർ സാദത്, ഹസൻ സകരിയ സേലം, ആഷിഖ് ചെലവൂർ, മുഫീദ തെസ്നി, സെക്രട്ടറിമാരായ സി.കെ. ശാക്കിർ, തൗസീഫ് ഹുസൈൻ റാസ, റഹ്മത്തുള്ള ശരീഫ്, സാജിദ് നടവണ്ണൂർ, അഡ്വ. അസ്സറുദ്ദീൻ ചൗധരി, അഡ്വ. നജ്മ തബ്ഷീറ എന്നിവർ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

