2018ലെ മാനനഷ്ടക്കേസ്; ധ്രുവ് റാഠിക്കെതിരെ വീണ്ടും വാറണ്ട് പുറപ്പെടുവിച്ച് ഡൽഹി കോടതി
text_fieldsന്യൂഡൽഹി: 2018ലെ മാനനഷ്ടക്കേസിൽ യൂട്യൂബർ ധ്രുവ് റാഠിക്കെതിരെ ഡൽഹി കോടതി വീണ്ടും ജാമ്യം ലഭിക്കാവുന്ന വാറണ്ട് പുറപ്പെടുവിച്ചു. പരാതിക്കാരനായ വികാസ് സൻസ്കൃത്യായൻ എന്ന വികാസ് പാണ്ഡെയെ അപകീർത്തിപ്പെടുത്തിയെന്ന കേസിലാണ് നടപടി.
പരാതിക്കാരന്റെ ആരോപണത്തെ തുടർന്ന് യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്ത വിഡിയോയുമായി ബന്ധപ്പെട്ട കേസിൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് രാഹുൽ ജെയിനാണ് ശനിയാഴ്ച പുതിയ വാറണ്ട് പുറപ്പെടുവിച്ചത്. ഇതുസംബന്ധിച്ച വിശദമായ ഉത്തരവ് പുറത്തുവന്നിട്ടില്ല.
നോട്ടീസ് കൈമാറാനായി എത്തിയപ്പോൾ റാഠിയുടെ താമസസ്ഥലം പൂട്ടിക്കിടക്കുകയായിരുന്നുവെന്ന് പ്രോസസ് സർവർ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ഒക്ടോബർ 17നും കോടതി ജാമ്യം ലഭിക്കാവുന്ന വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഹരിയാനയിലെ ഗുരുഗ്രാമിലുള്ള വിലാസത്തിൽ പുതിയ സമൻസും അയക്കാൻ കോടതി നിർദേശിച്ചിരുന്നു.
പരാതിക്കാരനായ പാണ്ഡെക്കുവേണ്ടി ഹാജരായ അഭിഭാഷകൻ സമക്ഷ് ശർമ, റാഠി സാധാരണയായി ഓസ്ട്രിയയിലാണ് താമസിക്കുന്നതെന്നും ഡൽഹിയിൽ നടന്ന 'കോക്രോച്ച് ജനതാ പാർട്ടി' പ്രതിഷേധങ്ങളിൽ പങ്കെടുക്കാനാണ് ഇന്ത്യയിലെത്തിയതെന്നും കോടതിയെ അറിയിച്ചു.
2019 ജൂലൈയിലാണ് കേസിൽ റാഠിക്ക് ആദ്യമായി സമൻസ് അയച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. 2018 മെയ് മാസത്തിലാണ് ധ്രുവ് റാഠി തന്റെ യൂട്യൂബ് ചാനലിൽ 'ബി.ജെ.പി ഐ.ടി സെൽ പാർട്ട് II' എന്ന പേരിൽ ഒരു വിഡിയോ അപ്ലോഡ് ചെയ്യുന്നത്. ഈ വിഡിയോ ഡൽഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജ്രിവാൾ തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ റീ-ട്വീറ്റ് ചെയ്തിരുന്നു. അരവിന്ദ് കെജ്രിവാളിനെതിരെയും മുൻപ് ഇതേ വിഷയത്തിൽ കേസ് നിലവിലുണ്ടായിരുന്നു. വിദേശത്തായതിനാൽ 2019 ജൂലൈ 23 മുതൽ ധ്രുവ് റാഠിക്ക് നേരിട്ട് സമൻസ് കൈമാറാൻ സാധിച്ചിരുന്നില്ല.

