ഈജിപ്തില്‍ തീവ്രവാദ വിരുദ്ധ നിയമം പ്രാബല്യത്തില്‍
text_fieldsകൈറോ: തീവ്രവാദത്തെ കര്‍ശനമായി നേരിടുന്നതിനായി രൂപപ്പെടുത്തിയ വിവാദ നിയമം ഈജിപ്തില്‍ നിലവില്‍ വന്നു. ഈജിപ്ത് പ്രസിഡന്‍റ് അബ്ദുല്‍ ഫതഹ് സീസി അംഗീകാരം നല്‍കിയതിനെ തുടര്‍ന്നാണ് നിയമം പ്രാബല്യത്തില്‍ വന്നത്. സര്‍ക്കാറിന്‍െറ ഒൗദ്യോഗിക ഗസറ്റില്‍ തിങ്കളാഴ്ച നിയമം പ്രസിദ്ധപ്പെടുത്തി.
തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ നേരിട്ടോ അല്ലാതെയോ പങ്കാളിയാവല്‍, അക്രമത്തിന് നേതൃത്വം നല്‍കല്‍, പ്രേരണ നല്‍കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് തടവു ശിക്ഷ അടക്കം നിയമം അനുശാസിക്കുന്നുണ്ട്. തീവ്രവാദ സംഘടനകള്‍ക്ക് രൂപം നല്‍കുകയോ നേതൃത്വം നല്‍കുകയോ ചെയ്യുന്നയാള്‍ക്ക് വധശിക്ഷയോ ജീവപര്യന്തമോ ലഭിക്കും. ഇതില്‍ അംഗങ്ങളായവര്‍ക്ക് പത്ത് വര്‍ഷം വരെയാണ് ജയില്‍ ശിക്ഷ. തീവ്രവാദ ആക്രമണങ്ങളില്‍ അധികൃതരുടെ പ്രസ്താവനകള്‍ വെള്ളം ചേര്‍ത്തു റിപോര്‍ട്ട് ചെയ്യുന്നവര്‍ക്കും പത്തു വര്‍ഷം വരെ തടവു ലഭിക്കും. രണ്ട് ലക്ഷം മുതല്‍ അഞ്ച് ലക്ഷം പൗണ്ട് വരെയാണ് പിഴ ശിക്ഷ.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു പുറമെ ആക്രമണങ്ങള്‍ തെറ്റായി റിപോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങളെയും സീസിയുടെ സാധുധ വിഭാഗത്തിനെതിരായ നീക്കങ്ങള്‍ നടത്തുന്നവരെയും ലക്ഷ്യമിട്ടാണ് ഈ നിയമം രൂപപ്പെടുത്തിയത്. വിവാദ നിയമത്തിനെതിരെ മനുഷ്യവകാശ പ്രവര്‍ത്തകരില്‍ നിന്നടക്കം എതിര്‍പ്പുയരുന്നതിനിടെയാണ് നിയമത്തിന് അംഗീകാരം നല്‍കിയത്. ഭരണകൂടത്തിന്‍െറ ചെയ്തികള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന ചെറുകിട പത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ നാവടക്കാനുള്ള ശ്രമം ആണ് ഈ നിയമത്തിന്‍െറ പിന്നിലെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.
മുസ്ലിം ബ്രദര്‍ഹുഡിനെ സഹായിച്ചുവെന്നും രാജ്യത്തെ അവഹേളിച്ചുവെന്നുമുള്ള കുറ്റം ചുമത്തി ഇതിനകം തന്നെ മൂന്ന് മാധ്യമപ്രവര്‍ത്തകരെ ഈജിപ്ത് പത്തു വര്‍ഷത്തെ തടവിന് ശിക്ഷിച്ചിട്ടുണ്ട്. മുഹമ്മദ് മുര്‍സിയെ പുറത്താക്കി സീസി അധികാരത്തിലേറിയ 2013 ജൂലൈ മുതല്‍ നൂറു കണക്കിന് മുസ്ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ക്കാണ് വധശിക്ഷക്ക് വിധിച്ചത്. 1400 ലേറെ മുര്‍സി അനുയായികള്‍ ഈ കാലയളവില്‍ സീസിയുടെ സൈന്യത്താല്‍ കൊല്ലപ്പെട്ടു. രാജ്യത്ത് ആഴത്തില്‍ വേരോട്ടമുള്ള മുര്‍സിയുടെ മുസ്ലിം ബ്രദര്‍ഹുഡിനെ തീവ്രവാദ സംഘടനയുടെ പട്ടികയില്‍പെടുത്തി നിരോധിച്ചിരിക്കുകയാണ്. പുതിയ നിയമത്തിന്‍െറ ഏറ്റവും വലിയ ഇരകള്‍ മുര്‍സിയും മുസ്ലിം ബ്രദര്‍ഹുഡും തന്നെയായിരിക്കും എന്നാണ് വിലയിരുത്തല്‍.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.