ആ ചിത്രം ബാക്കിയാക്കി ‘ഡസ്റ്റ് ലേഡി’ മറഞ്ഞു
text_fieldsന്യൂയോര്‍ക്ക്: ലോകം നടുങ്ങിയ സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന്‍റെ ഐക്കണ്‍ ആയി മാറിയ ആ ചിത്രം ബാക്കിയാക്കി ‘ഡസ്റ്റ് ലേഡി’ യാത്രയായി. വയറിനെ ബാധിച്ച അര്‍ബുദത്തെ തുടര്‍ന്നായിരുന്നു മേഴ്സി ബോര്‍ഡേഴ്സ് എന്ന 42കാരിയുടെ മരണം.
വേള്‍ഡ് ട്രേഡ് സെന്‍ററിലെ ബാങ്ക് ഓഫ് അമേരിക്കയിലെ ജീവനക്കാരിയായിരുന്നു മേഴ്സി. ഭീകരാക്രമണത്തെ തുടര്‍ന്ന് പേടിച്ചരണ്ട് പുറത്തേക്കിറങ്ങി ഓടുമ്പോഴാണ് എ.എഫ്.പി ഫോട്ടോഗ്രാഫര്‍ സ്റ്റാന്‍ ഹോണ്ടയുടെ ക്യാമറാ ഫ്ളാഷ് ആ 28 കാരിക്കുമേല്‍ മിന്നിയത്. തിരിച്ചറിയാത്തവിധം ശരീരമാകെ പൊടിയുമായി പ്രതിമ കണക്കെ നില്‍ക്കുന്ന അവരുടെ ചിത്രം പിന്നീട് ഭീകരാക്രമണത്തിന്‍റെ ഐക്കണ്‍ ആയി മാറി.
ദുരന്തത്തിന്‍റെ ഭീതിയും ആഴവും വ്യക്തമാക്കുന്ന ചിത്രം ടൈം മാഗസിന്‍റെ ‘25 ശക്തമായ ചിത്രങ്ങളുടെ പട്ടിക’യില്‍ ഇടംപിടിച്ചു. അതിനുശേഷം ‘ഡസ്റ്റ് ലേഡി’ എന്ന പേരില്‍ ആയിരുന്നു മേഴ്സി അറിയപ്പെട്ടത്. ദുരന്തത്തിന്‍റെ ആഘാതത്തില്‍ സമനില നഷ്ടപ്പെട്ട ഇവര്‍ക്ക് സാധാരണ നിലയിലേക്ക് തിരികെയത്തൊന്‍ പത്തു വര്‍ഷം വേണ്ടി വന്നു.
2014 ആഗസ്റ്റിലാണ് മേഴ്സിക്ക് ഉദരാര്‍ബുദം സ്ഥിരീകരിച്ചത്. രണ്ടു കുട്ടികളുടെ അമ്മയായിരുന്നു അവര്‍. ദുരന്തവേളയില്‍ ഉള്ളിലേക്ക് കടന്ന പൊടിയും ചാരവുമാണ് അര്‍ബുദത്തിന് കാരണമായതെന്ന് ഉറച്ചു വിശ്വസിക്കുന്നതായി മേഴ്സി പറഞ്ഞിരുന്നു. മരണം വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ആണ് കുടുംബാംഗങ്ങള്‍. മേഴ്സി തങ്ങളെ വിട്ടുപിരിഞ്ഞുവെന്ന് ഉള്‍ക്കൊള്ളാനാവുന്നില്ളെന്ന് സഹോദരന്‍ മിഖായേല്‍ ബോര്‍ഡേഴ്സ് ഫേസ്ബുക്കില്‍ കുറിച്ചു.
മേഴ്സിയുടെ ജീവിതം ആസ്പദമാക്കി ‘ദ ബല്ലാഡ് ഓഫ് മേഴ്സി ബോര്‍ഡേഴ്സ്’എന്ന പേരില്‍ ഇറങ്ങിയ പാട്ട് ഇന്‍റര്‍നെറ്റില്‍ വൈറല്‍ ആയിരുന്നു. ബാങ്ക് ഓഫ് അമേരിക്കയില്‍ ജീവനക്കാരിയായിരുന്ന മേഴ്സി ദുരന്തദിവസം വേള്‍ഡ് ട്രേഡ് സെന്‍ററിന്‍റെ ഒന്നാമത്തെ കെട്ടിടസമുച്ചയത്തിലെ 81-ാം നിലയിലെ ഓഫീസിലായിരുന്നു. പെട്ടെന്ന് കെട്ടിടം മുഴുവന്‍ കുലുങ്ങി. ഭൂചലനമാണെന്നാണ് ആദ്യം കരുതിയത്. ആരും പരിഭ്രമിക്കരുതെന്നും തല്‍സ്ഥാനങ്ങളിലിരിക്കണമെന്നുമുള്ള മുന്നറിയിപ്പ് നല്‍കുന്നുണ്ടായിരുന്നു. പക്ഷേ ഇതുകേള്‍ക്കാതെ മേഴ്സി പുറത്തേക്കോടി. തൊട്ടടുത്തുള്ള ഓഫീസുകളിലെ ആളുകള്‍ ജീവന്‍ രക്ഷിക്കാന്‍ പരക്കം പായുന്ന കാഴ്ചയായിരുന്നു ചുറ്റും. എങ്ങനെയോ താഴത്തെ നിലയില്‍ എത്തിയപ്പോള്‍ കാണുന്നത് കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങള്‍ താഴേക്കു വീഴുന്നതായിരുന്നു. എന്തു ചെയ്യണമെന്നറിയാതെ നിന്ന അവരെ രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിത സ്ഥലത്തേക്കു മാറ്റി.
ഭീതിതമായ ഓര്‍മകളില്‍ നിന്ന് രക്ഷതേടി മേഴ്സി മദ്യം ഉപയോഗിച്ചുതുടങ്ങി. പിന്നീട് മയക്കുമരുന്നിനും അടിമയായി. ഇതോടെ മേഴ്സിയുടെ ഭര്‍ത്താവും രണ്ടു മക്കളും അവരില്‍ നിന്നകന്നു. 2011 ല്‍ ലഹരി പുനരധിവാസ കേന്ദ്രത്തിലെ ചികില്‍സയോടെ അവര്‍ പഴയ നിലയിലേക്ക് മടങ്ങി. മക്കളും മേഴ്സിക്കൊപ്പം താമസം തുടങ്ങിയിരുന്നു. എന്നാല്‍, ജീവിതത്തില്‍ അധിക ദൂരം താണ്ടാന്‍ ‘ഡ്സ്റ്റ് ലേഡി’ ക്കായില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.