പാകിസ്താനില്‍ ചാവേര്‍ സ്ഫോടനം പഞ്ചാബ് ആഭ്യന്തര മന്ത്രിയടക്കം 19 പേര്‍ കൊല്ലപ്പെട്ടു
text_fieldsപാക് പഞ്ചാബ് പ്രവിശ്യയിലെ ആഭ്യന്തര മന്ത്രി ഷുജാഅ് ഖന്‍സാദയുടെ വസതിയിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ മന്ത്രിയടക്കം 19 പേര്‍ കൊല്ലപ്പെട്ടു. തലസ്ഥാന നഗരമായ ഇസ്ലാമാബാദില്‍നിന്ന് 100 കിലോമീറ്റര്‍ അകലെ അത്തോക്ക് ജില്ലയിലെ ഷാദി ഖാല്‍ ഗ്രാമത്തിലെ വസതിയില്‍ പ്രദേശവാസികളുമായി നടത്തിയ യോഗത്തിനിടയില്‍ കടന്ന ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിന്‍െറ ആഘാതത്തില്‍ കെട്ടിടം പൂര്‍ണമായി തകരുകയും സമീപത്തുള്ള കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നൂറോളം പേര്‍ സംഭവസമയത്ത് കെട്ടിടത്തിലുണ്ടായിരുന്നെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിയ പരമാവധി പേരെ സുരക്ഷിതമായി പുറത്തത്തെിക്കുന്നതിനായി അതീവ സൂക്ഷ്മമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. നിരോധിത സംഘടനയായ ലശ്കറെ ജങ്വി സംഭവത്തിന്‍െറ ഉത്തരവാദിത്തം ഏറ്റെടുത്തെന്ന് പാക് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഒപ്പമുണ്ടായിരുന്നെങ്കിലും അവരെ മറികടന്ന് ചാവേര്‍ വീടിനുള്ളില്‍ പ്രവേശിക്കുകയായിരുന്നെന്നാണ് പഞ്ചാബ് പൊലീസ് ഇന്‍സ്പെക്ടര്‍ ജനറല്‍ മുഷ്താഖ് സുഖേറ വിശദീകരിച്ചത്. 2014 ഒക്ടോബറില്‍ പഞ്ചാബ് ആഭ്യന്തരമന്ത്രി സ്ഥാനം ഏറ്റെടുത്ത റിട്ട. കേണല്‍ ഷുജാഅ് ഖന്‍സാദ പ്രവിശ്യയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചുവരുകയായിരുന്നു. അല്‍ഖാഇദ നേതാവും അനുയായികളും ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് അടുത്തിടെ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. അല്‍ഖാഇദയില്‍നിന്നും തഹ്രീകെ താലിബാനില്‍നിന്നും നിരവധി ഭീഷണികളും അദ്ദേഹം നേരിട്ടിരുന്നു. അതേസമയം, അവസാന തീവ്രവാദിയെയും ഇല്ലാതാക്കുന്നതുവരെ ശക്തമായ പോരാട്ടം തുടരുമെന്ന് പഞ്ചാബ് നിയമമന്ത്രി റാണാ സനാഉല്ല വ്യക്തമാക്കി. പ്രധാനമന്ത്രി നവാസ് ശരീഫ്, ആഭ്യന്തരമന്ത്രി ചൗധരി നിസാര്‍ അലി ഖാന്‍ എന്നിവര്‍ സ്ഫോടനത്തെ അപലപിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.