നീലക്കണ്ണുള്ളവളെയാണ് എനിക്കു വേണ്ടത്; ഇത് ഐ.എസ് അടിമച്ചന്തയിലെ വര്‍ത്തമാനം
text_fieldsപാരിസ്: ‘വലിയൊരു ഹാളില്‍ ഞങ്ങളെ എത്തിച്ചു. ഡസന്‍ കണക്കിന് സ്ത്രീകളെ അവിടെ ഇങ്ങനെ കൊണ്ടു നിര്‍ത്തിയിരുന്നു. കാണാന്‍ വരുന്നവര്‍ ഞങ്ങള്‍ക്ക് ചുറ്റിനും നടക്കും. പരിഹസിച്ചുകൊണ്ട് ഉറക്കെ ചിരിക്കും. ചിലര്‍ ഞങ്ങളുടെ പിന്‍ഭാഗങ്ങളില്‍ നുള്ളിനോക്കും. അക്കൂട്ടത്തില്‍ ഒരാള്‍ ഇങ്ങനെ പരാതി പറയുന്നുണ്ടായിരുന്നു. അവള്‍ക്ക് വലിയ സ്തനങ്ങളാണ്. എനിക്ക് വേണ്ടത് നീലക്കണ്ണും വിളറിയ തൊലിയുമുള്ള യസീദി പ്പെണ്ണിനെയാണ്. അത്തരമൊന്നിന് എന്തു വിലയും നല്‍കാന്‍ ഞാന്‍ തയ്യാറാണ്’^ ഐ.എസ് ക്രൂരതയുടെ നേര്‍സാക്ഷ്യവുമായി പുറംലോകത്തിനു മുന്നിലത്തെിയ ജിനാന്‍ എന്ന പതിനെട്ടുകാരിയുടെ നടുക്കുന്ന വിവരണമാണിത്.
മൂന്നു മാസത്തെ നരകസമാന അനുഭവങ്ങള്‍ക്കുശേഷം ഐ.എസിന്‍റെ അടിമച്ചന്തയില്‍ നിന്ന് രക്ഷപ്പെട്ട യസീദി പെണ്‍കുട്ടിയാണ് ജിനാന്‍. തട്ടിക്കൊണ്ടുപോവുകയും കഠിനമായി മര്‍ദിക്കുകയും ചെയ്തതിനുശേഷം ലൈംഗിക അടിമച്ചന്തയില്‍ തന്നെ വിറ്റുവെന്നും അവള്‍ പറയുന്നു. തന്നെ പോലെ നിരവധി സ്ത്രീകളെയും പെണ്‍കുട്ടികളെയും ദുരന്തമുഖത്തേക്ക് എടുത്തെറിഞ്ഞ അനുഭവങ്ങള്‍ ആണ് ജിനാന് ലോകത്തോട് പറയാനുള്ളത്. തന്‍റെ പുസ്തകത്തിന്‍റെ പ്രകാശനത്തിന് പാരീസിലേക്കു തിരിക്കാനിരിക്കെയാണ് കഠിനമായ നിമിഷങ്ങളെകുറിച്ച് അവള്‍ മനസ്സു തുറന്നത്.
2014 ന്‍റെ തുടക്കത്തില്‍ ആയിരുന്നു അത്. ഇറാഖിലെ ന്യൂനപക്ഷ വിഭാഗമായ യസീദി വംശജര്‍ താമസിക്കുന്ന വടക്കന്‍ മേഖലയില്‍ ഐ.എസ് തീവ്രവാദികള്‍ ഇരച്ചു കയറി താണ്ഡവമാടി. അവിടെ നിന്നും കടത്തിയ ജിനാനിനെ മറ്റു നിരവധി ഇടങ്ങളിലേക്ക് കൊണ്ടുപോയി. ഇക്കൂട്ടത്തിലുണ്ടായിരുന്ന രണ്ടു പേരില്‍ ഒരാള്‍ മുന്‍ പൊലീസുകാരനും മറ്റൊരാള്‍ ഇമാമുമായിരുന്നുവെന്ന് അവള്‍ പറയുന്നു. ‘പിന്നീട് ഏതോ ഒരു വീടിന്‍റെ മുറിയില്‍ തടവിലിട്ടു. നിരന്തരമായി അവര്‍ ഞങ്ങളെ ഉപദ്രവിച്ചു. മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ നിര്‍ബന്ധിച്ചു. വിസമ്മതിച്ചവരെ കഠിനമായി പ്രഹരിച്ചു. ബന്ധനസ്ഥരാക്കി പൊരിവെയിലില്‍ നിര്‍ത്തി. പലപ്പോഴും ഷോക്കേല്‍പിക്കുന്മന്ന് ഭീഷണിപ്പെടുത്തി. കൊലയെ കുറിച്ച് മാത്രമായിരുന്നു അവരുടെ ചിന്ത. പ്രതികാര മനോഭാവത്തോടെയായിരുന്നു പെരുമാറ്റം. നിരന്തരം അവര്‍ മയക്കു മരുന്ന് ഉപയോഗിച്ചു. ഒരു ദിവസം ഐ.എസ് ലോകം മുഴുവന്‍ ഭരിക്കുമെന്ന് പറഞ്ഞു കൊണ്ടിരുന്നു. ഇങ്ങനെ സ്ത്രീകളെ വില പേശി വാങ്ങാന്‍ ഇറാഖികള്‍ക്കും സിറിയക്കാര്‍ക്കും പുറമെ, പാശ്ചാത്യരും എത്തുമായിരുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള യജമാനന്‍മാര്‍ക്കിടയില്‍ കാണാന്‍ അഴകുള്ളപെണ്‍കുട്ടികള്‍ക്ക് വന്‍ ഡിമാന്‍റായിരുന്നുവെന്നും ജിനാന്‍ പറയുന്നു. ഒരിക്കല്‍ വില്‍ക്കപ്പെട്ടു കഴിഞ്ഞാല്‍ മറ്റു സ്ത്രീകള്‍ക്കൊപ്പം ഏതെങ്കിലും തടങ്കലിലേക്ക് മാറ്റുന്നതുവരെ ജിനാനിനെ തേടി പുരുഷന്‍മാര്‍ എത്തിക്കൊണ്ടിരുന്നു.
ഐ.എസുകാരന്‍റെ അടിമക്കച്ചവടം ഉറപ്പിക്കുന്ന പല സംസാരങ്ങളും അവളെ പാര്‍പ്പിച്ചിരിക്കുന്ന മുറിയിലേക്ക് കേട്ടിരുന്നു. നിന്‍റെ ‘ബെരെട്ട’ പിസ്റ്റളിനു പകരമായി ഈ ഇരുണ്ട നിറക്കാരിയെ ഞാന്‍ നല്‍കാം. അതല്ല, പണം നല്‍കാനാണ് താല്‍പര്യമെങ്കില്‍ 150 ഡോളര്‍ നല്‍കണം. ഇറാഖി ദിനാര്‍ ആയും നിനക്ക് കാശ് മുടക്കാം -സ്ത്രീകളെ വിലക്കെടുക്കാന്‍ വന്ന ഒരാളോടുള്ള വിലപേശല്‍ ആയിരുന്നു ഇത്. ‘ഇത് നല്ല ഏര്‍പ്പാടാണെന്നും ഇതിന്‍റെ ലാഭവിഹിതം മുജാഹിദീന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റു വിദേശ സഹോദരങ്ങള്‍ക്കും എത്തിച്ചുകൊടുക്കും’ എന്നും ഇങ്ങനെ കേട്ടതായിരുന്നു.
കട്ടെടുത്ത ഒരു കൂട്ടം താക്കേലുകള്‍ ഉപയോഗിച്ചാണ് ജിനാന്‍ ഐ.എസ് തടവില്‍ നിന്ന് രക്ഷപ്പെട്ടുന്നത്. ഇതിനുശേഷം ഭര്‍ത്താവിന്‍റെ അടുത്തത്തെിയ അവള്‍ ഇറാഖിലെ കുര്‍ദിസ്ഥാനില്‍ അഭയാര്‍ഥി ക്യാമ്പില്‍ കഴിഞ്ഞുവരികയാണ്. സ്വന്തം വീടുകളിലേക്ക് മടങ്ങുകയാണെങ്കില്‍ ഇനിയുമൊരു കൂട്ടഹത്യ കൂടി ഞങ്ങളെ കാത്തിരിക്കുകയാണെന്നും ജിനാന്‍ പറയുന്നു.
ഐ.എസിന്‍റെ അടിമ (ദായിഷ്സ് സ്ലേവ്) എന്ന പേരിലുള്ള പുസ്തകം വെള്ളിയാഴ്ച പുറത്തിറങ്ങും. ഫ്രഞ്ച് മാധ്യമ പ്രവര്‍ത്തക തിയറി ഒബേര്‍ലെയുടെ സഹായത്തോടെയാണ് ജിനാന്‍ അനുഭവങ്ങള്‍ പുസ്തകമാക്കിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.