പശ്ചിമേഷ്യയില്‍ തകര്‍ന്നടിഞ്ഞത് 1.3 കോടി കുരുന്നുകളുടെ അക്ഷരദാഹം
text_fieldsന്യൂയോര്‍ക്ക്: ആഭ്യന്തര സംഘര്‍ഷങ്ങളുടെ അണയാത്ത കനലുകള്‍ക്കിടയില്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ആരുമറിയാതെ പെലിഞ്ഞത് ഒന്നേകാല്‍ കോടി കുരുന്നുകളുടെ അക്ഷര ദാഹം. യുനിസെഫിന്‍േറതാണ് ഈ കണക്കെടുപ്പ്. ഒരിക്കലും ക്ളാസ് മുറികളിലേക്ക് മടങ്ങി വരാന്‍ പറ്റാത്തവിധം തകര്‍ന്നടിഞ്ഞിരിക്കുന്നു അവരുടെ സ്വപ്നം.
8,850 സ്കൂളുകള്‍ ആണ് ഇനിയൊരിക്കലും വീണ്ടെടുക്കാന്‍ പറ്റാത്തവിധം മേഖലയില്‍ നശിപ്പിക്കപ്പെട്ടത്. ഐ.എസ് അടക്കമുള്ള ഭീകരര്‍ പിടിമുറുക്കിയ പശ്ചിമേഷ്യയിലെ ആറു രാജ്യങ്ങളെയാണ് ഈ കണക്കില്‍പെടുത്തിയത്. ബോംബു വര്‍ഷത്തില്‍ നിന്ന് രക്ഷതേടി അഭയം പ്രാപിക്കുന്ന സ്കൂളുകളടക്കം തകര്‍ക്കപ്പെട്ടു. മേഖലയില്‍ കുട്ടികളെ ഏറ്റവും കടുത്ത തോതില്‍ ബാധിച്ച ദുരന്തമാണിതെന്ന് യുനിസെഫിന്‍െറ പശ്ചിമേഷ്യന്‍, വടക്കേ ആഫ്രിക്കന്‍ റീജണല്‍ ഡയറക്ടര്‍ പീറ്റര്‍ സലാമ പറയുന്നു. ഇത് കേവലം ഭൗതികമായ തകര്‍ച്ചയല്ല, മറിച്ച് ഒരു തലമുറയുടെ തന്നെ ഭാവിയെയും പ്രതീക്ഷകളെയും ബാധിച്ച ദുരന്തമാണെന്നും അവര്‍ പറഞ്ഞു.
സിറിയ, ഇറാഖ്, ലിബിയ, ഫലസ്തീന്‍,സുഡാന്‍,യെമന്‍ എന്നീ രാജ്യങ്ങളിലെ സ്കൂളുകള്‍ക്കു നേരെ കഴിഞ്ഞ വര്‍ഷം മാത്രം 214 ആക്രമണങ്ങള്‍ നടന്നതായി യുനിസെഫ് വ്യക്തമാക്കുന്നു. നാലര വര്‍ഷം നീണ്ട ആഭ്യന്തര സംഘര്‍ഷത്തില്‍ സിറിയ നല്‍കേണ്ടിവന്നത് കനത്ത വിലയാണെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സംഘര്‍ഷം തുടങ്ങിയപ്പോള്‍ തന്നെ നാലിലൊന്ന് സ്കൂളുകള്‍ അടച്ചുപൂട്ടിയതോടെ 20 ലക്ഷത്തോളം കുട്ടികള്‍ പെരുവഴിയില്‍ ആയി. 52,000ത്തിലേറെ അധ്യാപകര്‍ക്ക് അവരുടെ തസ്തികകള്‍ നഷ്ടമായി. ഇതോടെ മറ്റു രാജ്യങ്ങളിലേക്ക് അഭയം തേടി ഒഴുകുന്നവരുടെ കൂട്ടത്തില്‍ അവരും ചേര്‍ന്നു.
സ്കൂളുകള്‍ക്കുനേരെ ഏറ്റവും പ്രത്യക്ഷമായ ആക്രമണം നടന്നത് യമനില്‍ ആണ്. പടിഞ്ഞാറന്‍ നഗരമായ അംറാനില്‍ പഠനം നടന്നുകൊണ്ടിരിക്കുന്ന സ്കൂളിനുമേല്‍ ബോംബ് വര്‍ഷം നടത്തിയതിനെ തുടര്‍ന്ന് 13 ജീവനക്കാരും നാലു കുരുന്നുകളും ആണ് ദാരുണമായി കൊല്ലപ്പെട്ടത്. വിദ്യാര്‍ഥികളെ കൊല്ലലും തട്ടിക്കൊണ്ടുപോവലും തടങ്കലില്‍ വെക്കലും ഈ മേഖലയില്‍ പതിവാണെന്നും റിപോര്‍ട്ട് പറയുന്നു.
ഇസ്രായേലിന്‍റെ ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞ ഗസ്സയിലും സ്ഥിതി മറിച്ചല്ല. കഴിഞ്ഞ വര്‍ഷത്തെ 51 ദിവസം നീണ്ട ഇസ്രായേല്‍ ആക്രമണത്തില്‍ മാത്രം 2,200 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായും 281 സ്കൂളുകള്‍ തകര്‍ക്കപ്പെട്ടതായും പറയുന്നു. എന്‍റെ കുട്ടികള്‍ക്ക് പരിക്കേറ്റത് സ്കൂളിനകത്ത് വെച്ചാണ്. കയ്യും കാലും ഇല്ലാത്ത നിലയില്‍ ആണ് ഞങ്ങള്‍ അവരെ കാണുന്നത്. മുഖത്തിനും കണ്ണിനും മുറിവേറ്റിരുന്നു -രണ്ടു മക്കളുടെ മാതാവായ നിവീന്‍റെ വാക്കുകളും റിപോര്‍ട്ടില്‍ ഉദ്ധരിക്കുന്നു. സ്കൂളുകള്‍ ഒരിക്കലും തന്നെ സുരക്ഷിത കേന്ദ്രമായി ഫലസ്തീനികളും കാണുന്നില്ല.
ഐ.എസ് തേര്‍വാഴ്ച നടത്തുന്ന ഇറാഖിലാവട്ടെ, സ്കൂളുകള്‍ക്കു മേല്‍ മാരക പ്രഹരമാണ് അവര്‍ ഏല്‍പിച്ചുകൊണ്ടിരിക്കുന്നത്. ഇവിടെ 95,0000 കുട്ടികളെയാണ് ഇത് കടുത്ത തോതില്‍ ബാധിച്ചത്. 1200 ലേറെ സ്കൂളുകള്‍ അഭയകേന്ദ്രങ്ങളായി പരിവര്‍ത്തിപ്പിക്കപ്പെട്ടു. ഒരു ക്ളാസ് മുറിയില്‍ ഒമ്പതു കുടുംബങ്ങള്‍ വരെ ഒന്നിച്ചുകഴിയാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. വെച്ചുവിളമ്പലും ഉറങ്ങലും എല്ലാം ഇവിടെ തന്നെ.
ലിബിയയില്‍ മുഹമ്മര്‍ ഗദ്ദാഫിയുടെ പതനത്തിനുശേഷം ഉണ്ടായ ആഭ്യന്തര സംഘര്‍ഷത്തില്‍ പകുതിയിലേറെ കുരുന്നുകളുടെ വിദ്യാഭ്യാസത്തിന് താഴ് വീണു. സുഡാനിലും സ്ഥിതിഗതികള്‍ വ്യത്യസ്തമല്ല. മുസ്ലിം രാഷ്ട്രങ്ങളിലെ ഒരു തലമുറയെ തന്നെ അക്ഷരലോകത്തുനിന്ന് ആട്ടിയകറ്റി ഇവിടങ്ങളില്‍ സംഘര്‍ഷം അവസാനമില്ലാതെ തുടരുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.