ഐ.എസ് ഇറാഖിലും സിറിയയിലും മാരക ‘മസ്റ്റാര്‍ഡ് ഏജന്‍റ്’ പ്രയോഗിച്ചു
text_fieldsവാഷിംങ്ടണ്‍: മൂന്നു വയസ്സുള്ള മകനെയും അഞ്ച് ദിവസം മാത്രം പ്രായമായ മകളെയും കൊണ്ട് രക്ഷതേടി അതിര്‍ത്തിയിലെ ആശുപത്രിയില്‍ എത്തിയതായിരുന്നു ആ മാതാപിതാക്കള്‍. കുഞ്ഞുങ്ങളുടെ കണ്ണുകള്‍ രക്തക്കട്ടപോലെ ആയിരുന്നു. ശരീരമെല്ലാം പൊള്ളിയടര്‍ന്നിരുന്നു. അവിടെ കിടന്ന മൂന്നു മണിക്കൂര്‍ കൊണ്ട് കുട്ടികളുടെ നില ഗുരുതരമായി. തൊലി പൊട്ടിയൊലിക്കാന്‍ തുടങ്ങി. ഇവര്‍ക്കെന്താണ് പറ്റിയതെന്ന് സഥിരീകരിക്കാന്‍ ഡോക്ടര്‍മാര്‍ക്കു മുന്നില്‍ വഴികളില്ലായിരുന്നു. ശരീരത്തിന്‍െറ പ്രകടമായ മാറ്റങ്ങള്‍ നിരീക്ഷിച്ചപ്പോഴാണ് ഇത് ഏതോ രാസായുധപ്രയോഗത്തിന്‍േറതാണെന്ന് തിരിച്ചറിയാനായത്.
ഭീകര സംഘടനയായ ഐ.എസ് സിറിയയിലും ഇറാഖിലും മാരക രാസായുധമായ ‘മസ്റ്റാര്‍ഡ് ഏജന്‍റ്’ പ്രയോഗിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഐ.എസ് രാസായുധങ്ങള്‍ നിര്‍മിക്കുന്നുവെന്നും പ്രയോഗിക്കുന്നുവെന്നും യു.എസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയതായി ബി.ബി.സിയും ഫോക്സ് ന്യൂസും റിപോര്‍ട്ട് ചെയ്തു.
ഇറാഖ്^സിറിയ അതിര്‍ത്തിയില്‍ ‘മസ്റ്റാര്‍ഡ് ഏജന്‍റ്സ്’ ഇതിനകം തന്നെ നാലു തവണ ഐ.എസ് പ്രയോഗിച്ചിട്ടുണ്ടെന്ന് യു.എസ് ഉദ്യോഗസ്ഥന്‍ പറയുന്നു. കഴിഞ്ഞ മാസം യു.എന്‍ നടത്തിയ അന്വേഷണത്തിലും സിറിയയില്‍ രാസായുധം പ്രയോഗിച്ചതായി കണ്ടത്തെിയിരുന്നു. ഐ.എസിനെതിരെ സിറിയയില്‍ പൊരുതുന്ന കുര്‍ദിഷ് സൈനികര്‍ക്കു നേരെ ഒന്നിലേറെ തവണ മസ്റ്റാര്‍ഡ് ഏജന്‍റ് ഉപയോഗിച്ചിട്ടുണ്ട്. വലിയ മുറിവുകളും പൊള്ളലുമായാണ് അവര്‍ ജീവന്‍മരണ പോരാട്ടത്തില്‍ ഏര്‍പ്പെടുന്നതെന്നും ഫോക്സ് ന്യൂസ് റിപോര്‍ട്ട് ചെയ്യുന്നു. പേരറിയാത്ത മറ്റു രാസായുധങ്ങളും ഇവരുടെ നേര്‍ക്ക് പ്രയോഗിക്കുന്നതായും റിപോര്‍ട്ടിലുണ്ട്.
ഒന്നാം ലോക മഹായുദ്ധത്തില്‍ ജര്‍മനി വ്യാപകമായി ഉപയോഗിച്ചിരുന്നതാണ് ‘മസ്റ്റാര്‍ഡ് ഏജന്‍റ്’. വെളുത്തുള്ളി,സവാള,കടുക് എന്നിവയുടെ ഗന്ധമായിരിക്കും ഇതിന്. ചിലപ്പോള്‍ ഗന്ധമില്ലാത്തതും ആവാം. നീരാവിപോലെ അന്തരീക്ഷത്തില്‍ കലര്‍ന്നാല്‍ തൊലിയെയും കണ്ണിനെയും ശ്വസിച്ചാല്‍ ആന്തരികാവയവങ്ങളെയും തകര്‍ത്തുകളയും. ഗ്യാസ് രൂപത്തിലും പൗഡറിന്‍െറ രൂപത്തിലും മസ്റ്റാര്‍ഡ് ഏജന്‍റ് പ്രയോഗിക്കാം. ഇത് തൊലിയെ സ്പര്‍ശിച്ചാല്‍ വെള്ളം നിറഞ്ഞ കുമിളകള്‍ രൂപപ്പെടും. കണ്ണുകള്‍ ചുവന്നു തുടുക്കും.
യു.എന്നുമായുള്ള കരാര്‍ അനുസരിച്ച് 1,180 ടണ്‍ വിഷകരമായ ആയുധങ്ങള്‍ കൈമാറിയതിനെ തുടര്‍ന്ന് സിറിയ രാസായുധ മുക്തമായിരുന്നു. ഓര്‍ഗനൈസേഷന്‍ ഓഫ് പ്രൊഹിബിഷന്‍ ഓഫ് കെമിക്കല്‍ വെപ്പണ്‍സിനായിരുന്നു സിറിയ രാസായുധ ശേഖരം കൈമാറിയത്. 2011 ന്‍െറ ആദ്യത്തില്‍ തുടങ്ങിയ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തെ തുടര്‍ന്നുണ്ടായ ആഭ്യന്തര സംഘര്‍ഷങ്ങളില്‍ രണ്ട് ലക്ഷത്തിലേറെ പേര്‍ ആണ് സിറിയയില്‍ കൊല്ലപ്പെട്ടത്. ഇപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ചേക്കേറുന്ന അഭയാര്‍ഥികളില്‍ നല്ളൊരളവും സിറിയയില്‍ നിന്നുള്ളവരാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.