ദുരന്തം വന്ന വഴി ; അവ്യക്തത തുടരുന്നു
text_fieldsമക്ക: ഹജ്ജിനിടയില്‍ നടന്ന കാല്‍ നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തത്തിന്‍റെ കാരണം അവ്യക്തമായി തുടരുന്നു. ദുരന്തം വന്നത് ഏതു വഴിക്കാണെന്ന കാര്യത്തില്‍ പരസ്പര വിരുദ്ധമായ അഭിപ്രായ പ്രകടനങ്ങളാണ് ഉണ്ടായിരിക്കുന്നത്.
1990ല്‍ 1426 പേര്‍ മരിച്ചതിനു ശേഷം ഇത്രയും വലിയ ജീവാപായം സംഭവിക്കുന്നത് ആദ്യമാണ്. സംഭവം അന്വേഷിക്കാന്‍ ഉത്തരവിട്ട സൗദി രാജാവ് ഹജ്ജ് സംഘാടനം പുന:പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
തീര്‍ഥാടകരുടെ അച്ചടക്കം ഇല്ലായ്മയും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദേശം അവര്‍ അവഗണിച്ചതുമാണ് ദുരന്ത കാരണമെന്ന് സൗദി ആരോഗ്യമന്ത്രി ഖാലിദ് അല്‍ ഫാലിഹ് അഭിപ്രായപ്പെട്ടു. ജംറ പാലത്തിലേക്ക് നീങ്ങിയ തീര്‍ഥാടകര്‍ സ്ട്രീറ്റ് 204ല്‍ എത്തിയപ്പോള്‍ കല്ളേറു കര്‍മം കഴിഞ്ഞു അതേ റോഡില്‍ തിരിച്ചു വരുന്നവരുമായി കൂട്ടിമുട്ടിയെന്നും അഭൂതപൂര്‍വമായ തിരക്കില്‍ എല്ലാം നിയന്ത്രണാതീതമായെന്നും സംഭവത്തെ· വ്യാഖ്യാനിക്കുന്നവരുണ്ട്. ടെന്‍റില്‍ നിന്ന് പാലത്തിലേക്കുള്ള വഴിയില്‍ അനുവാദമില്ലാതെ എത്തിയവരാണ് അപകടം വിളിച്ചു വരുത്തിയതെന്ന ആക്ഷേപവുമുണ്ട്. ഇവര്‍ക്ക് അനുവദിച്ച സമയത്തിനു മുമ്പാണത്രെ എത്തിയത്. മുന്നോട്ടു പോകരുതെന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദേശം അവര്‍ അവഗണിച്ചതായും പറയുന്നു.
45ഡിഗ്രി വരെ ചൂടുണ്ടായിരുന്നതിനാല്‍ ആളുകള്‍ ക്ഷീണിതരായിരുന്നുവെന്നും മാര്‍ഗ തടസ്സം ഉണ്ടാക്കി അവര്‍ റോഡില്‍ ഇരുന്നതാണ് തിക്കും തിരക്കും ഉണ്ടാകാന്‍ കാരണമെന്നും ചില കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
ജംറ പാലത്തിലേക്കുള്ള റോഡുകള്‍ പൊലീസ് അടച്ച് ഒരെണ്ണം മാത്രം തുറന്നതാണ് അപകടകാരണം എന്ന് വ്യാഖ്യാനിക്കുന്നവരും ഉണ്ട്.
ജനക്കൂട്ടത്തെ· നിയന്ത്രിക്കുന്നതില്‍ വീഴ്ച ഉണ്ടായെന്നാണ് മക്കയിലെ ഇസ് ലാമിക് ഹെരിറ്റേജ് റിസര്‍ച് ഫൌണ്ടേഷന്‍ സ്ഥാപകന്‍ ഇര്‍ഫാന്‍ അല്‍ അലവി അഭിപ്രായപ്പെട്ടത്. അപകടത്തില്‍ നടുക്കം രേഖപ്പെടുത്തിയ ലോകരാഷ്ട്രങ്ങള്‍ സൗദി ഭരണകൂടത്തിനു എല്ലാ പിന്തുണയും പ്രഖ്യാപിച്ചു. എന്നാല്‍ ഇറാന്‍ ഗവര്‍മെന്‍റ് സൗദിയെ വിമര്‍ശിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.