എതിരാളികൾ കമീഷനിൽ തന്നെ
text_fieldsവിവരാവകാശ നിയമംകൊണ്ട് പോരാടിയ, നിയമത്തെ ജനകീയമാക്കിയ കമീഷണർ ഡോ. എ. അബ്ദുൽ ഹക്കീം പടിയിറങ്ങുകയാണ്. മൂന്നു വർഷത്തെ ഔദ്യോഗിക ജീവിതത്തെക്കുറിച്ച് അദ്ദേഹം മനസ്സ് തുറക്കുന്നു
കടലാസിലെ ചട്ടങ്ങളിൽ ചുരുണ്ടുകൂടിക്കിടന്ന് 20 വയസ്സായ വിവരാവകാശ നിയമത്തിന് ഉന്നതങ്ങളെയും അധികാരകേന്ദ്രങ്ങളെയും പൊള്ളിക്കാനുള്ള കനലും കരുത്തുമുണ്ടെന്ന് സമൂഹത്തിന് ബോധ്യപ്പെട്ടത് ഡോ. എ. അബ്ദുൽ ഹക്കീം സംസ്ഥാന വിവരാവകാശ കമീഷണറായതോടെയാണ്. മലയാള സിനിമ മേഖലയിൽ ലൈംഗിക ചൂഷണവും മനുഷ്യാവകാശ ധ്വംസനങ്ങളും അക്കമിട്ട് നിരത്തിയ ഹേമ കമ്മിറ്റി റിപ്പോർട്ടിനെ ഭരണകൂടത്തിന്റെ അന്തപുരത്തിൽനിന്നും പൊതുമധ്യത്തിലേക്ക് വലിച്ചിട്ടത് ഡോ. ഹക്കീമിന്റെ നിയമപരവും ധീരവുമായ ഇടപെടലുകളായിരുന്നു.
പുതിയ സിനിമാ നയ രൂപവത്കരണത്തിന് സർക്കാർ നിർബന്ധിതമായി. സാധാരണക്കാരനുവേണ്ടി ഉദ്യോഗസ്ഥ പ്രഭുത്വത്തിനെതിരെ വിവരാവകാശ നിയമംകൊണ്ട് പോരാടിയ, നിയമത്തെ ജനകീയമാക്കിയ കമീഷണർ ഡോ. ഹക്കീം ആഗസ്റ്റ് നാലിന്, വിവരാവകാശ കമീഷൻ ആസ്ഥാനത്തുനിന്ന് പടിയിറങ്ങുകയാണ്. മൂന്ന് വർഷത്തെ ഔദ്യോഗിക ജീവിതത്തെക്കുറിച്ച് അദ്ദേഹം ‘വാരാദ്യമാധ്യമ’ത്തോട് മനസ്സ് തുറക്കുന്നു
സേവനം പൂർത്തിയാക്കിയിറങ്ങുമ്പോൾ എത്രമാത്രം ആത്മസംതൃപ്തിയുണ്ട്?
ഒരുപാട്. 2022 ആഗസ്റ്റ് അഞ്ചിനാണ് കമീഷണറായി സത്യപ്രതിജ്ഞ ചെയ്തത്. ചാർജെടുക്കുമ്പോൾ 2016 മുതലുള്ള അപേക്ഷകൾ മേശപ്പുറത്ത് കെട്ടിക്കിടക്കുകയായിരുന്നു. വിരമിക്കുമ്പോൾ എന്റെ മേശപ്പുറത്ത് ഒരു ഫയലുപോലും ബാക്കിയില്ലെന്നത് വലിയൊരു ചാരിതാർഥ്യമാണ്. കേരളത്തിലെ നല്ലൊരു ശതമാനം ഉദ്യോഗസ്ഥർക്കും വിവരാവകാശ നിയമത്തെക്കുറിച്ച് വേണ്ടത്ര അറിവില്ല. മുന്നിൽ എത്തുന്ന അപേക്ഷകൾക്ക് നിയമപ്രകാരം എങ്ങനെ മറുപടി നിഷേധിക്കാം എന്നതാണ് ഭൂരിഭാഗത്തിന്റെയും ചിന്ത. ഇതിനെതിരെ കർശന നടപടി സ്വീകരിച്ചു. ഇതോടെ, അപേക്ഷകർക്ക് കമീഷനിൽ വിശ്വാസം കൂടി. ജനങ്ങൾ മുമ്പുള്ളതിനേക്കാൾ കൂടുതൽ കമീഷനെ ആശ്രയിക്കാൻ തുടങ്ങി.
ഓർമയിൽ സൂക്ഷിക്കുന്ന ഉത്തരവുകൾ?
മരണപ്പെട്ട ആരോഗ്യ വകുപ്പ് ജീവനക്കാരന്റെ 23 വർഷമായി കാണാനില്ലാതിരുന്ന സർവിസ് ബുക്ക് കണ്ടെത്തി കുടുംബത്തിന് അർഹമായ ആനുകൂല്യങ്ങൾ ലഭ്യമാക്കി. ഉദ്യോഗസ്ഥ നിയമനങ്ങളിൽ അഴിമതി തടയാൻ അഭിമുഖത്തിന്റെ മാർക്ക് ഇനം തിരിച്ച് രേഖപ്പെടുത്തണമെന്നും പകർപ്പ് നൽകണമെന്നും സർവകലാശാലകളോടും പി.എസ്.സിയോടും ഉത്തരവിട്ടു. എം.ജി സർവകലാശാലയിലെ നിയമന ക്രമക്കേട് കണ്ടെത്തിയത് അപേക്ഷകയായ യുവതിക്കും നിരവധി ഉദ്യോഗാർഥികൾക്കും ആശ്വാസമായി. ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ നിറപുത്തരിക്കുള്ള സമ്പത്തുകൾ ഉൾപ്പെടെ സൂക്ഷിക്കുന്ന സബ്ട്രഷറിയിൽ നിന്ന് കാണാതെ പോയ നാൾവഴി പേരേട് ഒരു വെണ്ടറുടെ കടയിൽനിന്ന് കണ്ടെടുത്തു. ഉദ്യോഗസ്ഥ ഒത്താശയോടെ ബന്ധുക്കൾ തട്ടിയെടുത്ത ഭൂമി നിർധന കുടുംബത്തിന് തിരികെ ലഭ്യമാക്കി. കുടുംബശ്രീയെയും കേരള ബാങ്കിനെയും സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സ്കൂൾ പി.ടി.എകളെയും വിവരാവകാശ നിയമപരിധിയിൽ കൊണ്ടുവന്നു. ഏകദേശം ഒമ്പതിനായിരത്തോളം ഉത്തരവുകളാണ് ഈ കുറഞ്ഞകാലംകൊണ്ട് നിയമത്തിനുള്ളിൽനിന്ന് പുറത്തിറക്കിയത്.
ഭരണതലത്തിൽ അഴിമതി അവസാനിപ്പിക്കാനുള്ള നടപടികളുമായി മുഖ്യമന്ത്രി മുന്നോട്ടു പോകുമ്പോൾ എത്രമാത്രം പിന്തുണയാണ് ഉദ്യോഗസ്ഥ സമൂഹത്തിൽ നിന്നുണ്ടാകുന്നത്?
ഉദ്യോഗസ്ഥരിൽ ചെറിയൊരു വിഭാഗം മാത്രം അഴിമതിയുടെ ഭാഗമാണെന്നായിരുന്നു കരുതിയത്. പക്ഷേ, ഇപ്പോൾ മനസ്സിലായി രാജ്യത്ത് എന്ത് നിയമം വന്നാലും അഴിമതി തുടരും. അപ്പീലുകൾ പരിഗണിക്കുമ്പോൾ അപേക്ഷകരിൽ പലരും പരസ്യമായി പറയുകയാണ് ഈ ഉദ്യോഗസ്ഥന് ഇത്രരൂപ കൈക്കൂലിയായി നൽകാത്തതു കൊണ്ടാണ് എന്റെ ആവശ്യം നടത്തി തരാഞ്ഞതെന്ന്.
കോഴിക്കോട് ഫറോക്ക് നഗരസഭയിൽ എന്റെ നേരിട്ടുള്ള പരിശോധനയിൽ അഴിമതി കണ്ടെത്തി. കുറ്റക്കാരനെതിരെ നടപടിയെടുക്കുമെന്നായപ്പോൾ ആ ഉദ്യോഗസ്ഥൻ എനിക്കെതിരെ മത കാർഡിറക്കി. ഏതൊരു മണ്ടന്റെയും അവസാന ആയുധമാണ് ജാതിയും മതവും. ഞാൻ വിട്ടുകൊടുത്തില്ല. അയാൾക്കെതിരെ നടപടിയുമായി നീങ്ങി. താമസിയാതെ അയാളെ കൈക്കൂലിപ്പണവുമായി വിജിലൻസ് അറസ്റ്റ്ചെയ്തു. സസ്പെൻഷനിലുമായി.
തിരുവനന്തപുരം കോർപറേഷൻ സെക്രട്ടറിക്ക് ഫൈൻ അടിച്ചു. അയാൾ പണമടച്ചില്ല. അയാളുടെ സ്വത്തുക്കൾ ജപ്തി ചെയ്ത് തുക വസൂലാക്കി സർക്കാറിൽ അടയ്ക്കാൻ ജില്ല കലക്ടർക്ക് നിർദേശം നൽകി. തുടർന്ന് അയാൾ ഫൈൻ ഒടുക്കി ചലാൻ ഹാജരാക്കി.
വിവരാവകാശ നിയമത്തിന്റെ കരുത്തിൽ സർക്കാർ ഓഫിസുകളിൽ നേരിട്ടു ചെന്ന് പരിശോധന നടത്തി കുറ്റക്കാർ ക്കെതിരെ നടപടിയെടുത്ത കമീഷണറാണ് താങ്കൾ. അങ്ങനെയുള്ള താങ്കളോട് സംസ്ഥാന സർക്കാറിന്റെ സമീപനമെന്തായിരുന്നു?
സർക്കാർ പരോക്ഷമായിപോലും കൃത്യനിർവഹണത്തിൽ ഇടപെട്ടിട്ടില്ല. ജില്ലകളിലെ ഹിയറിങ്ങിൽ ഉദ്യോഗസ്ഥരെ കുടഞ്ഞപ്പോഴും ആദ്യസമയത്ത് എനിക്കെതിരെ പരാതിയുമായി ചിലർ മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ചിരുന്നതായി കേട്ടു. അത്തരക്കാരോട് അദ്ദേഹം പറഞ്ഞത് ‘‘നിങ്ങൾ നിങ്ങളുടെ ജോലിയെടുക്കാത്തതു കൊണ്ടല്ലേ കമീഷണർക്ക് അദ്ദേഹത്തിന്റെ പണിയെടുക്കേണ്ടിവരുന്നത്’’എന്നാണ്. ആ വാക്കുകൾ എനിക്ക് നൽകിയ ഊർജം വളരെ വലുതാണ്.
സംസ്ഥാനത്ത് ആർ.ടി.ഐ ക്ലബുകളു ടെ രൂപവത്കരണവുമായി ബന്ധപ്പെട്ടായിരുന്നു മറ്റൊരു വിവാദം. കോളജുകളിൽ ആർ.ടി.ഐ ക്ലബുകളുടെ രൂപവത്കരണവുമായി കമീഷണറെന്ന നിലയിൽ താങ്കൾ മുന്നോട്ടു പോകുമ്പോൾ അതിന് കമീഷൻ ഔദ്യോഗിക അനുമതി നൽകിയിട്ടില്ലെന്നാരോപിച്ച് മുഖ്യ വിവരാവകാശ കമീഷണർ താങ്കൾക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു?
എന്റെ ബ്രയിൻ ചൈൽഡാണ് ആർ.ടി.ഐ ക്ലബുകൾ. മുൻ മുഖ്യ വിവരാവകാശ കമീഷണറായിരുന്ന വിശ്വാസ് മേത്തയാണ് അത് ലോഞ്ച് ചെയ്ത് തന്നത്. മിക്കവാറും കോളജുകളിൽ ഞാൻ നേരിട്ട് ചെന്നാണ് ആർ.ടി.ഐ ക്ലബുകൾ രൂപവത്കരിച്ചത്. എറണാകുളം മഹാരാജാസ് കോളജിലെ ആർ.ടി.ഐ ക്ലബ് സംഘടിപ്പിച്ച പരിപാടിയിലും കഴിഞ്ഞദിവസം ഞാൻ പങ്കെടുത്തിരുന്നു. ‘വിവേചനരഹിതമായി നിരന്തരം കഴമ്പില്ലാത്ത വിവരാവകാശ അപേക്ഷകൾ നൽകുന്നവർക്കെതിരെ’ ശക്തമായ നടപടിയെടുക്കുമെന്ന് ഞാൻ പറഞ്ഞിരുന്നു. 2024 നവംബർ 11ന് ചീഫ് കമീഷണർ ഹരിനായരുടെ അധ്യക്ഷതയിൽ ഫുൾ കമീഷൻ കൂടി എം.ഐ. ബേബി എന്ന അപേക്ഷകന് വിലക്ക് ഏർപ്പെടുത്തി ഉത്തരവായതിനുശേഷമാണ് ഞാനത് പറഞ്ഞത്. എന്നിട്ടും അദ്ദേഹത്തിന്റെ നടപടിയെ അദ്ദേഹം തന്നെ തള്ളിപ്പറഞ്ഞത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. അഴിമതി തടയാനുള്ള ശക്തമായ ആയുധമാണിന്ന് വിവരാവകാശ നിയമം.
എന്നാൽ, ചെറിയ ഒരുവിഭാഗം ഈ നിയമത്തെ ദുരുപയോഗിച്ച് വേറെ അഴിമതി ചെയ്യുന്നുണ്ട്. ഏതെങ്കിലും ഉദ്യോഗസ്ഥനോടോ വകുപ്പിനോടോ വെറുപ്പുണ്ടെങ്കിൽ നിരന്തരം വിവരാവകാശ അപേക്ഷ സമർപ്പിക്കുന്ന സ്ഥിതിവിശേഷമുണ്ട്. നിലവിലെ ഭരണസംവിധാനത്തിന്റെ ദുഷിച്ച ശീലത്തെ തിരുത്താനാണ് വിവരാവകാശ കമീഷൻ നിലകൊള്ളേണ്ടത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന ഉത്തരവിൽ ഒപ്പിടുമ്പോൾ ഇത്രയും കോലാഹലങ്ങളും വിവാദങ്ങളും പ്രതീക്ഷിച്ചിരുന്നോ?
വിവാദങ്ങളെക്കുറിച്ച് ചിന്തിച്ചിട്ടേയില്ല. ഞാൻ പരിഗണിച്ചത് നിയമവും എന്റെ മുന്നിലെത്തിയ അപേക്ഷകളും മാത്രമായിരുന്നു. 2009 ഡിസംബർ 31 നാണ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിക്കുന്നത്. 11ാം ദിവസമാണ് താങ്കൾ ‘മാധ്യമ’ത്തിനുവേണ്ടി അപേക്ഷയുമായി വന്നത്. ഒരു മാസത്തിനകം വിവരം നൽകണമെന്ന വ്യവസ്ഥ പാലിക്കാത്തതിനാൽ ഒന്നാം അപ്പീൽ നൽകിയതും ശരിയാണ്. വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും മറ്റും കൂടിക്കുഴഞ്ഞതിനാൽ വിവരം വെളിപ്പെടുത്താനാവില്ല എന്ന് വ്യാഖ്യാനിച്ച് അന്നത്തെ മുഖ്യ വിവരാവകാശ കമീഷണർ വിൻസൺ എം. പോൾ രണ്ടാം അപ്പീൽ തള്ളി. കഴിഞ്ഞ നാലു വർഷവും പല അപേക്ഷകർ വന്നപ്പോഴും റിപ്പോർട്ടിന്മേൽ ചുവപ്പുനാട കെട്ടാൻ ആ വിധിതീർപ്പ് സാംസ്കാരിക വകുപ്പ് ഉദ്യോഗസ്ഥർ സൗകര്യപൂർവം ഉപയോഗിച്ചു.
അങ്ങനെയിരിക്കുമ്പോഴാണ് പുതിയൊരു അപ്പീൽ എന്റെ ബെഞ്ചിലെത്തുന്നത്. റിപ്പോർട്ടിലെ സ്വകാര്യതയെ ബാധിക്കാത്ത വിവരങ്ങൾ നൽകുന്നില്ലെന്നായിരുന്നു അപ്പീൽ. വസ്തുത മനസ്സിലാക്കണമെങ്കിൽ റിപ്പോർട്ട് കാണണം. അതിനാൽ സീൽഡ് കവറിൽ റിപ്പോർട്ട് ഹാജരാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. അതിന് അഴകൊഴമ്പൻ മറുപടിയാണ് ഉദ്യോഗസ്ഥർ നൽകിയത്. ആദ്യം നിയമസഭയിൽ വെക്കണമെന്നായി. പിന്നെ കാബിനറ്റിന്റെ പരിഗണനയിലാണെന്ന്. അതുകഴിഞ്ഞ് നിയമോപദേശത്തിനു നൽകിയെന്നായി തടസ്സവാദം. പാർലമെന്റ് പാസാക്കിയ വിവരാവകാശ നിയമത്തിനു മേലെ എന്ത് നിയമോപദേശം!
രാജാവിനേക്കാൾ വലിയ രാജഭക്തി ഉദ്യോഗസ്ഥർ കാണിച്ചതോടെ സിവിൽ കോടതിയുടെ അധികാരമുപയോഗിച്ച് അന്ത്യശാസനം നൽകി റിപ്പോർട്ട് പിടിച്ചെടുക്കേണ്ടിവന്നു. റിപ്പോർട്ട് കൃത്യമായി പരിശോധിച്ചശേഷമാണ് സ്വകാര്യതയെ ബാധിക്കാത്ത ഭാഗങ്ങളുടെ പകർപ്പ് നൽകണമെന്ന് ഉത്തരവിട്ടത്. റിപ്പോർട്ട് പുറത്തുവരാതിരിക്കാൻ സുപ്രീംകോടതി അഭിഭാഷകരെ വരെ തൽപരകക്ഷികൾ രംഗത്തിറക്കിയെങ്കിലും കേസ് പരിഗണിച്ച ഹൈകോടതിയിലെ ഏഴ് ന്യായാധിപന്മാരും എന്റെ ഉത്തരവ് ശരിവെക്കുകയായിരുന്നു.
റിപ്പോർട്ട് പുറത്തുവിടാതിരിക്കാൻ സർക്കാറിൽനിന്നോ മറ്റ് ഭാഗങ്ങളിൽ നിന്നോ താങ്കൾക്ക് സമർദമുണ്ടായിരുന്നോ?
സർക്കാറിൽനിന്ന് ഒരു സമ്മർദവുമുണ്ടായിട്ടില്ല. റിപ്പോർട്ട് പുറത്തുവിടുന്നതിൽ ഏറ്റവും കൂടുതൽ പിന്തുണ ലഭിച്ചത് സാംസ്കാരിക മന്ത്രിയിൽനിന്നും മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്നുമാണ്.
റിപ്പോർട്ട് പുറത്തുവിട്ടതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായോ? ഭീഷണി, അങ്ങനെയെന്തെങ്കിലും?
റിപ്പോർട്ട് പുറത്തുവിടാനുള്ള ഉത്തരവ് ഹൈകോടതി ശരിവെക്കുകയും സെക്രട്ടേറിയറ്റ് തൊട്ടുടനെ റിപ്പോർട്ടിന്റെ പകർപ്പ് നൽകുകയും ചെയ്ത സമയം ഞാൻ പത്തനംതിട്ട പ്രസ് ക്ലബിലേക്കുള്ള യാത്രയിലായിരുന്നു. പക്ഷേ, എനിക്ക് യാത്ര പാതിവഴിയിൽ അവസാനിപ്പിക്കേണ്ടി വന്നു. ഔദ്യോഗിക വാഹനം ഒഴിവാക്കിയും വാഹനത്തിൽ ബോർഡും പതാകയും ഇല്ലാതെയുമെല്ലാമായിരുന്നു പിന്നീട് യാത്ര. സംസ്ഥാന ഇന്റലിജൻസ് വിഭാഗം പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി. എനിക്ക് പേഴ്സനൽ സെക്യൂരിറ്റി ഓഫിസർമാരെ അനുവദിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ആഭ്യന്തര വകുപ്പിന് കത്ത് നൽകാൻ കമീഷൻ സെക്രട്ടറി നിർദേശം വെച്ചു. ഫയലിൽ മുഖ്യവിവരാവകാശ കമീഷണർ ഹരി നായർ എഴുതിയത് IGNORE (അവഗണിക്കുക) എന്നാണ്. ഇന്റലിജൻസ് വളരെ സജീവമായിരുന്നു. വിവരമറിഞ്ഞ ഉടനെ ഡി.ജി.പി ദർവേശ് സാഹിബ് എന്നെ ഫോണിൽ വിളിച്ചു. ദക്ഷിണ മേഖല ഐ.ജിയായിരുന്ന സ്പർജൻകുമാറിന് എന്റെ സുരക്ഷാചുമതല നൽകി. മുഖ്യമന്ത്രിയുടെ ഓഫിസും ആഭ്യന്തര വകുപ്പും നിയമ മന്ത്രിയും ആ ഘട്ടത്തിൽ പുലർത്തിയ ജാഗ്രതയും കരുതലും മറക്കാനാകില്ല.
പക്ഷേ, അപ്പോഴും ആരെങ്കിലും ഉപദ്രവിക്കുന്നെങ്കിൽ ഉപദ്രവിക്കട്ടെ എന്ന് കരുതിയത് എന്നെ സംരക്ഷിക്കേണ്ട ചുമതലയുള്ളവർതന്നെയായിരുന്നു. അന്നും ഇന്നും എന്റെ എതിരാളികൾ വിവരാവകാശ കമീഷനിൽതന്നെയാണ്.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ താങ്കൾ അപേക്ഷകർക്ക് നൽകാമെന്ന് നിർദേശിച്ച ഭാഗങ്ങളിൽ 112ഓളം ഖണ്ഡികകൾ ഉദ്യോഗസ്ഥർ മനഃപൂർവം ഒഴിവാക്കിയെന്ന പരാതിയിൽ വിധി പറയാനിരിക്കെയാണല്ലോ അവസാന നിമിഷം മറ്റൊരു പരാതി എത്തുന്നതും കേസ് മാറ്റിവെച്ചതും. പിന്നീട് അറിയുന്നത് താങ്കളുടെ െബഞ്ചിൽനിന്ന് കേസ് മുഖ്യവിവരാവകാശ കമീഷണറുടെ നേതൃത്വത്തിലുള്ള ഡിവിഷൻ വെഞ്ചിലേക്ക് മാറ്റിയെന്നതാണ്. ഇതിന് പിന്നിൽ ഹേമ സൂചിപ്പിച്ചതുപോലെ വിവരാവകാശ കമീഷനകത്ത് ആരെങ്കിലും പ്രവർത്തിച്ചിരുന്നോ? റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ ഇനി പ്രതീക്ഷിക്കാമോ?
കൂടുതൽ വിവരങ്ങൾ പുറത്തുവരാതിരിക്കാൻ ലോബി പ്രവർത്തിച്ചോയെന്നും സംസ്ഥാന വിവരാവകാശ കമീഷനിൽ ലോബിയുടെ ഏജന്റുമാരുണ്ടോയെന്നും മാധ്യമങ്ങൾ അന്വേഷിക്കട്ടെ. ഇനി റിപ്പോർട്ടിന്റെ കൂടുതൽ ഭാഗങ്ങൾ പുറത്തുവരുമോയെന്നൊന്നും പറയാൻ ഞാൻ ആളല്ല. അത് ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലുള്ള വിഷയമാണ്. സംസ്ഥാനത്ത് വിവരാവകാശ കമീഷന് സുതാര്യമായി പ്രവർത്തിക്കാൻ വേണ്ട എല്ലാ സൗകര്യങ്ങളും സ്വാതന്ത്ര്യവും സർക്കാർ നൽകുന്നുണ്ട്. എന്നാൽ, അതിന് എന്തെങ്കിലും തടസ്സം ഉണ്ടെങ്കിൽ അതിനുത്തരവാദി കമീഷനിലെ ഒരു വിഭാഗംതന്നെയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.