ശാസ്ത്ര ചെപ്പ് തുറന്നു; ജില്ല സ്കൂൾ ശാസ്ത്രോത്സവത്തിന് തളിപ്പറമ്പിൽ തിരിതെളിഞ്ഞു
text_fieldsജില്ല സ്കൂൾ ശാസ്ത്രോത്സവത്തിന് തളിപ്പറമ്പിൽ ടി.കെ ഗോവിന്ദൻ എം.എൽ.എ തിരിതെളിക്കുന്നു
തളിപ്പറമ്പ്: റവന്യൂ ജില്ല സ്കൂൾ ശാസ്ത്രോത്സവത്തിന് തളിപ്പറമ്പിൽ പ്രൗഢമായ തുടക്കം. ജില്ലയിലെ വിവിധ സ്കൂളുകളിൽനിന്നായി 6000 ഓളം വിദ്യാർഥികളാണ് മേളയിൽ മാറ്റുരക്കുന്നത്. തളിപ്പറമ്പിലെ മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂൾ, സീതി സാഹിബ് ഹയർ സെക്കൻഡറി സ്കൂൾ, സർസയ്യിദ് ഹയർ സെക്കൻഡറി സ്കൂൾ, ടാഗോർ വിദ്യാനികേതൻ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലാണ് ജില്ലാ ശാസ്ത്രോത്സവം നടക്കുന്നത്.
മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിൽ ടി.കെ ഗോവിന്ദൻ എം.എൽ.എ മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. കൃത്യമായ ശാസ്ത്ര അവബോധമുള്ള സംസ്ഥാനമായി കേരളം മാറിയെന്ന് അദ്ദേഹം പറഞ്ഞു. ഒരുകാലത്ത് അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും നിലനിന്നിരുന്ന നാടായിരുന്നു കേരളം. ശാസ്ത്രമേളകളിൽ കുട്ടികൾ അവതരിപ്പിച്ച പല ആശയങ്ങളും പിന്നീട് വലിയ പ്രചാരം നേടുകയും പ്രായോഗിക തലത്തിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു .
തളിപ്പറമ്പ് നഗരസഭാ ചെയർപേഴ്സൺ പി.കെ. സുബൈർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ നാഷനൽ ലെവൽ സെലക്ഷൻ ഇൻസ്പയർ അവാർഡ് വിജയിയായ ഇ.കെ. സായ് കൃഷ്ണയെ അനുമോദിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ ദീപ രഞ്ജിത്ത്, കെ. മുഹമ്മദ് ബഷീർ, കെ.വി. മുഹമ്മദ് കുഞ്ഞി വിദ്യാഭ്യാസ ഉപഡയറക്ടർ ഡി. ഷൈനി, ഡോ. ജയന്തി സുധാകരൻ തുടങ്ങിയവർ സംസാരിച്ചു. ജനപ്രതിനിധികളും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു. സമാപന ദിവസമായ ചൊവ്വാഴ്ച വിവിധ വേദികളിലായി ഹയർ സെക്കൻഡറി വിഭാഗം മത്സരങ്ങൾ അരങ്ങേറും. മുത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ് വിഭാഗം ശാസ്ത്രമേള മത്സരങ്ങളും സീതി സാഹിബ് എച്ച്.എസ്.എസിൽ ഗണിതശാസ്ത്ര മേളയിൽ ഹയർ സെക്കൻഡറി വിഭാഗത്തിന്റെ മുഴുവൻ മത്സര ഇനങ്ങളും നടക്കും.
ടാഗോർ വിദ്യാനികേതൻ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന സാമൂഹ്യശാസ്ത്ര മേള യിൽ ലോക്കൽ ഹിസ്റ്ററി ഇന്റർ വ്യൂ, ഹിസ്റ്ററി സെമിനാർ അവ തരണം (ഹൈസ്കൂൾ, ഹയർ സെക്കൻഡറി), എച്ച്.എസ്. എസ് വിഭാഗം സ്റ്റിൽ ആൻഡ് വർക്കിംഗ് മോഡലുകൾ, ഒപ്പം യു.പി, എച്ച്.എസ്, എച്ച്.എസ്. എസ് വിഭാഗങ്ങൾക്കായുള്ള ടീച്ചിംഗ് എയ്ഡ് മത്സരങ്ങളും നടക്കും. സർ സയ്യിദ് എച്ച്.എസ്.എസിലാണ് ഹയർ സെക്കൻഡറി വിഭാഗം പ്രവൃത്തിപരിചയമേള മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ടാഗോർ വിദ്യാനികേതനിൽ നടക്കുന്ന ഐ.ടി മേളയിൽ ആനിമേഷൻ മത്സരങ്ങളും നടക്കും. സമാപന സമ്മേളനം വൈകിട്ട് 4.30ന് തളിപ്പറമ്പ് നഗരസഭാ വൈസ് ചെയർപേഴ്സൺ ദീപ രഞ്ജിത്ത് ഉദ്ഘാടനം ചെയ്യും.
പ്രവൃത്തി പരിചയ മേളയിൽ നിന്ന്
അദ്ഭുതങ്ങൾ വിരിയിച്ച് കുട്ടി കരങ്ങൾ
തളിപ്പറമ്പ്: കരകൗശല നിർമ്മാണത്തിലും പ്രവർത്തന മാതൃകകളിലും വേറിട്ട പ്രകടനമാണ് വിദ്യാർഥികൾ കാഴ്ച വച്ചത്. ഭാവനയും സാങ്കേതിക മികവും ഒത്തുചേർന്ന നിർമാണങ്ങൾ. ശാസ്ത്ര, പ്രവർത്തിപരിചയ, ഗണിതശാസ്ത്ര, സാമൂഹ്യ ശാസ്ത്ര മേളകൾ വിദ്യാർഥികളുടെ സർഗാത്മകതയുടെ വേദിയായി മാറി. തളിപ്പറമ്പ് സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പ്രവർത്തിപരിചയ മേളയിൽ കളിമൺ മാതൃകാ നിർമാണത്തിൽ വീണ വായിക്കുന്ന സ്ത്രീ എന്ന വിഷയത്തിലായിരുന്നു മത്സരം.
വുഡ് ക്രാഫ്റ്റിംഗ്, വർക്കിങ് മോഡൽ, ചിരട്ട കൊണ്ടുള്ള കരകൗശല നിർമാണം തുടങ്ങി ഓരോ വിഭാഗത്തിലും കുട്ടികളുടെ കരവിരുത് പ്രകടമായി. പരിമിതമായ സാമഗ്രികൾ ഉപയോഗിച്ച് മനോഹരമായ ഉൽപ്പന്നങ്ങൾ തീർത്ത വിദ്യാർഥികളുടെ കഴിവുകൾ മേളയെ ശ്രദ്ധേയമാക്കി. വുഡ് ക്രാഫ്റ്റിങ് വിഭാഗത്തിൽ ഊഞ്ഞാൽ, കട്ടിൽ, മേശ തുടങ്ങിയവ നിർമിച്ച് വിദ്യാർഥികൾ പരമ്പരാഗത കഴിവ് കൂടിയാണ് തെളിയിച്ചത്. കരിക്കോട്ടക്കരി സെന്റ് തോമസ് ഹൈസ്കൂളിലെ കാർത്തിക് ബാബുവിന്റെ മൾട്ടി പർപ്പസ് അയണിങ് ടേബിൾ പ്രവൃത്തി പരിചയ മേളയിൽ ശ്രദ്ധേയമായി.
സസ്യ പരിപാലനത്തിലും കൃഷിയിലും താൽപര്യമുള്ള കുട്ടികളുടെ മികവ് പ്രകടമാക്കുന്നതായിരുന്നു ബഡ്ഡിങ്, ലയറിങ്, ഗ്രാഫ്റ്റിങ് മത്സരങ്ങൾ. ന്യൂട്രീഷൻ ഫുഡ് മേക്കിങ് ഉൾപ്പെടെയുള്ള മത്സരങ്ങളിൽ വിദ്യാർഥികൾ മികച്ച നിലവാരം പുലർത്തി. മേളയിൽ ജില്ലയിലെ 251 ഹൈസ്കൂളുകളിലെയും 159 ഹയർസെക്കന്ററി സ്കൂളുകളിലും നിന്നുള്ള കുട്ടികളാണ് മത്സരിക്കുന്നത്. ശനിയാഴ്ച നടന്ന ശാസ്ത്ര നാടക മത്സരത്തോടെയാണ് മേള ആരംഭിച്ചത്.

