രാജ്ഭവനിലെ ഡെന്റൽ ക്ലിനിക്കിന് 10 ലക്ഷം; ഗവർണറുടെ ആവശ്യം ധനവകുപ്പ് അംഗീകരിച്ചു
text_fieldsതിരുവനന്തപുരം: രാജ്ഭവനിലെ ഡെന്റൽ ക്ലിനിക്കിന് 10 ലക്ഷം രൂപ അനുവദിക്കണമെന്ന ഗവർണറുടെ ആവശ്യം ധനവകുപ്പ് അംഗീകരിച്ചു. തുക അനുവദിച്ചുള്ള ഫയൽ പൊതുഭരണ വകുപ്പ് വഴി മുഖ്യമന്ത്രിയുടെ ഓഫിസിന് കൈമാറി. ഇക്കാര്യത്തിൽ മുഖ്യമന്ത്രി തീരുമാനമെടുത്താൽ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കും. രാജ്ഭവനിലെ നിലവിലുള്ള ക്ലിനിക്കിനോട് ചേർന്ന് ഡെന്റൽ ക്ലിനിക് ആരംഭിക്കാൻ പത്ത് ലക്ഷം രൂപ അനുവദിക്കണം എന്നാവശ്യപ്പെട്ട് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറിയാണ് പൊതുഭരണ സെക്രട്ടറിക്ക് ജൂലൈയിൽ കത്ത് നൽകിയത്. ധനവകുപ്പ് ഇക്കാര്യം പരിശോധിച്ച് അനുകൂല തീരുമാനമെടുക്കുകയായിരുന്നു.
രാജ്ഭവനിൽ ഇ-ഓഫിസ് സംവിധാനവും കേന്ദ്രീകൃത നെറ്റ്വർക്കിങ് സംവിധാനവും ഒരുക്കുന്നതിന് 75 ലക്ഷം രൂപ നേരത്തെ സർക്കാർ അനുവദിച്ചിരുന്നു. കടലാസ് രഹിത ഓഫിസ് സംവിധാനം ഒരുക്കുന്നതിന് തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി സെപ്റ്റംബറിലാണ് കത്ത് നൽകിയത്. അതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
സർക്കാറും ഗവർണറും തമ്മിലുള്ള പോര് രൂക്ഷമായി തുടരുന്നതിനിടെയാണ് രാജ്ഭവന്റെ ആവശ്യം സർക്കാർ അംഗീകരിച്ചത്.
ആരോഗ്യ സർവകലാശാല വി.സി: ചാൻസലർക്ക് കത്ത്
തൃശൂർ: കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ യു.ജി.സി ചട്ടങ്ങൾ ലംഘിക്കപ്പെട്ടത് ചാൻസലറായ ഗവർണർക്ക് കത്ത്. സാങ്കേതിക സർവകലാശാല വി.സി നിയമനം റദ്ദാക്കി കോടതി പറഞ്ഞ കാര്യങ്ങൾ ഏറ്റവും യോജിക്കുന്നത് ആരോഗ്യ സർവകലാശാല വി.സിയുടെ കാര്യത്തിലാണെന്നും ഈ വിധിയുടെ പേരിൽ മറ്റ് സർവകലാശാലകൾക്ക് ബാധകമാക്കുന്ന ചാൻസലർ ആരോഗ്യ സർവകലാശാലയെകൂടി ഉൾപ്പെടുത്തണമെന്നുമാണ് കത്തിലെ ആവശ്യം.
ഡോ. പ്രവീൺലാൽ കുറ്റിച്ചിറയാണ് കത്തയച്ചത്. ഡോ. പ്രവീൺലാൽ, ആരോഗ്യ സർവകലാശാല വി.സി നിയമനത്തിന് സെർച്ച് കമ്മിറ്റി തയാറാക്കിയ മൂന്നുപേരുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ആളായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.