മലബാറിൽ 1171 സ്ഥിരം പ്ലസ് വൺ ബാച്ചുകൾ വേണം -ഫ്രറ്റേണിറ്റി
text_fieldsകോഴിക്കോട്: പത്താം ക്ലാസിന് ശേഷമുള്ള മലബാർ ജില്ലകളിലെ രൂക്ഷമായ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ പൊടിക്കൈകളല്ല, ശാശ്വത നടപടികളാണ് സർക്കാർ കൈക്കൊള്ളേണ്ടതെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് നേതാക്കൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. തൃശൂർ മുതൽ കാസർകോട് വരെ 58,571 വിദ്യാർഥികൾക്ക് സീറ്റില്ലാത്ത സ്ഥിതി പരിഹരിക്കാൻ 1171 സ്ഥിരം പ്ലസ് വൺ ബാച്ചുകൾ അനുവദിക്കണം.
ഹൈസ്കൂളുകൾ ഹയർ സെക്കൻഡറികളായി ഉയർത്തണം. മലപ്പുറം ജില്ലയിൽ മാത്രം ഉയർത്താവുന്ന 20 സർക്കാർ വിദ്യാലയങ്ങളുണ്ട്. ഹയർ സെക്കൻഡറി സീറ്റിൽ മലബാറിനോടുള്ള വിവേചനത്തിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് ‘മലബാർ വിദ്യാഭ്യാസ അവകാശ പ്രക്ഷോഭം’ തുടങ്ങിയെന്നും ഭാരവാഹികൾ പറഞ്ഞു. ഏകജാലക പ്രക്രിയ പൂർത്തിയാകുന്നതിന് മുമ്പുതന്നെ പ്രതിസന്ധി പരിഹരിക്കണമെന്നും ഹയർ സെക്കൻഡറി സീറ്റ് പ്രതിസന്ധിയെക്കുറിച്ചുള്ള കാർത്തികേയൻ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കണമെന്നും അവർ പറഞ്ഞു.
വെറും 18,496 വിദ്യാർഥികൾ എസ്.എസ്.എൽ.സിക്ക് വിജയിച്ച കോട്ടയം ജില്ലയിൽ 228 സയൻസ് ബാച്ചുകളുള്ളപ്പോൾ 79,152 പേർ ജയിച്ച മലപ്പുറത്ത് സയൻസ് ബാച്ചുകളുടെ എണ്ണം 352 മാത്രമാണ്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പത്താം ക്ലാസ് വിജയികൾ, എസ്.എസ്.എൽ.സി സേ പരീക്ഷ വിജയികൾ എന്നിവർകൂടി വരുന്നതോടെ മലബാറിലെ സീറ്റ് പ്രതിസന്ധി രൂക്ഷമാകും.
വാർത്തസമ്മേളനത്തിൽ ഫ്രറ്റേണിറ്റി കേരള പ്രസിഡന്റ് നഈം ഗഫൂർ, ജന. സെക്രട്ടറി ടി.കെ. മുഹമ്മദ് സഈദ്, വൈസ് പ്രസിഡന്റ് കെ.എം. സാബിർ അഹ്സൻ, കോഴിക്കോട് ജില്ല പ്രസിഡന്റ് അയിഷ മന്ന, റഈസ് കുണ്ടുങ്ങൽ എന്നിവർ സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.