സംഘർഷ സാധ്യത: കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ
text_fieldsകോഴിക്കോട്: കോഴിേക്കാട് ജില്ലയിൽ ബുധനാഴ്ച മുതൽ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്താണ് നടപടി. കശ്മീർ ബാലികയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച നടന്ന ഹർത്താലിനോടനുബന്ധിച്ച് ജില്ലയിൽ പലയിടങ്ങളിലും സംഘർഷമുണ്ടായിരുന്നു. ഇതോടനുബന്ധിച്ച പ്രതിഷേധങ്ങളും പ്രകടനങ്ങളും തുടരുന്നത് സാമുദായിക സമാധാനം തകർക്കാനും സംഘർഷം ഉടലെടുക്കാനും കാരണമാകുമെന്നതിനാലാണ് കേരള പൊലീസ് ആക്ട് 78, 79 വകുപ്പുപ്രകാരം നടപടിയെന്ന് പൊലീസ് കമീഷണർ എസ്. കാളിരാജ് മഹേഷ്കുമാർ അറിയിച്ചു. ഇതുപ്രകാരം സിറ്റി പൊലീസ് പരിധിയിൽ പ്രകടനങ്ങൾ, പൊതുസമ്മേളനങ്ങൾ, റാലികൾ, മാർച്ച് എന്നിവ നടത്തുന്നത് നിരോധിച്ചിട്ടുണ്ട്.
നശീകരണ, സ്ഫോടക വസ്തുക്കൾ, വെടിമരുന്ന്, കല്ലുകൾ, ആക്രമണത്തിന് ഉപയോഗിക്കാവുന്ന ഏതെങ്കിലും ആയുധങ്ങൾ തുടങ്ങിയവ ശേഖരിക്കുകയോ കൊണ്ടുപോവുകയോ ചെയ്യരുത്. മത സാമുദായിക വികാരങ്ങൾ ആളിക്കത്തിക്കുന്നതോ സദാചാരത്തിെൻറ പൊതുനിലവാരം ധ്വംസിക്കുന്നതോ രാഷ്ട്രസുരക്ഷ അപായപ്പെടുത്തുന്നതോ ആയ ചിത്രങ്ങൾ, ചിഹ്നങ്ങൾ, പ്ലക്കാർഡുകൾ, അച്ചടിക്കടലാസുകൾ, ലഘുലേഖകൾ, പുസ്തകങ്ങൾ എന്നിവ പ്രസിദ്ധപ്പെടുത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്.
സാമുദായിക വികാരങ്ങൾ വ്രണപ്പെടുത്തുന്ന ഒാഡിയോ, വിഡിയോ റെക്കോർഡുകൾ, ഡിജിറ്റൽ റെക്കോർഡുകൾ, പോസ്റ്ററുകൾ, ബാനറുകൾ എന്നിവയും സമൂഹ മാധ്യമങ്ങളിലൂടെയോ മറ്റോ പ്രചരിപ്പിക്കാൻ പാടില്ല. നഗരപരിധിയിൽ മാത്തോട്ടം, അരക്കിണർ തുടങ്ങിയ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട പ്രകോപന പോസ്റ്ററുകൾ പൊലീസ് നീക്കംചെയ്യുകയും ചിലരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. കഠ്വ സംഭവത്തിൽ പ്രതിഷേധിക്കാൻ എസ്.ഡി.പി.െഎയുടെ ആഭിമുഖ്യത്തിൽ ‘ഹിന്ദുത്വ ഭീകരതക്കെതിരെ തെരുവിലറങ്ങുക’ എന്ന മുദ്രാവാക്യമുയർത്തി വ്യാഴാഴ്ച കോഴിക്കോട് നഗരത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചതെന്ന് അറിയുന്നു.
സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷം പടർത്തരുത്
കോഴിക്കോട്: വർഗീയ വിദ്വേഷമോ പരിഭ്രാന്തിയോ പരത്തുന്ന രീതിയിൽ ടെക്സ്റ്റ്, ഒാഡിയോ, വീഡിയോ സന്ദേശങ്ങൾ തുടങ്ങിയവ ഏതെങ്കിലും സോഷ്യൽ മീഡിയ ഗ്രൂപ് വഴിയോ പ്രെഫൈലുകൾ വഴിയോ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ സ്ക്രീൻഷോട്ട് സഹിതം കോഴിക്കോട് സിറ്റി സൈബർസെല്ലിൽ അറിയിക്കണമെന്ന് ജില്ല പൊലീസ് മേധാവി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.