അത്യാഹിത വിഭാഗത്തിൽ നഴ്സായ സുലൈഖയുടെ മുന്നിലേക്കെത്തിയത് സ്വന്തം മകന്റെ ചേതനയറ്റ ശരീരം; ഹൃദയംതകർന്ന് അവർ കുഴഞ്ഞുവീണു, ആശുപത്രിക്കുള്ളിൽ നെഞ്ചുലക്കുന്ന കാഴ്ച
text_fieldsഅപകടത്തിൽ മരിച്ച ഫൗസാൻ
പെരുമ്പിലാവ്: മുറിവേറ്റും ചേതനയറ്റും എത്തുന്ന ശരീരങ്ങൾ ഏറ്റുവാങ്ങുന്നത് നഴ്സ് സുലൈഖക്ക് പുതിയ കാര്യമല്ല. എന്നാൽ, വ്യാഴാഴ്ച രാവിലെ പത്തരയോടെ മുന്നിലെത്തിയ ശരീരം കണ്ട് അവർ സ്തംഭിച്ചുപോയി. സ്വന്തം മകനാണ് ഉയിര് നഷ്ടപ്പെട്ട് മുന്നിൽ കിടക്കുന്നതെന്ന് അവർക്ക് വിശ്വസിക്കാനായില്ല.
പെരുമ്പിലാവ് അൻസാർ ആശുപത്രിയാണ് ഹൃദയഭേദകമായ കാഴ്ചക്ക് സാക്ഷ്യംവഹിച്ചത്. അക്കിക്കാവിലുണ്ടായ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ 15കാരൻ അൽ ഫൗസാനെ സമീപത്തെ അൻസാർ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. അപകടസ്ഥലത്തുള്ളവരോ ആശുപത്രിയിൽ എത്തിച്ചവരോ കുട്ടിയെ തിരിച്ചറിഞ്ഞിരുന്നില്ല. അൻസാർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തുമ്പോഴേക്കും അൽ ഫൗസാൻ മരണത്തിന് കീഴടങ്ങിയിരുന്നു. അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മാതാവ് സുലൈഖയുടെ കൈകളിലേക്കാണ് അൽ ഫൗസാന്റെ മൃതദേഹമെത്തിയത്.
മകന്റെ ചേതനയറ്റ ശരീരം കണ്ടതോടെ സുലൈഖ കുഴഞ്ഞുവീണു. ഓടിക്കൂടിയവർ അപ്പോഴാണ് മരിച്ച കുട്ടിയെക്കുറിച്ച് അറിയുന്നത്. ഇതോടെ ആശുപത്രി ജീവനക്കാരും തടിച്ചുകൂടിയവരും കണ്ണീരിലായി. പിന്നീടെത്തിയ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനും ഇവർ ഏറെ പാടുപെട്ടു. അൽ ഫൗസാന്റെ പിതാവ് ഇതേ ആശുപത്രിയിൽ അക്കൗണ്ടന്റാണ്. എന്നാൽ, സംഭവസമയത്ത് അദ്ദേഹം ആശുപത്രിയിലുണ്ടായിരുന്നില്ല.
ട്യൂഷൻ സെന്ററിലെ ക്ലാസ് കഴിഞ്ഞ് മടങ്ങുമ്പോൾ, സമീപത്തെ കടയിൽനിന്ന് കേടുപാടു തീർത്ത സ്വന്തം സൈക്കിൾ കൈപ്പറ്റി തള്ളിക്കൊണ്ടുപോവുകയായിരുന്നു അൽ ഫൗസാൻ. പിതാവ് മെഹബൂബ് സൈക്കിൾ കൊണ്ടുവരാമെന്ന് പറഞ്ഞിരുന്നെങ്കിലും ജ്യേഷ്ഠൻ കൊടുത്ത പണവുമായി അൽ ഫൗസാൻ തന്നെ കടയിൽ പോയി എടുക്കുകയായിരുന്നു. സംസ്ഥാന പാതയിലൂടെ ചവിട്ടി വരരുതെന്ന് പറഞ്ഞിരുന്നതിനാലാണ് തള്ളിക്കൊണ്ടു വന്നിരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.