ഇൻസ്റ്റഗ്രാം പരിചയത്തിലൂടെ 17കാരിയെ ഒന്നരവർഷം പീഡിപ്പിച്ചു; തിരുവല്ലയിൽനിന്ന് മുങ്ങിയ പ്രതി ഉത്തർപ്രദേശിൽനിന്ന് പിടിയിൽ
text_fieldsകാളിദാസ് എസ്. കുമാർ
തിരുവല്ല: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി ആറു മാസങ്ങൾക്ക് ശേഷം ഉത്തർപ്രദേശിൽ നിന്ന് പിടിയിലായി. കോട്ടയം മണിമല ഏറത്ത് വടകര തോട്ടപ്പള്ളി കോളനിയിൽ കഴുനാടിയിൽ താഴേ വീട്ടിൽ കാളിദാസ് എസ്. കുമാർ (23) ആണ് തിരുവല്ല പൊലീസിന്റെ പിടിയിലായത്.
ഇൻസ്റ്റഗ്രാമിലൂടെ പ്രണയം നടിച്ച് ഒന്നര വർഷക്കാലത്തോളമായി പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നു. പ്രതിയുടെ വീട്ടിലും മറ്റ് സ്ഥലങ്ങളിലുമായി എത്തിച്ചാണ് പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച പെൺകുട്ടിയെ വീട്ടുകാർ സ്വകാര്യ കൗൺസിലിങ് കേന്ദ്രത്തിൽ എത്തിച്ചപ്പോഴാണ് പീഡന വിവരം പറഞ്ഞത്. തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരം അറിയിച്ചു.
ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം പെൺകുട്ടിയുടെ പിതാവിൻ്റെ പരാതിയിൽ കാളിദാസന് എതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുക്കുകയായിരുന്നു. കേസെടുത്തത് അറിഞ്ഞ് മുങ്ങിയ പ്രതി ട്രെയിൻ മാർഗം ഉത്തർപ്രദേശിൽ എത്തുകയായിരുന്നു. ഉത്തർപ്രദേശ് - ഹരിയാന അതിർത്തി പ്രദേശമായ ഫരീദാബാദിലെ ബദർപൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ താമസിക്കുന്ന ചേരിയിലാണ് ഇയാൾ കഴിഞ്ഞിരുന്നത്. ഫരീദാബാദ് മലയാളി അസോസിയേഷൻ പ്രവർത്തകരുടെ സഹായത്തോടെയാണ് പ്രത്യേക പൊലീസ് സംഘം പ്രതിയെ പിടികൂടിയത്.
സിം കാർഡുകൾ മാറിമാറി ഉപയോഗിച്ചുവന്നിരുന്ന പ്രതിയെ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് വലയിലാക്കിയതെന്ന് സി ഐ പറഞ്ഞു. ഒളിവിൽ പോയ ശേഷം മാതാപിതാക്കളെ പോലും വിളിക്കാതിരുന്നതാണ് പ്രതിയെ പിടികൂടാൻ കാലതാമസം ഉണ്ടാക്കിയതെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.