ഗാന്ധിഭവന് യൂസുഫലിയുടെ വക 20 കോടിയുടെ മന്ദിരം
text_fieldsഗാന്ധിഭവനിൽ പുതുതായി നിർമിക്കുന്ന പുരുഷവയോജനങ്ങൾക്കായുള്ള മന്ദിരത്തിന്റെ തറക്കല്ലിടൽ ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫുലി നിർവഹിക്കുന്നു
കൊല്ലം: പത്തനാപുരം ഗാന്ധിഭവനിലെ പുരുഷവയോജനങ്ങള്‍ക്കായി എം.എ. യൂസുഫലി നിർമിച്ചുനല്‍കുന്ന ബഹുനില മന്ദിരത്തിന് ക്രിസ്മസ് ദിനത്തില്‍ ശിലയിട്ടു. വനിതകൾക്കായി യൂസഫുലിതന്നെ നിർമിച്ചു നല്കിയ മന്ദിരത്തിനു സമീപത്താണ് പുതിയ കെട്ടിടം.
300 അന്തേവാസികള്‍ക്ക് താമസിക്കാനുള്ള സംവിധാനങ്ങളൊരുക്കുന്ന കെട്ടിടം പൂര്‍ത്തിയാകുമ്പോള്‍ 20 കോടി രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷ. മൂന്ന് നിലകളായാണ് നിർമാണം. അതിനും മുകളിലായി 700 പേര്‍ക്ക് ഇരിക്കാവുന്ന പ്രാർഥനാ ഹാളുമുണ്ടാകും. ശുശ്രൂഷാസംവിധാനങ്ങള്‍, പ്രത്യേക പരിചരണവിഭാഗങ്ങള്‍, ഫാര്‍മസി, ലബോറട്ടറി, ലൈബ്രറി, ഡൈനിങ് ഹാള്‍, ലിഫ്റ്റുകള്‍, വിവിധ മതസ്ഥര്‍ക്ക് പ്രത്യേകം പ്രാർഥനാമുറികള്‍, മാലിന്യസംസ്കരണ സംവിധാനം എന്നിവയെല്ലാമടങ്ങുന്ന കെട്ടിടത്തിന്റെ നിർമാണം രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് യൂസുഫലി പറഞ്ഞു.
മാതാപിതാക്കളെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യണമെന്നാണ് എല്ലാ മതഗ്രന്ഥങ്ങളും പറയുന്നത്. എന്നാല്‍, നമ്മുടെ നാട്ടില്‍ അച്ഛനമ്മമാരെ നിര്‍ദാക്ഷിണ്യം ഉപേക്ഷിക്കുന്ന പ്രവണത വർധിച്ചുവരുകയാണ്. ആരും മാതാപിതാക്കളെ അഭയകേന്ദ്രങ്ങളിലേക്ക് തള്ളിവിട്ട് ദൈവശിക്ഷക്ക് പാത്രമാകരുത് -യൂസുഫലി പറഞ്ഞു.
ഗാന്ധിഭവന് സ്ഥാപകൻ പുനലൂര്‍ സോമരാജന്റെയും അന്തേവാസിയായ ചലച്ചിത്ര നടന് ടി.പി. മാധവനടക്കമുള്ളവരുടെയും സാന്നിധ്യത്തില്‍ എം.എ. യൂസുഫലി ശിലാസ്ഥാപനം നിര്‍വഹിച്ചു. ചടങ്ങില്‍ ലുലു ഗ്രൂപ് ഇന്റർനാഷനല്‍ കമ്യൂണിക്കേഷന്‍ മാനേജര്‍ വി. നന്ദകുമാര്‍, ചീഫ് എൻജിനീയര്‍ ബാബു വർഗീസ്, മീഡിയ ഹെഡ് ബിജു കൊട്ടാരത്തിൽ, യൂസുഫലിയുടെ സെക്രട്ടറി ഇ.എ. ഹാരിസ്, തിരുവനന്തപുരം റീജനൽ ഡയറക്ടർ ജോയ് ഷഡാനന്ദൻ, മീഡിയ കോഓഡിനേറ്റർ എൻ.ബി. സ്വരാജ്, ഗാന്ധിഭവന് വൈസ് ചെയര്മാന് പി.എസ്. അമല്‍രാജ് എന്നിവരും പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.