Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉമ്മയെ നെഞ്ചോട്...

ഉമ്മയെ നെഞ്ചോട് ചേർത്ത് പൊട്ടിക്കരഞ്ഞ റഹീമിനെ കവിളിലൊരുമ്മ നൽകി സ്വീകരിച്ചു; 20-വർഷത്തെ കാത്തിരിപ്പിന് വിരാമം, വീട്ടിൽ വൈകാരിക നിമിഷങ്ങൾ...

text_fields
bookmark_border
20 years of waiting end at Karipur Abdul Rahim returns home to Kerala after two decades in Saudi prison
cancel

കോഴിക്കോട്: ഉമ്മയെ നെഞ്ചോട് ചേർത്ത് പൊട്ടിക്കരഞ്ഞ റഹീമിനെ കവിളിലൊരുമ്മ നൽകി പാത്തുമ്മ. കണ്ടു​നിന്നവരുടെ കണ്ണുകളും നിറഞ്ഞൊഴുകി. നീണ്ട 20-വർഷത്തെ കാത്തിരിപ്പിനാണ് വിരാമമായത്. കോടമ്പുഴയിലെ വീട്ടുമുറ്റത്ത് കാലുകുത്തുമ്പോൾ റഹീമിന്റെ കണ്ണു നിറഞ്ഞിരുന്നു. ഇന്നുവരും നാ​ളെവരുമെന്ന് പ്രതീക്ഷിച്ച് ഉറക്കമൊഴിച്ച് കാത്തിരുന്ന പാത്തുമ്മ ഒരു വിറയലോടെ മകന്റെ നെഞ്ചിൽ ചാഞ്ഞു. അതെ, ഒടുവിൽ ഉമ്മയുടെ സ്‌നേഹത്തണലിലേക്ക് അബ്ദുൽ റഹീം പറന്നിറങ്ങി. ‘ഉമ്മാ ​ഞാനെത്തി’ എന്നാണ് റഹീം ആദ്യമായി പാത്തുമ്മയോട് പറഞ്ഞത്. പിന്നെ പൊട്ടിക്കരച്ചിലായി. ബന്ധുക്കളിൽ പലരും റഹീമിനെ ആദ്യമായിട്ടായിരുന്നു കാണുന്നത്. അവർക്ക്പോലും ആ നിമിഷം കണ്ണീരോടെയല്ലാതെ മറികടക്കാൻ ആയില്ല. നാട്ടുകാർക്ക് കൈകാണിച്ച റഹിം സഹായിച്ച എല്ലാവരോടും നന്ദിപറഞ്ഞു. 20-വർഷ​ം മുൻപ് കണ്ടവരെ റഹീം തിരിച്ചറിയുന്നുണ്ടായിരുന്നു. ഇന്നലെ മകന്റെ മടങ്ങിവരവ് അറിയിക്കാനെത്തിയ എല്ലാവരോടും, ‘മകൻ ഈ വീട്ടിലെത്തി, ഉമ്മാ എന്ന് വിളിച്ചാൽ മാത്രമേ ഞാൻ വിശ്വസിക്കൂ’ എന്നായിരുന്നു പാത്തുമ്മ പറഞ്ഞത്.

മരണശിക്ഷയിൽനിന്ന് ജീവൻ തിരിച്ചുപിടിച്ച കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീം ഇന്ന് രാവിലെയാണ് ജന്മനാട്ടിലെത്തിയത്. രണ്ട് പതിറ്റാണ്ടുകാലത്തെ നീണ്ട ജയിൽവാസത്തിന് ശേഷം രാവിലെ 7.35ഓടെ എയർ ഇന്ത്യ എക്സ്പ്രസിൽ കരിപ്പൂരിൽ വിമാനമിറങ്ങി. വിമാനത്താവളത്തിൽനിന്ന് പുറത്തിറങ്ങിയ ശേഷം അദ്ദേഹം എല്ലാവർക്കും നന്ദി പറഞ്ഞു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രതികരിച്ചത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും റഹീം സഹായ സമിതി ട്രസ്​റ്റ്​ ഭാരവാഹികളും നാട്ടുകാരും ഉൾപ്പെടെ വൻ ജനാവലി റഹീമിനെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തി. വിമാനത്താവളത്തിൽനിന്ന് അദ്ദേഹം കോടമ്പുഴയിലെ വീട്ടിലേക്ക് തിരിച്ചു.

ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തി​െൻറ കാരുണ്യത്തിലും ഒത്തൊരുമയിലുമാണ് ഉമ്മയുടെയും കുടുംബത്തി​ന്റെയും കാത്തിരിപ്പിലേക്ക് റഹീം മടങ്ങിയെത്തുന്നത്. നിയമനടപടികൾ പൂർത്തിയാക്കി ബുധനാഴ്​ച രാത്രിയോടെ റിയാദിലെ ജയിലിൽനിന്ന്​ മോചിതനായ റഹീം, കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസി​െൻറ ഐ.എക്​സ്​ 322 വിമാനത്തിലാണ് യാത്ര തിരിച്ചത്. റഹീമിന്റെ കുടുംബത്തി​ന്റെ പവർ ഓഫ് അറ്റോണിയായ സിദ്ധിഖ് തുവ്വൂരും കുടുംബവും യാത്രയിൽ അദ്ദേഹത്തെ അനുഗമിച്ചിരുന്നു.

ഇക്കഴിഞ്ഞ മെയ് 26-നാണ്​ റഹീമി​െൻറ മോചന ഉത്തരവ് ഇറങ്ങുകയും എക്സിറ്റ് വിസ ലഭ്യമാവുകയും ചെയ്തത്. ഇതോടെ സഹായ സമിതി നാട്ടിലേക്കുള്ള യാത്രാനടപടികൾ വേഗത്തിലാക്കിയിരുന്നു. ബുധനാഴ്​ച ഉച്ചയോടെ ജയിലിൽ നിന്നും നാടുകടത്തൽ സെല്ലിലേക്ക് മാറ്റിയ റഹീമിനെ, രാത്രിയോടെ വിമാനത്താവളത്തിൽ എത്തിച്ച് വിരലടയാളം രേഖപ്പെടുത്തൽ ഉൾപ്പെടെയുള്ള ഇമിഗ്രേഷൻ നടപടികൾ ഏറെ വൈകി പൂർത്തിയാക്കിയ ശേഷമാണ് വിമാനത്തിൽ കയറ്റിയത്.

റിയാദ് അൽ ഖർജ് റോഡിലെ ഇസ്കാൻ ജയിലിലായിരുന്ന റഹീം, സൗദി ബാലൻ മരിച്ച കേസിൽ 20 വർഷത്തെ ശിക്ഷാ കാലാവധി പൂർത്തിയാക്കിയാണ് മടങ്ങുന്നത്. 2006 നവംബറിൽ ഹൗസ് ഡ്രൈവർ വിസയിൽ റിയാദിൽ എത്തിയ റഹീം, സ്പോൺസറുടെ ശാരീരിക ബുദ്ധിമുട്ടുകളുള്ള മകനെ പരിചരിക്കുന്നതിനിടയിലാണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്.

വാഹനത്തിൽ വെച്ച് കുട്ടി അക്രമാസക്തനാകാൻ ശ്രമിച്ചപ്പോൾ തടയുന്നതിനിടെ, അബദ്ധത്തിൽ കൈതട്ടി കുട്ടിയുടെ കഴുത്തിൽ ഘടിപ്പിച്ചിരുന്ന മെഡിക്കൽ ഉപകരണം തകരാറിലാവുകയും ശ്വാസതടസ്സം മൂലം കുട്ടി മരണപ്പെടുകയുമായിരുന്നു. സംഭവത്തിൽ അറസ്​റ്റിലായ റഹീമിന് കോടതി വധശിക്ഷ വിധിക്കുകയും അപ്പീൽ കോടതി അത് ശരിവെക്കുകയും ചെയ്തു.

വധശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ കുട്ടിയുടെ കുടുംബം ‘ദിയാധനം’ സ്വീകരിച്ച് മാപ്പ് നൽകുക മാത്രമായിരുന്നു ഏക വഴി. തുടക്കത്തിൽ വിധി നടപ്പാക്കണമെന്ന നിലപാടിലായിരുന്ന കുട്ടിയുടെ കുടുംബവുമായി, റിയാദ് പൊതുസമൂഹത്തി​െൻറ പിന്തുണയോടെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും പൊതുപ്രവർത്തകരും നിരന്തരം ചർച്ചകൾ നടത്തി.

ഇതിനിടെ സുപ്രീം കോടതിയിൽ നിന്ന് താൽക്കാലിക സ്​റ്റേ സമ്പാദിച്ചെങ്കിലും അത് നീക്കാൻ വാദിഭാഗം ആവശ്യപ്പെട്ടതോടെ റഹീമി​െൻറ ജീവൻ വീണ്ടും അപകടത്തിലായി. എന്നാൽ കമ്മിറ്റി ശ്രമങ്ങൾ തുടരുകയും ഒടുവിൽ 15 മില്യൺ സൗദി റിയാൽ (34 കോടിയിലേറെ ഇന്ത്യൻ രൂപ) ദിയാധനമായി നൽകിയാൽ മാപ്പ് നൽകാമെന്ന് കുട്ടിയുടെ കുടുംബം സമ്മതിക്കുകയുമായിരുന്നു.

ഇത്രയും വലിയ തുക സമയബന്ധിതമായി കണ്ടെത്തുക അസാധ്യമെന്ന് തോന്നിച്ചെങ്കിലും, ആഗോള മലയാളി സമൂഹം ഒത്തൊരുമയോടെ കൈകോർത്തതോടെയാണ് ലോകത്തെത്തന്നെ അത്ഭുതപ്പെടുത്തിയ മഹാ ദൗത്യം വിജയത്തിലെത്തിയത്. 2024-ൽ സമാനമായ ഒരു ചെറിയ പെരുന്നാൾ കാലത്താണ് റഹീമിനായുള്ള ഫണ്ട് സമാഹരണം പൂർത്തിയായത്.

റമദാൻ 27 മുതൽ ഒഴുകി വന്ന തുക ലക്ഷ്യത്തിലെത്തിയത് ഒരു പെരുന്നാൾ ദിനം ഉച്ചയോടെയായിരുന്നു. റഹീമി​െൻറ മോചനത്തിന് ശേഷമുള്ള നാട്ടിലേക്കുള്ള മടക്കയാത്രയും ഒരു പെരുന്നാൾ ദിനത്തിലായത് തികച്ചും യാദൃച്ഛികമായി. ആഗോള മലയാളി സമൂഹം ഒന്നടങ്കം നെഞ്ചിലേറ്റിയ ഒരു മഹാ ജീവകാരുണ്യ ദൗത്യത്തി​െൻറ ശുഭപര്യവസാനമാണ് റഹീമി​െൻറ ഈ ജന്മനാട്ടിലേക്കുള്ള മടക്കം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abdul Rahim
News Summary - 20 years of waiting end at Karipur: Abdul Rahim returns home to Kerala after two decades in Saudi prison
Next Story